Quantcast

'ദൈവത്തെയോർത്ത് നിർത്തൂ; മാനസികമായി തകർന്നിരിക്കുന്നവരെ കുറ്റപ്പെടുത്തരുത്'; വി. മുരളീധരനെതിരെ പ്രിയങ്ക ചതുർവേദി

നിർദേശം നൽകിയിട്ടും യുക്രൈൻ വിട്ടുപോകാൻ വിദ്യാർഥികൾ തയ്യാറായില്ലെന്ന് വി.മുരളീധരന്‍

MediaOne Logo

Web Desk

  • Published:

    3 March 2022 4:37 AM GMT

ദൈവത്തെയോർത്ത് നിർത്തൂ; മാനസികമായി തകർന്നിരിക്കുന്നവരെ കുറ്റപ്പെടുത്തരുത്; വി. മുരളീധരനെതിരെ പ്രിയങ്ക ചതുർവേദി
X

നിർദേശം നൽകിയിട്ടും യുക്രൈൻ വിട്ട് പോകാൻ വിദ്യാർഥികൾ തയ്യാറായില്ലെന്ന കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്റെ പ്രസ്താവനക്കെതിരെ ശിവസേന എം.പി പ്രിയങ്ക ചതുർവേദി രംഗത്ത്.

'സാർ, ദൈവത്തെയോർത്ത് ദയവായി നിർത്തൂ. വിദ്യാർഥികൾ മാനസികമായി തളർന്നിരിക്കുകയാണ്. ഖാർകിവിൽ നിന്ന് പുറത്തുകടക്കാൻ പാടുപെടുമ്പോൾ അവരെ കുറ്റപ്പെടുത്തരുത്,' പ്രിയങ്ക ചതുർവേദി ട്വിറ്ററിൽ കുറിച്ചു. വി.മുരളീധരന്റെ പ്രസ്താവന പങ്കുവെച്ചാണ് എം.പിയുടെ പ്രതികരണം.

' ഞങ്ങൾ വിദ്യാർഥികളെ ഒഴിപ്പിക്കാൻ വൈകിയെന്ന ആരോപണം ശരിയല്ല. ഓൺലൈൻ ക്ലാസുകൾ നടത്താൻ സർവകലാശാലകൾ തയ്യാറാകാത്തതിനാൽ വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങാൻ വിസമ്മതിക്കുകയായിരുന്നു ' എന്നാണ് വി.മുരളീധരൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. 'യുക്രൈൻ വിടണമെന്ന് ഫെബ്രുവരി 24 ന് തന്നെ വിദ്യാർഥികൾക്ക് നിർദേശം നൽകിയിരുന്നു' വെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ശിവസേന എം.പി രംഗത്തെത്തിയത്.

നവീൻ ഷെഹരപ്പ എന്ന 21 കാരനായ മെഡിക്കൽ വിദ്യാർഥി റഷ്യൻ ഷെല്ലാക്രമണത്തിൽ മരിച്ചതിനെ തുടർന്ന് ഒഴിപ്പിക്കൽ നടപടികളെക്കുറിച്ച് രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം കേന്ദ്ര സർക്കാരിനെതിരെ രംഗത്ത് വന്നിരുന്നു.

യുക്രൈനിൽ യുദ്ധം രൂക്ഷമായിരിക്കുന്ന സ്ഥലങ്ങളിലെല്ലാം നിരവധി വിദ്യാർഥികളാണ് കുടുങ്ങിക്കിടന്നിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവരെ നാട്ടിലെത്തിക്കുന്ന ശ്രമങ്ങൾ നടന്നുവരികയാണ്. യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരെയും തിരികെ കൊണ്ടുവരാൻ കേന്ദ്രം ഓപ്പറേഷൻ ഗംഗ ആരംഭിച്ചിട്ടുണ്ട്. ഇതിനകം തന്നെ 6,000-ത്തിലധികം ആളുകളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നിട്ടുണ്ട്.ഇതിന്റെ മേൽനോട്ടം വഹിക്കാൻ ഈ അയൽരാജ്യങ്ങളിലേക്ക് മന്ത്രിമാരെ നിയോഗിച്ചിട്ടുണ്ട്.

യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന 3,000 ഇന്ത്യക്കാരെ ഇന്ന് തിരികെയെത്തിക്കും. റൊമേനിയ,ഹംഗറി,പോളണ്ട്, സ്ലോവാക്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 6 വിമാനങ്ങളാണ് ഇന്ന് രാജ്യത്തെത്തുക. അതേസമയം, കിഴക്കൻ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാമെന്നു റഷ്യയുടെ ഉറപ്പ്. റഷ്യൻ അതിർത്തി വഴിയായിയിരിക്കും ഒഴിപ്പിക്കൽ. പുടിൻ-മോദി ചർച്ചയ്ക്ക് ശേഷമാണു പുതിയ ദൗത്യത്തിന് വഴി തെളിഞ്ഞത്.

എന്നാൽ റഷ്യയുടെ ആക്രമണത്തിലാണ് വിദ്യാർഥികളടക്കം കുടുങ്ങിക്കിടക്കുന്നതെന്നായിരുന്നു യുക്രൈന്റെ മറുപടി. രക്ഷാപ്രവർത്തനത്തിന് സന്നദ്ധരാണെന്നും റഷ്യ അടിയന്തരമായി വെടിനിർത്തണമെന്നും യുക്രൈൻ ആവശ്യപ്പെട്ടു. ഖാർകിവിലും സുമിയിലും റഷ്യ കനത്ത ബോംബാക്രമണവും മിസൈലാക്രമണവും നടത്തുന്നത് രക്ഷാപ്രവർത്തനത്തെ ദുഷ്‌കരമാക്കുന്നു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇന്ത്യ, പാകിസ്താൻ, ചൈന അടക്കമുള്ള രാജ്യങ്ങൾ മോസ്‌കോയോട് ആവശ്യപ്പെടണമെന്നും യുക്രൈൻ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

TAGS :

Next Story