തമിഴ്‌നാട്ടിൽ ആർ.എസ്.എസ് നേതാക്കളുടെ വീടുകള്‍ക്കുനേരെ പെട്രോൾ ബോംബേറ്
24 മണിക്കൂറിനിടെ മൂന്ന് ആർ.എസ്.എസ് ഭാരവാഹികളുടെ വീടുകൾക്കുനേരെയാണ് ആക്രണം നടന്നത്
ചെന്നൈ: തമിഴ്‌നാട്ടിൽ ആർ.എസ്.എസ് നേതാവിന്റെ വീടിനുനേരെ അജ്ഞാതസംഘം പെട്രോൾ ബോംബെറിഞ്ഞു. ചെന്നൈയ്ക്കടുത്ത് തമ്പാരത്താണ് സംഭവം. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മൂന്നാമത്തെ സംഭവമാണിതെന്ന് പൊലീസ് പറഞ്ഞു.
ആർ.എസ്.എസ് ജില്ലാ കോഓഡിനേറ്ററായ സീതാരാമന്റെ വസതിക്കുനേരെയാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണമുണ്ടായത്. ഉഗ്രശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് ഒാടിയെത്തിയപ്പോൾ തീ ആളിക്കത്തുന്നതാണ് കണ്ടത്. ഷോർട്ട് സർക്യൂട്ട് ആകുമെന്നാണ് ആദ്യം കരുതിയത്. പൊലീസ് സ്ഥലത്തെത്തി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു. അക്രമികളുടെ വിഡിയോ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കോയമ്പത്തൂരിലെ കോവൈപുദൂരിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇവിടത്തെ പ്രാദേശിക ആർ.എസ്.എസ് നേതാവിന്റെ വീടിനുനേരെയായിരുന്നു ആക്രമണം നടന്നത്. സംഭവത്തെ തുടർന്ന് മേഖലയിൽ സുരക്ഷ ശക്തമാക്കിയിരുന്നു. തമിഴ്‌നാട്ടിൽ തന്നെ കുനിയമുത്തൂരിലും ഒരു ബി.ജെ.പി പ്രവർത്തകന്റെ വീടിനുനേരെ ബോംബേറുണ്ടായിരുന്നു. ആക്രമണത്തിൽ വീടിനു പുറത്ത് നിർത്തിയിട്ടിരുന്ന കാറിനു കേടുപാടുകൾ സംഭവിച്ചു. ബി.ജെ.പി ഓഫിസുകൾക്കുനേരെ ആക്രമണമുണ്ടായതായും ആരോപണമുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പോപുലർ ഫ്രണ്ട് ഓഫിസുകളും നേതാക്കന്മാരുടെ വസതികളിലും നടന്ന റെയ്ഡിനു പിന്നാലെയാണ് ആക്രമണങ്ങൾ നടന്നതെന്ന് ബി.ജെ.പി നേതാവ് നന്ദകുമാർ ആരോപിച്ചു. മണ്ണെണ്ണ നിറച്ച ബോട്ടിൽ ബോംബുകൾ കൊണ്ടാണ് ബി.ജെ.പി ഓഫിസുകൾക്കുനേരെ ആക്രമണമുണ്ടായതെന്ന് തമിഴ്‌നാട് ഘടകം ബി.ജെ.പി കിസാൻ മോർച്ച അധ്യക്ഷൻ പറഞ്ഞു.
Summary: Petrol bomb hurled at RSS member's house in Chennai
Adjust Story Font
16