പണം നൽകുന്നതിനെചൊല്ലി തർക്കം; പെട്രോൾ പമ്പ് ജീവനക്കാരനെ കാർ യാത്രക്കാർ മർദിച്ചു കൊന്നു
യു.പി.ഐ പേയ്‌മെന്റ് പ്രവർത്തിക്കുന്നില്ലെന്ന് ജീവനക്കാരന്‍ പറഞ്ഞതാണ് തകര്‍ക്കത്തിനിടയാക്കിയത്
ഹൈദരാബാദ്: കാറിൽ ഇന്ധനം നിറച്ച പണം നൽകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോൾ പമ്പ് ജീവനക്കാരൻ മർദനമേറ്റ് മരിച്ചു. ഹൈദരാബാദിലെ നർസിങ്ങിലാണ് സംഭവം.സഞ്ജയ് എന്നയാളാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് കാർ യാത്രക്കാരായ മൂന്ന് പേർ ചേർന്ന് പെട്രോൾ പമ്പ് ജീവനക്കാരനെ മർദിച്ചത്.
ഇന്ധനം നിറച്ച ശേഷം പണം ഓൺലൈനായി നൽകാമെന്ന് പറഞ്ഞു. എന്നാല്‍ യുപിഐ പേയ്‌മെന്റ് പ്രവർത്തിക്കുന്നില്ലെന്ന് ജീവനക്കാരന്‍ പറഞ്ഞതാണ് തകര്‍ക്കത്തിനിടയാക്കിയത് . തുടർന്ന് കാർ യാത്രക്കാരായ മൂന്ന് പേരും ജീവനക്കാരനെ ക്രൂരമായി മർദിച്ചു. ഇവിടെ നിന്ന് ഓടി രക്ഷപ്പെടാൻ നോക്കിയെങ്കിലും മർദനം തുടർന്നു. ഒടുവിൽ പെട്രോൾ പമ്പ് ജീവനക്കാരൻ കുഴഞ്ഞുവീഴുകയായിരുന്നു. ഇതോടെ പ്രതികളായ മൂന്നുപേരുംസംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. കുഴഞ്ഞ് വീണ ജീവനക്കാരനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ പ്രതികളായ മൂന്നുപേർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണെന്ന് നർസിങ്ങി സിഐ ശിവകുമാർ പറഞ്ഞു. ഇതുവരെ പരാതിയും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാലുടൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കുമാർ കൂട്ടിച്ചേർത്തു. ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.
Adjust Story Font
16