ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെ ചീഫ് ജസ്റ്റിസായി നിയമിക്കരുതെന്ന ഹരജി സുപ്രിംകോടതി തള്ളി
ഹരജി തീർത്തും തെറ്റിദ്ധാരണാജനകമാണെന്ന് കോടതി
ന്യൂഡൽഹി: ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചുമതലയേൽക്കുന്നത് വിലക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. മുർസലിൻ അസിജിത് ഷെയ്ഖ് എന്നയാളാണ് ഹരജിക്കാരൻ. നവംബർ ഒമ്പതിനാണ് ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്നത്. ഹരജിയുടെ അടിയന്തര സ്വഭാവം കണക്കിലെടുത്താണ് ഹരജി ഇന്ന് തന്നെ പരിഗണിച്ചത്.
എന്നാൽ ഹരജി തീർത്തും തെറ്റിദ്ധാരണാജനകമാണെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. 'ഈ ഹരജി പരിഗണിക്കാൻ ഒരു കാരണവും ഞങ്ങൾ കാണുന്നില്ല. മുഴുവൻ ഹരജിയും പൂർണ്ണമായും തെറ്റിദ്ധരിക്കപ്പെടുന്നതാണ്, അതുകൊണ്ട് തള്ളുന്നെന്നും കോടതി പറഞ്ഞു. ഹരജി രാവിലെ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് മുമ്പകെ പരാമർശിച്ചിരുന്നു. തുടർന്ന് ഉച്ചയ്ക്ക് മുമ്പ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അറിയിച്ചു.
ജസ്റ്റിസ് ചന്ദ്രചൂഡ് പന്ത്രണ്ട് തവണ സുപ്രിം കോടതിയിലെ വലിയ ബെഞ്ചുകളെ മനഃപൂർവം അവഗണിച്ചും ബോധപൂർവം ധിക്കരിച്ചും അർഹമായ നീതി നിഷേധിച്ചെന്നും അഭിഭാഷകനായ മുർസലിൻ അസിജിത് ഷെയ്ഖ് സമർപ്പിച്ച ഹരജിയിൽ പറയുന്നു. മുതിർന്ന അഭിഭാഷകർക്ക് ചന്ദ്രചൂഡ് കൂടുതൽ പരിഗണന നൽകുന്നുവെന്നും ജൂനിയർ അഭിഭാഷകർക്ക് പരിഗണന നൽകുന്നില്ലെന്നും ഉൾപ്പെടെയുള്ള വാദങ്ങളും ഹരജിക്കാരൻ ഉന്നയിച്ചു. ജസ്റ്റിസ് ചന്ദ്രചൂഡിൻറെ മകൻ ബോംബേ ഹൈക്കോടതിയിൽ ഹാജരായ കേസ് സുപ്രിം കോടതിയിൽ എത്തിയപ്പോൾ അനൂകൂല വിധി ഹരജിക്കാരൻ വാദിച്ചു.എന്നാൽ വാദത്തിനിടെ കോടതി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ പലപ്പോഴും ഹരജിക്കാരന് കഴിഞ്ഞിരുന്നില്ല. അടുത്ത ബുധനാഴ്ചയാണ് ജസ്റ്റിസ് ഡി വെ ചന്ദ്രചൂഡ് ഇന്ത്യയുടെ അമ്പതാമത്തെ ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്നത്.
Adjust Story Font
16