Quantcast

'വോട്ട് മാറ്റത്തിന്; വിദ്വേഷത്തിനല്ല'-ബെംഗളൂരുവിൽ ഒറ്റയ്ക്ക് കാൽനട പ്രചാരണവുമായി 'പെട്രോൾ അങ്കിൾ'

വാഹനങ്ങളിൽ ഇന്ധനം തീർന്നു പെരുവഴിയിലാകുന്ന യാത്രക്കാർക്ക് പെട്രോൾ എത്തിച്ചുനൽകിയാണ് സേട്ട് ജനശ്രദ്ധ നേടുന്നത്

MediaOne Logo

Web Desk

  • Published:

    26 April 2024 11:18 AM GMT

‘Petrol Uncle’ walks with placard to ‘vote for change, not for hate’ in Bengaluru, Elections 2024, Lok Sabha 2024, petrol uncle election campaign
X

ബെംഗളൂരു: വിദ്വേഷത്തിനു വോട്ടില്ലെന്ന് പ്രഖ്യാപിച്ച് ഒറ്റയാൾ പ്രചാരണവുമായി സന്നദ്ധ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ വയോധികൻ. 'വോട്ട് മാറ്റത്തിന്, വിദ്വേഷത്തിനല്ല' എന്ന് എഴുതിയ പ്ലക്കാർഡ് ഉയർത്തി ബെംഗളൂരു നഗരത്തിലൂടെ സഞ്ചരിക്കുന്ന വയോധികന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 'പെട്രോൾ അങ്കിൾ' എന്ന പേരിൽ പ്രശസ്തനായ മുഹമ്മദ് ആരിഫ് സേട്ട് ആണ് തെരഞ്ഞെടുപ്പ് കാലത്ത് പുതിയ സന്ദേശമുയർത്തി നഗരത്തിലൂടെ ചുറ്റിനടക്കുന്നത്.

വാഹനങ്ങളിൽ ഇന്ധനം തീർന്നു പെരുവഴിയിലാകുന്ന യാത്രക്കാർക്ക് പെട്രോൾ എത്തിച്ചുനൽകിയാണ് മുഹമ്മദ് ആരിഫ് ജനശ്രദ്ധ നേടുന്നത്. അങ്ങനെയാണ് പെട്രോൾ അമ്മാവൻ എന്ന പേര് അദ്ദേഹത്തിനു ലഭിച്ചത്. യാത്രക്കാർക്ക് ഭക്ഷണവും വെള്ളവുമെല്ലാം വിതരണം ചെയ്യുന്ന ശീലവും ഇദ്ദേഹത്തിനുണ്ട്. 2008 മുതൽ ബെംഗളൂരു നഗരത്തിന്റെ വിവിധ റോഡുകളിൽ യാത്രക്കാർക്ക് ആശ്വാസഹസ്തവുമായി മുഹമ്മദ് ആരിഫ് സേട്ടുണ്ട്.

രണ്ടാംഘട്ട വോട്ടെടുപ്പിനു തൊട്ടുമുൻപായാണ് അദ്ദേഹം പുതിയ സന്ദേശമുയർത്തിപ്പിടിച്ച് തെരുവിലിറങ്ങിയത്. വിധാൻസൗധ, എം.ജി റോഡ്, ബ്രിഗേഡ് റോഡ്, കമേഴ്ഷ്യൽ സ്ട്രീറ്റ് എന്നിവിടങ്ങളിലൂടെയെല്ലാം പ്ലക്കാർഡുയർത്തി മുഹമ്മദ് ആരിഫ് ചുറ്റിക്കറങ്ങുന്നുണ്ട്. ഇതിനിടയിൽ വോട്ടർമാരുമായി ആശയവിനിമയം നടത്തി നേരിട്ടും അദ്ദേഹം സന്ദേശങ്ങൾ കൈമാറുന്നുണ്ട്.

ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് മുഹമ്മദ് ആരിഫ് 'ഡെക്കാൻ ഹെറാൾഡി'നോട് പ്രതികരിച്ചു. വലിയ തോതിൽ വിദ്വേഷം പിടിമുറുക്കിയിരിക്കുകയാണിപ്പോൾ. അതു മാറണം. അതിനു വേണ്ടിയാണ് താൻ നടക്കാനിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവിലെ എം.ജി റോഡിൽ ഫൂട്ട്‌വെയർ വ്യാപാരിയായിരുന്നു മുഹമ്മദ് ആരിഫ് സേട്ട്. പ്രായമായതോടെ കച്ചവടം നിർത്തി ഇപ്പോൾ സാമൂഹിക ബോധവൽക്കരണത്തിനിറങ്ങിയിരിക്കുകയാണ്. സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങളെ കുറിച്ച് നേരിട്ടും വാട്‌സ്ആപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ മാർഗങ്ങളിലൂടെയും ബോധവൽക്കരണം നടത്തുകയാണ് മുഹമ്മദ് ആരിഫ്.

Summary: ‘Petrol Uncle’ walks with placard to ‘vote for change, not for hate’ in Bengaluru

TAGS :

Next Story