ഒമ്പത് വോൾട്ട് രണ്ട് ബാറ്ററി വാങ്ങിക്കൊടുത്തതിന് വധശിക്ഷ, രാജീവ്ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ കഥ
1991 ലാണ് പേരറിവാളനെന്ന അറിവ് അറസ്റ്റിലാകുന്നത്. അന്ന് 19 വയസ്സായിരുന്നു അദ്ദേഹത്തിന്
മുൻപ്രധാനമന്ത്രി രാജീവ്ഗാന്ധിയെ കൊലപ്പെടുത്താനെത്തിയ എൽടിടിഇ സംഘത്തിലൊരാളായ ശിവരാസന് ഒമ്പത് വോൾട്ടിന്റെ രണ്ട് ബാറ്ററി വാങ്ങിക്കൊടുത്തതായിരുന്നു 32 വർഷത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ പേരറിവാളനെതിരെയുള്ള കുറ്റം. 1991 ലാണ് പേരറിവാളനെന്ന അറിവ് അറസ്റ്റിലാകുന്നത്. അന്ന് 19 വയസ്സായിരുന്നു അദ്ദേഹത്തിന്. താൻ വാങ്ങിക്കൊടുത്ത ബാറ്ററി എന്തിനാണ് ഉപയോഗിക്കാൻ പോകുന്നതെന്ന് ഇദ്ദേഹത്തിന് അറിയുമായിരുന്നില്ല. ഇക്കാര്യം സിബിഐക്ക് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. എന്നാൽ റിപ്പോർട്ടിൽ അവർ ഉൾപ്പെടുത്തിയിരുന്നില്ല. പൂർണമല്ലാത്ത ഈ കുറ്റസമ്മതമൊഴിയാണ് ഇദ്ദേഹത്തിന് കടുത്ത ശിക്ഷ ലഭിക്കാൻ ഇടയാക്കിയത്. എന്നാൽ പിന്നീട് ഇക്കാര്യം സിബിഐ ഓഫിസർ ത്യാഗരാജൻ തുറന്നുപറഞ്ഞിട്ടും ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നില്ല. തുടർന്ന് പേരറിവാളന്റെ അമ്മയുടെ നിയമപോരാട്ടമാണ് ജാമ്യം ലഭിക്കാൻ വഴിയൊരുക്കിയത്. നിയമപോരാട്ടം നടത്തിയിരുന്നെങ്കിലും ജാമ്യം ലഭിക്കുമെന്ന് കുടുംബം പ്രതീക്ഷിച്ചിരുന്നില്ല. അവിചാരിതമായാണ് അനുകൂല വിധി വന്നിരിക്കുന്നത്.
പേരറിവാളനടക്കം രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾക്കെല്ലാം വധശിക്ഷയാണ് വിധിക്കപ്പെട്ടിരുന്നത്. കേസിൽ പങ്കാളിയെന്ന് വിലയിരുത്തി പേരറിവാളന് വിധിക്കപ്പെട്ട വധശിക്ഷ 2014ലാണ് സുപ്രീം കോടതി ഇളവ് ചെയ്ത് ജീവപര്യന്തമാക്കി കുറച്ചത്. മറ്റുള്ളവരുടെയും ശിക്ഷ കുറച്ചിരുന്നു.
തമിഴ്‌നാട്ടിലെ ശ്രീപെരുപുതൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തിയപ്പോഴാണ് രാജീവ് ഗാന്ധി എൽടിടിഇ തീവ്രവാദികളാൽ കൊല്ലപ്പെട്ടത്. രാജീവ് ഗാന്ധി വിജയിച്ചാൽ ശ്രീലങ്കയിൽ വീണ്ടും സൈനിക ഇടപെടൽ നടത്തുമോയെന്ന ഭയമായിരുന്നു കൊലപാതകത്തിന് പിന്നിലെ കാരണം. നേരത്തെ രാജീവ് ഗാന്ധിയുടെ ഭരണത്തിന് കീഴിൽ തമിഴ്പുലികളെ നിരായുധരാക്കാൻ നടത്തിയ സൈനിക ഇടപെടലിൽ അതിക്രമങ്ങളുണ്ടായതായി അവർ ആരോപിച്ചിരുന്നു. പ്രതി 30 വർഷത്തിലധികം ജയിലിൽ കഴിഞ്ഞതിനാൽ ജാമ്യത്തിന് അർഹത ഉണ്ടെന്ന് വിലയിരുത്തിയാണ് സുപ്രിംകോടതി ജാമ്യം നൽകിയത്. വിചാരണ കോടതി നിർദേശിക്കുന്ന ഉപാധികൾ പാലിക്കണമെന്ന് കോടതി നിർദേശിച്ചു. എല്ലാ മാസവും സിബിഐ ഓഫീസർക്ക് മുന്നിൽ റിപ്പോർട്ട് ചെയ്യണമെന്നും പറഞ്ഞു.
