Quantcast

പൗരത്വ സർട്ടിഫിക്കറ്റ് വിതരണം: കേന്ദ്രത്തിനെതിരെ ഹരജിക്കാർ സുപ്രിംകോടതിയെ സമീപിക്കും

പൗരത്വ ഭേദ​ഗതി നിയമവുമായി ബന്ധപ്പെട്ട ഹരജികൾ കോടതിയുടെ പരിഗണനയിലിരിക്കുന്നതിനിടയിൽ കേ​ന്ദ്രസർക്കാരിന്റെ നടപടി റദ്ദാക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടും

MediaOne Logo

Web Desk

  • Published:

    16 May 2024 5:04 AM GMT

caa certificate
X

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയ​മപ്രകാരമുള്ള പൗരത്വ സർട്ടിഫിക്കറ്റ് വിതരണം ചെയ്ത കേന്ദ്ര നടപടിക്കെതിരെ ഹരജിക്കാർ സുപ്രിംകോടതിയെ സമീപിക്കും. പൗരത്വ ഭേദ​ഗതി നിയമവുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്ക​​ുന്നതിനിടയിൽ കേ​ന്ദ്രസർക്കാർ നടപടി റദ്ദാക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടും.കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തലയും സുപ്രിംകോടതിയിൽ ഹരജി നൽകും.

പൗരത്വ​ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്‍ലിം ലീഗ്, സി.പി.എം സി.പി.ഐ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്ലീം സംഘടനകള്‍ എന്നിവരടക്കം 200-ലധികം ഹരജികളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്.

ഇന്നലെയാണ് പൗരത്വ സർട്ടിഫിക്കറ്റ് കേന്ദ്രം നൽകി തുടങ്ങിയത്.ഡൽഹിയിലെ 14 പേർക്കാണ് ആദ്യഘട്ടത്തിൽ പൗരത്വ സർട്ടിഫിക്കറ്റ് നൽകിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് സർട്ടിഫിക്കറ്റ് കൈമാറിയത്. ആദ്യം അപേക്ഷിച്ചവർക്കാണ് പൗരത്വം നൽകിയതെന്ന് കേന്ദ്രം അറിയിച്ചു. മാർച്ച് 11 നാണ് കേന്ദ്രസർക്കാർ സിഎഎ വിജ്ഞാപനം പുറത്തിറക്കിയത്.

നിയമം പ്രാബല്യത്തിൽ വന്നതുമുതൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വലിയ പ്രതിഷേധമാണ് നടന്നത്. നിയമം നടപ്പാക്കില്ലെന്ന് ആവർത്തിക്കുന്ന കേരളം ഇതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പിന് മുൻപ് വിജ്ഞാപനം ഇറക്കിയത് വർഗീയ വികാരം കുത്തിയിളക്കാനാണെന്നും പൗരന്മാരെ പല തട്ടുകളാക്കാനുള്ള നീക്കം ഒറ്റക്കെട്ടായി എതിർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംഭവത്തിൽ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗും നേരത്തേ അറിയിച്ചിരുന്നു.

TAGS :

Next Story