Quantcast

കുരുമുളക് സ്‌പ്രേ മാരകം, സ്വയരക്ഷയ്ക്ക് ഉപയോഗിക്കാനാവില്ല: കർണാടക ഹൈക്കോടതി

ഒരു വസ്തുതർക്കത്തിലാണ് കോടതിയുടെ നിർണായക നിരീക്ഷണം

MediaOne Logo

Web Desk

  • Published:

    8 May 2024 11:05 AM GMT

Pepper spray can’t be used for self-defence: Karnataka High Court
X

ബംഗളൂരു: കുരുമുളക് സ്‌പ്രേ മാരകായുധമാണെന്നും സ്വയരക്ഷയ്ക്ക് ഉപയോഗിക്കരുതെന്നും കർണാടക ഹൈക്കോടതി. സി കൃഷ്ണയ്യ ചെട്ടി കമ്പനി ലിമിറ്റഡ് ഉടമയ്ക്കും ഭാര്യയ്ക്കും എതിരായ കേസിലായിരുന്നു ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. കുരുമുളക് സ്‌പ്രേ ഉപയോഗിച്ചതിൽ ഇരുവർക്കുമെതിരായ ക്രിമിനൽ കേസ് തള്ളണമെന്ന ഹരജി കോടതി തള്ളി.

കൃഷ്ണയ്യ ചെട്ടിയും ഭാര്യ വിദ്യയും ഭാഗമായ ഒരു വസ്തുതർക്കത്തിലാണ് കോടതി നിർണായക നിരീക്ഷണം നടത്തിയിരിക്കുന്നത്. തർക്കഭൂമിയിലെ മതിലിൽ കൂടി കടക്കുന്നതിന് ഇവർക്ക് കോടതിയിൽ നിന്ന് വിലക്കുണ്ടായിരുന്നു. എന്നാൽ പ്രത്യേക ഉത്തരവ് വാങ്ങി എതിർകക്ഷിയുടെ ആളുകൾ മതിലിനുള്ളിൽ കടന്നു. തുടർന്ന് ഇവരുമായി ചെട്ടിയും വിദ്യയും തർക്കത്തിലേർപ്പെടുകയും തർക്കം മൂത്ത് വിദ്യ എതിർ വിഭാഗത്തിൽ പെട്ട ജോലിക്കാരന് നേരെ കുരുമുളക് സ്‌പ്രേ ഉപയോഗിക്കുകയുമായിരുന്നു.

സ്വയ രക്ഷയ്ക്കായാണ് സ്‌പ്രേ ഉപയോഗിച്ചത് എന്നായിരുന്നു പ്രതികളുടെ വാദം. വഴക്കിനിടെ പരിക്ക് പറ്റിയത് ചൂണ്ടിക്കാട്ടി ഇവർ കേസും ഫയൽ ചെയ്തു. എന്നാൽ പിറ്റേ ദിവസം കുരുമുളക് സ്‌പ്രേ ഉപയോഗിച്ചതിന് ഇവർക്കെതിരെയും കേസെത്തി. സ്വയരക്ഷയ്ക്കായി ഉപയോഗിച്ചതിനാൽ കേസെടുക്കാൻ സാധിക്കില്ലെന്ന് ചെട്ടിയുടെ അഭിഭാഷകൻ വാദിച്ചെങ്കിലും സ്വയ രക്ഷയ്ക്കുള്ള അവകാശം ദമ്പതികൾ ദുരുപയോഗം ചെയ്തുവെന്നായിരുന്നു എതിർഭാഗം അഭിഭാഷകരുടെ വാദം. ഐപിസി പ്രകാരം കുരുമുളക് സ്‌പ്രേ മാരകായുധമാണെന്നും ഇവർ ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ കുരുമുളക് സ്‌പ്രേ ആക്രമണം മാരകായുധമായി ചൂണ്ടിക്കാട്ടി കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും അമേരിക്കയിൽ ഇത്തരമൊരു കേസ് ഉണ്ടായിട്ടുണ്ടെന്നാണ് കേസിൽ വാദം കേൾക്കവേ കോടതി നിരീക്ഷിച്ചത്. ദമ്പതികളിൽ യുവതിയുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ ആക്രമണമൊന്നും ഉണ്ടായില്ലെന്നും അതുകൊണ്ട് തന്നെ പ്രഥമ ദൃഷ്ട്യാ സ്വയ രക്ഷയുടെ ആവശ്യമുണ്ടായില്ലെന്നുമായിരുന്നു കോടതിയുടെ വിലയിരുത്തൽ.

TAGS :

Next Story