പാർലമെന്റിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കരുത്; വാക്കുവിലക്കിന് പുറമെ പുതിയ വിലക്ക്
ലഘുലേഖകൾ, ചോദ്യാവലികൾ എന്നിവ വിതരണം ചെയ്യുന്നതിന് മുന്‍പ് സ്പീക്കറുടെ മുൻകൂർ അനുമതി വാങ്ങണം
ഡൽഹി: പാർലമെന്റിലെ വാക്കുവിലക്കുകൾക്ക് പുറമെ പുതിയ വിലക്ക് കൂടി. പാർലമെന്റിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുന്നതിനാണ് വിലക്ക്. പ്ലാക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുക, ലഘുലേഖകൾ, ചോദ്യാവലികൾ എന്നിവ വിതരണം ചെയ്യുക, തുടങ്ങിയവക്ക് ഇനിമുതൽ സ്പീക്കറുടെ മുൻകൂർ അനുമതി വാങ്ങണം. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കി.
അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, അഴിമതിക്കാരൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം ഉൾപ്പെടെ 65 വാക്കുകൾക്ക് നിലവില്‍ വിലക്കേർപ്പെടുത്തിയിരുന്നു.
പ്രതിപക്ഷ പാർട്ടികളുമായി കൂടിയാലോചനകൾ നടത്താതെയും ഒരു പാർട്ടികളേയും അറിയിക്കാതെയുമാണ് പദപ്രയോഗങ്ങൾക്ക് വിലക്കേർപ്പെടുത്തിയ ബുക്ക്ലെറ്റ് ലോക്സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയത്. ബുക്ക്ലെറ്റിനെതിരെ ഇതിനോടകം രംഗത്ത് വന്ന പ്രതിപക്ഷം തിങ്കളാഴ്ച ആരംഭിക്കുന്ന വർഷകാല സമ്മേളനത്തിൽ ഇരു സഭകളിലും വിഷയം ഉന്നയിക്കും.
17ന് നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തും. പ്രതിപക്ഷ ശബ്ദം ഉയരാതിരിക്കാനും വിമർശനങ്ങൾ ഇല്ലാതാക്കാനുമാണ് സർക്കാർ നീക്കം എന്നാണ് ആക്ഷേപം. അഗ്നിപഥ്, വന നിയമ ഭേദഗതി, വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിക്കാനിരിക്കെ സർക്കാരിന്റെ സമ്മർദത്തിന് വഴങ്ങിയാണ് ലോക്സഭ സെക്രട്ടറിയേറ്റ് വാക്കുകൾക്ക് വിലക്കേർപ്പെടുത്തിയതെന്നും വിമർശനമുണ്ട്.
അതേസമയം, ചില വാക്കുകൾക്ക് വിലക്കേർപ്പെടുത്തുന്നത് പുതുമയുള്ള കാര്യമല്ലെന്നാണ് ലോക്സഭ സ്പീക്കർ ഓം ബിർലയുടെ നിലപാട്.
Adjust Story Font
16