വ്യക്തിഗത മൊബൈൽ ഡാറ്റ ഉപഭോഗം; അഞ്ച് വർഷത്തിൽ ഉയർന്നത് നാലിരട്ടി
കഴിഞ്ഞ മാസം രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കൾ റീചാർജ് നിരക്ക് ഉയർത്തിയിരുന്നു
ന്യൂഡൽഹി: ഇന്ത്യയിലെ ഒരു വ്യക്തിയുടെ മൊബൈൽ ഡാറ്റ ഉപഭോഗം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നാലിരട്ടിയായി വർധിച്ചു. ഇത് പ്രതിമാസം അഞ്ച് ജിബിയിൽ നിന്ന് 20 ജിബിയായി ഉയർന്നതായി വോഡഫോൺ ഐഡിയ സി.ഒ.ഒ അഭിജിത് കിഷോർ ചണ്ഡീഗഡ് ആസ്ഥാനമായുള്ള പത്രമായ ദി ട്രിബ്യൂണിനോട് പറഞ്ഞു.
ഉള്ളടക്കത്തിൻ്റെ വ്യാപനം, നെറ്റ്‌വർക്ക് വിപുലീകരണം, ആളുകൾക്ക് താങ്ങാനാവുന്ന ഡാറ്റാ പ്ലാനുകൾ, ചെറിയ വിലയുള്ള മൊബൈലുകളുടെ വിശാലമായ ശ്രേണി തുടങ്ങിയ ഘടകങ്ങളാണ് ഉപഭോഗത്തിലെ കുതിച്ചുചാട്ടത്തെ നയിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെയും ഓൺലൈൻ ഗെയിമിങിൻ്റെയും വളർച്ച, ക്രിക്കറ്റ് ലോകകപ്പ്, ഫുട്ബോൾ ലോകകപ്പ് തുടങ്ങിയ മെഗാ കായിക ഇനങ്ങളുടെ തത്സമയ സ്ട്രീമിങ് തുടങ്ങിയവയും ഡാറ്റ ഉപഭോഗം വർധിപ്പിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ഡാറ്റാ ഉപഭോഗം പ്രതിവർഷം 20 ശതമാനം വർധിച്ചതായി നോക്കിയ ഇന്ത്യയുടെ മാർക്കറ്റിങ് ആൻഡ് കോർപ്പറേറ്റ് അഫയേഴ്‌സ് മേധാവി അമിത് മർവ പറഞ്ഞു. ലോകത്തിലെ ഏറ്റവും ഉയർന്ന ഡാറ്റ ഉപഭോഗങ്ങളിലൊന്നാണിത്. ശരാശരി, ഒരു വ്യക്തിഗത വരിക്കാരൻ പ്രതിമാസം 24 ജി.ബി ഡാറ്റ ഉപയോഗിക്കുന്നെന്നും ഇന്ത്യയിലെ ഡാറ്റ ഉപഭോഗം വളരെ കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും കുറഞ്ഞ താരിഫ് നിരക്കുകളിൽ ഒന്നായതിനാൽ, ഉയർന്ന ഡാറ്റ ഉപയോഗത്തിൽ അതിശയിക്കാനില്ല. എന്നാൽ പുതിയ താരിഫ് വർധനയ്ക്ക് ശേഷം ഡാറ്റാ ഉപയോഗത്തിലെ വളർച്ച ഭാവിയിൽ തടസ്സമില്ലാതെ തുടരുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.
കഴിഞ്ഞ മാസം, ഇന്ത്യയിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ, ഭാരതി എയർടെൽ, വി.ഐ തുടങ്ങിയവർ മൊബൈല്‍ നിരക്ക് കുത്തനെ കൂട്ടിയിരുന്നു. ജിയോ 12 ശതമാനം മുതൽ 27 ശതമാനം വരെയാണ് താരിഫ് ഉയർത്തിയത്. അൺലിമിറ്റഡ് സൗജന്യ 5ജി സേവനങ്ങളിലേക്കുള്ള പ്രവേശനം ജിയോ നിയന്ത്രിക്കുകയും ചെയ്തു. എയർടെൽ, പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് മൊബൈൽ താരിഫുകളിൽ 10 മുതൽ 21 ശതമാനം വരെയാണ് വർധനവ്.
ഏകദേശം മൂന്ന് വർഷത്തിനിടെ ഇതാദ്യമായാണ് ടെലികോം കമ്പനികൾ താരിഫ് ഉയർത്തുന്നത്. ജൂലൈ മൂന്ന് മുതലാണ് പുതിയ റീചാർജ് പ്ലാനുകൾ നിലവിൽ വന്നത്.
Adjust Story Font
16