Quantcast

കർണാടക തൊഴില്‍ സംവരണ ബില്ലിനെതിരായ പരാമര്‍ശം; മാപ്പ് പറഞ്ഞ് ഫോണ്‍പേ സിഇഒ

കന്നഡയോടും മറ്റെല്ലാ ഇന്ത്യൻ ഭാഷകളോടും തനിക്ക് വളരെയധികം ബഹുമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

MediaOne Logo

Web Desk

  • Published:

    22 July 2024 4:56 AM GMT

PhonePe CEO Sameer Nigam
X

ബെംഗളൂരു: കര്‍ണാടകയിലെ നിര്‍ദ്ദിഷ്ട തൊഴില്‍ ബില്ലിനെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഫോണ്‍പേ സിഇഒ സമീര്‍ നിഗം. ഒരിക്കലും ഒരു സംസ്ഥാനത്തെയോ ജനങ്ങളെയോ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല തന്‍റെ പരാമര്‍ശമെന്ന് അദ്ദേഹം പറഞ്ഞു. തൻ്റെ പരാമർശം ആരുടെയെങ്കിലും വികാരത്തെ ഏതെങ്കിലും തരത്തിൽ വ്രണപ്പെടുത്തിയെങ്കില്‍ ഖേദിക്കുന്നുവെന്നും നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും നിഗം പ്രസ്താവനയില്‍ പറഞ്ഞു. സ്വകാര്യമേഖലയില്‍ തദ്ദേശീയര്‍ക്ക് സംവരണം നിര്‍ബന്ധമാക്കുന്ന കര്‍ണാടക സര്‍ക്കാരിന്‍റെ തൊഴില്‍ ക്വാട്ട ബില്ലിനെ നിഗം വിമര്‍ശിച്ചിരുന്നു.

കന്നഡയോടും മറ്റെല്ലാ ഇന്ത്യൻ ഭാഷകളോടും തനിക്ക് വളരെയധികം ബഹുമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ഭാഷാ വൈവിധ്യവും സമ്പന്നമായ സാംസ്കാരിക പൈതൃകവും എല്ലാ ഇന്ത്യക്കാരും അഭിമാനിക്കേണ്ട ഒരു ദേശീയ സ്വത്താണെന്നും എല്ലാ ഇന്ത്യക്കാരും പ്രാദേശികവും സാംസ്കാരികവുമായ മാനദണ്ഡങ്ങളെ ബഹുമാനിക്കുകയും ആഘോഷിക്കുകയും വേണം," നിഗം വിശദീകരിക്കുന്നു. ഫോണ്‍പേയുടെ ജനനം ബെംഗളൂരുവിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.'' കഴിഞ്ഞ ഒരു ദശകം കൊണ്ട് ബെംഗളൂരുവില്‍ നിന്ന് ഇന്ത്യയിലുടനീളം ഞങ്ങള്‍ വ്യാപിച്ചു. 55 കോടിയിലധികം ഇന്ത്യക്കാർക്ക് സുരക്ഷിതവും കാര്യക്ഷമവുമായ ഡിജിറ്റൽ പേയ്‌മെൻ്റുകൾ നൽകാൻ കഴിഞ്ഞു. കർണാടക സർക്കാരുകളും പ്രാദേശിക കന്നഡിഗ ജനങ്ങളും വാഗ്ദാനം ചെയ്യുന്ന പിന്തുണക്ക് കമ്പനി നന്ദിയുള്ളവരാണെന്ന്'' സമീര്‍ നിഗം അറിയിച്ചു.

“ഗൂഗിൾ, ആപ്പിൾ, ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ ട്രില്യൺ ഡോളർ ഭീമൻമാരോട് മത്സരിക്കുകയാണ് ബെംഗളൂരുവിലെ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ. അങ്ങനെ ചെയ്യുന്നതിന്, ഈ കമ്പനികൾക്ക് കോഡിംഗ്, ഡിസൈൻ, പ്രൊഡക്റ്റ് മാനേജ്‌മെൻ്റ്, ഡാറ്റാ സയൻസസ്, മെഷീൻ ലേണിംഗ്, എഐ തുടങ്ങിയ മേഖലകളിലെ സാങ്കേതിക വൈദഗ്ധ്യവും പ്രാവീണ്യവും അടിസ്ഥാനമാക്കി ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച പ്രതിഭകളെ നിയമിക്കാൻ കഴിയണം''. ബെംഗളൂരുവിലും കർണാടകയിലും ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

സമീര്‍ ബില്ലിനെ വിമര്‍ശിച്ചത് സോഷ്യല്‍മീഡിയയില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. ഫോണ്‍പേ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള #UninstallPhonePe, #BoycottPhonePe തുടങ്ങിയ ഹാഷ് ടാഗുകള്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ ട്രെന്‍ഡിംഗായി. രാജ്യത്തുടനീളം 25,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന് പറഞ്ഞ സമീർ നിഗം, ബില്ലിനെ എതിർക്കുകയും മാതാപിതാക്കളുടെ ജോലി കാരണം ഒന്നിലധികം സംസ്ഥാനങ്ങളിൽ താമസിക്കുന്ന തന്നെപ്പോലുള്ളവരോട് ഇത് ചെയ്യുന്നത് അന്യായമാണെന്നും പറഞ്ഞു."എനിക്ക് 46 വയസ്സായി. 15 വർഷത്തിലേറെയായി ഒരു സംസ്ഥാനത്ത് മാത്രമായി ജീവിച്ചിട്ടില്ല. എൻ്റെ അച്ഛൻ ഇന്ത്യൻ നേവിയിൽ ജോലി ചെയ്തു. രാജ്യത്തുടനീളം അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ മക്കൾ കർണാടകയിൽ ജോലിക്ക് അർഹരല്ല? ഞാൻ കമ്പനികൾ നിർമ്മിക്കുന്നു. ഇന്ത്യയിലുടനീളം 25000+ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു!" എന്നാണ് സമീര്‍ എക്സില്‍ കുറിച്ചത്. പോസ്റ്റ് നിമിഷനേരം കൊണ്ട് വൈറലാവുകയും ചൂടേറിയ വാഗ്വാദത്തിന് തന്നെ കാരണമാവുകയും ചെയ്തിരുന്നു.

TAGS :

Next Story