Quantcast

ആരാധനാലയ സംരക്ഷണ നിയമം: മറുപടി നൽകാനുള്ള കേന്ദ്രത്തിന്റെ അവകാശം എടുത്തുകളയണമെന്ന് മഥുര ഷാഹി മസ്ജിദ് കമ്മിറ്റി

മൂന്ന് വർഷത്തിലധികമായി കേന്ദ്രം മറുപടി വൈകിപ്പിക്കുകയാണെന്നും ഇത് നിയമത്തെ എതിർക്കുന്നവരെ സഹായിക്കാനാണെന്നുമാണ് മസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയിൽ നൽകിയ ഹരജിയിൽ പറയുന്നത്.

MediaOne Logo

Web Desk

  • Published:

    22 Jan 2025 4:39 AM

Supreme Court Frees Prisoner After 25 Years, Finds He Was A Minor At The Time Of Offence
X

ന്യൂഡൽഹി: 1991ലെ ആരാധനാലയ സംരക്ഷണ നിയമം ചോദ്യം ചെയ്തുള്ള ഹരജികളിൽ മറുപടി വൈകിക്കുന്നതിൽ കേന്ദ്രത്തിനെതിരെ മഥുരി ഷാഹി മസ്ജിദ് കമ്മിറ്റി. കേന്ദ്രം മനപ്പൂർവം മറുപടി വൈകിപ്പിക്കുകയാണെന്നും മറുപടി നൽകാനുള്ള കേന്ദ്രത്തിന്റെ അവകാശം എടുത്തുകളയണമെന്നും മസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയിൽ നൽകിയ ഹരജിയിൽ ആവശ്യപ്പെട്ടു. ആരാധനലായ സംരക്ഷണ നിയമത്തെ എതിർക്കുന്നവരെ സഹായിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രം ബോധപൂർവം മറുപടി വൈകിപ്പിക്കുന്നതെന്നും മസ്ജിദ് കമ്മിറ്റി ആരോപിച്ചു.

12.03.2021ലെ റിട്ട് പെറ്റീഷൻ നോട്ടീസിന് മറുപടി നൽകാൻ കേന്ദ്രം തയ്യാറായിട്ടില്ലെന്നും രണ്ടാഴ്ചക്കകം മറുപടി നൽകണമെന്നും 2022 സെപ്റ്റംബർ ഒമ്പതിന്റെ ഉത്തരവിൽ സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു. 2022 ഒക്ടോബർ 12ന് ഹരജി പരിഗണിച്ച കോടതി മറുപടി നൽകാനുള്ള സമയം 2022 ഒക്ടോബർ 31 വരെ നീട്ടി നൽകിയെങ്കിലും കേന്ദ്രം മറുപടി നൽകാൻ തയ്യാറായില്ലെന്ന് മസ്ജിദ് കമ്മിറ്റിയുടെ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഒടുവിൽ 2024 ഡിസംബർ 12ന് മൂന്നുവർഷമായിട്ടും കേന്ദ്രം മറുപടി നൽകിയിട്ടില്ലെന്നും നാല് ആഴ്ചക്കകം കൗണ്ടർ അഫിഡവിറ്റ് നൽകണമെന്നും സുപ്രിംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഇപ്പോൾ ഈ സമയപരിധിയും അവസാനിച്ചു. എന്നിട്ടും കേന്ദ്രസർക്കാർ മറുപടി നൽകിയിട്ടില്ല. ഫെബ്രുവരി 17നാണ് ഹരജി സുപ്രിംകോടതി ഇനി പരിഗണിക്കുന്നത്. മൂന്ന് വർഷത്തിലധികം സമയം നൽകിയിട്ടും മറുപടി നൽകാൻ തയ്യാറാവാത്ത കേന്ദ്രത്തിന് അതിനുള്ള അവകാശം എടുത്തുകളയുന്നതാണ് യഥാർഥ നീതിയെന്നും മസ്ജിദ് കമ്മിറ്റിയുടെ ഹരജിയിൽ പറയുന്നു.

2024 ഡിസംബർ 12ന് ഹരജികൾ പരിഗണിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വിഷയത്തിൽ സുപ്രിംകോടതി അന്തിമ തീരുമാനമെടുക്കുന്നത് വരെ ആരാധനാലയങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് പുതിയ ഹരജികൾ സ്വീകരിക്കുകയോ ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കുകയോ സർവേക്ക് നിർദേശം നൽകുകയോ ചെയ്യരുതെന്ന് കീഴ്‌ക്കോടതികൾക്ക് നിർദേശം നൽകിയിരുന്നു.

1991ൽ നരസിംഹ റാവു സർക്കാരിന്റെ കാലത്താണ് ആരാധനാലയ സംരക്ഷണനിയമം പാർലമെന്റ് പാസാക്കിയത്. 1947ൽ ഇന്ത്യ സ്വതന്ത്രമാവുമ്പോൾ ആരാധനാലയം ആരുടെ ഉടമസ്ഥതയിലാണോ അത് തുടരണമെന്നാണ് നിയമത്തിൽ പറയുന്നത്. ഗ്യാൻവാപി മസ്ജിദ് അടക്കമുള്ള പള്ളികളിൽ സംഘ്പരിവാർ അവകാശവാദം ശക്തമാക്കിയതോടെയാണ് ആരാധനാലയ സംരക്ഷണനിയമം വീണ്ടും ചർച്ചയായത്.

ഗ്യാൻവാപി പള്ളിയിൽ സർവേ നടത്താനുള്ള ജില്ലാ കോടതി ഉത്തരവ് ശരിവച്ച അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലിൽ 2022 മേയിൽ സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്ന ഡി.വൈ ചന്ദ്രചൂഡ് മലക്കം മറിഞ്ഞു. ഒരു ആരാധനാലയത്തിന് രൂപാന്തരം വരുത്താൻ ഉദ്ദേശ്യമില്ലാത്ത പക്ഷം അതിന്റെ സ്വഭാവം പരിശോധിക്കുന്നതിന് 1991ലെ നിയമം തടസ്സമല്ലെന്നാണ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞത്.

ഇതിന് പിന്നാലെ സംഭൽ മസ്ജിദ്, അജ്മീർ ദർഗ തുടങ്ങിയ സ്ഥലങ്ങളിൽ അവകാശവാദമുന്നയിച്ച് ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തി. സംഭലിൽ മസ്ജിദിൽ സർവേ നടത്താൻ കോടതി അനുമതി നൽകി. സർവേക്കെതിരെ പ്രതിഷേധിച്ച അഞ്ചുപേരെ പൊലീസ് വെടിവെച്ചുകൊല്ലുകയും ചെയ്തിരുന്നു. നിയമത്തെ എതിർത്തും അനുകൂലിച്ചും ഹരജികൾ എത്തിയതോടെയാണ് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നത് വരെ പുതിയ ഹരജികൾ സ്വീകരിക്കുകയോ ഉത്തരവുകൾ പുറപ്പെടുവിക്കുകയോ ചെയ്യരുതെന്ന് സുപ്രിംകോടതി നിർദേശിച്ചത്.

TAGS :

Next Story