വധക്കേസിലെ പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി രാഷ്ട്രപതിക്ക് കത്തെഴുതി
രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രാഷ്ട്രപതിക്ക് കത്തെഴുതിയിരുന്നു. 2018ൽ തമിഴ്നാട് സർക്കാർ മുന്നോട്ടുവച്ച നിർദേശം അംഗീകരിച്ച് പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷയിൽ ഇളവ് ചെയ്യണമെന്നും സ്റ്റാലിൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു. എസ് നളിനി, മുരുഗൻ, ശാന്തൻ, പേരറിവാളൻ, ജയകുമാർ, റോബർട്ട് പയസ്, രവിചന്ദ്രൻ എന്നിവരെ ഉടൻ തന്നെ മോചിപ്പിക്കണമെന്നാണ് കത്തിൽ അപേക്ഷിച്ചിരുന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി കാരാഗ്രഹത്തിന്റെ യാതന തിന്നു ജീവിക്കുകയാണ് ഏഴുപേരുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. പറഞ്ഞറിയിക്കാനാകാത്തത്ര വേദനയും പ്രയാസങ്ങളും ഇവർ അനുഭവിച്ചുകഴിഞ്ഞിട്ടുണ്ട്. കേസിൽ മാപ്പപേക്ഷിച്ചുള്ള ഇവരുടെ അപേക്ഷ പരിഗണിക്കുന്ന കാര്യത്തിൽ കൂടുതൽ കാലതാമസം നേരിടുകയുമാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ജയിലുകളിലെ തിരക്കു കുറയ്ക്കേണ്ട ആവശ്യം കോടതി തന്നെ അംഗീകരിച്ചതാണെന്നും കത്തിൽ സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
ഒരേ നിയമപ്രകാരം കുടുങ്ങി സഞ്ജയ് ദത്തും പേരറിവാളനും; ജാമ്യം ലഭിച്ചത് രണ്ടുരീതിയിൽ
ആയുധനിയമപ്രകാരം ജയിലിലായ എ.ജി പേരറിവാളൻ, അതേകേസിൽ കുടുങ്ങിയ ബോളിവുഡ് നടൻ സഞ്ജയ് ദത്തിന്റെ മോചനവിവരങ്ങൾ തേടി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സഞ്ജയ് ദത്തിന് മോചനം ലഭിച്ചിട്ടും 29 വർഷമായി ജയിലിൽ കഴിഞ്ഞപ്പോഴാണ് ഈ നീക്കം പേരറിവാളൻ നടത്തിയത്. യെർവാഡ ജയിൽ അധികൃതരിൽ നിന്ന് വിവരാവകാശനിയമപ്രകാരം സഞ്ജയ് ദത്തിന്റെ മോചനവിവരങ്ങൾ അറിയാൻ 2016ൽ പേരറിവാളൻ ശ്രമം നടത്തിയിരുന്നു. അതേ ആവശ്യമുന്നയിച്ച് 2020 ജൂലൈ 28നാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
കേന്ദ്രത്തിന്റെ അനുമതിയില്ലാതെയാണ് സഞ്ജയ് ദത്തിനെ മഹാരാഷ്ട്രാ സർക്കാർ മോചിപ്പിച്ചത്. കേന്ദ്ര അനുമതിയില്ലാതെ പേരറിവാളനെ മോചിപ്പിക്കാനാവില്ലെന്നാണ് തമിഴ്‌നാട് സർക്കാർ പറയുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ്, ദത്തിന്റെ മോചനത്തിന്റെ വിശദാംശങ്ങൾ തേടുന്നതെന്ന് പേരറിവാളന്റെ അഭിഭാഷകൻ കെ ശിവകുമാർ പറഞ്ഞിരുന്നു. ദത്തിനെ മോചിപ്പിച്ചത് ഭരണഘടനയിലെ 161 അനുച്ഛേദം അനുസരിച്ചാണോ അതോ മഹാരാഷ്ട്രാ ജയിൽ നിയമങ്ങൾ അനുസരിച്ചാണോ അതുമല്ലെങ്കിൽ സിആർപിസി പ്രകാരമാണോ എന്നു വ്യക്തമാക്കണമെന്നും പേരറിവാളൻ ആവശ്യപ്പെട്ടിരുന്നു.
Perarivalan, who was released on bail after 32 years, was charged with buying two batteries of nine volts.
Adjust Story Font
16