കോവിഡ് ദുരിതാശ്വാസത്തിനായുള്ള പി.എം കെയറിലെത്തിയത് 10,990 കോടി രൂപ; ചെലവിട്ടത് 3,976 കോടി മാത്രം
2020 മാർച്ച് 27നും 2021 മാർച്ച് 31നും ഇടയിലാണ് സംഭാവനയായും മറ്റിനങ്ങളിലും 10,990 കോടി രൂപ പി.എം കെയറിന്‍റെ ഭാഗമായി സമാഹരിച്ചത്
കോവിഡ് പോരാട്ടങ്ങൾക്കു വേണ്ടിയുള്ള ധനസമാഹരണത്തിനായി ആരംഭിച്ച പി.എം കെയറിലെത്തിയ ഫണ്ടിന്റെ 64 ശതമാനവും ഇതുവരെ ചെലവഴിച്ചില്ലെന്ന് റിപ്പോർട്ട്. 2020 മാർച്ച് 27നും 2021 മാർച്ച് 31നും ഇടയിൽ 10,990 കോടി രൂപയാണ് പി.എം കെയറിലേക്ക് എത്തിയത്. ഇതിൽ ആദ്യ വർഷം 3,976 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്ന് ദേശീയ മാധ്യമമായ എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
കോവിഡ് ബാധിതരായവർക്കുവേണ്ടിയുള്ള ദുരിതാശ്വാസത്തിനും വൈറസുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങൾക്കുമായി വകയിരുത്താനാണ് പി.എം കെയർ 2020 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ചത്. 2021 സാമ്പത്തിക വർഷത്തിൽ 7,679 കോടി രൂപയാണ് സംഭാവനയായി ഫണ്ടിലെത്തിയത്. ഇതോടൊപ്പം 2020 സാമ്പത്തികവർഷത്തിലെ 3,077 കോടി രൂപയും ബാക്കിയുണ്ടായിരുന്നു. ഇതോടൊപ്പം ശമ്പള ഇനത്തിലുള്ള 235 കോടി രൂപയുമുണ്ടായിരുന്നു. ആകെ സംഭാവനയിൽ 495 കോടി രൂപ വിദേശസ്രോതസുകളിൽനിന്ന് എത്തിയതാണ്.
1,311 കോടി ചെലവിട്ടത് വെന്റിലേറ്ററുകൾ വാങ്ങാൻ; പലതും പ്രവർത്തനരഹിതം
കഴിഞ്ഞ മാർച്ച് വരെ ചെലവഴിച്ച തുകയുടെ കണക്കാണ് ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടത്. ആകെ ചെലവഴിച്ച 3,976 കോടി രൂപയിൽ 1,392 രൂപ കോവിഡ് വാക്‌സിൻ വാങ്ങാനാണ് ചെലവിട്ടത്. 6.6 കോടി വാക്‌സിൻ ഡോസുകളാണ് ഇതുവഴി കേന്ദ്ര സർക്കാർ വാങ്ങിയത്. 1,311 കോടി രൂപ 50,000 ഇന്ത്യൻ നിർമിത വെന്റിലേറ്ററുകൾ വാങ്ങാനും ചെലവിട്ടു.
കോവിഡിനെ തുടർന്നുള്ള ആദ്യ ലോക്ഡൗൺ പ്രഖ്യാപനത്തിനു പിന്നാലെ പെരുവഴിയിലായ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി ചെലവിട്ടത് ആയിരം കോടി രൂപയാണ്. 162 ഓക്‌സിജൻ പ്ലാന്റുകൾക്കായി 201 കോടി, കോവിഡ് പരിശോധനാ ലാബുകളുടെ നവീകരണത്തിനായി 20 കോടി, ബിഹാറിലെ മുസഫർപൂരിലും പാട്‌നയിലുമുള്ള രണ്ട് കോവിഡ് ആശുപത്രികൾക്കും വിവിധ സംസ്ഥാനങ്ങളിൽ ആർ.ടി-പി.സി.ആർ പരിശോധനാ ലാബുകൾ സജ്ജീകരിക്കാനുമായി 50 കോടി എന്നിങ്ങനെയും പി.എം കെയറിൽനിന്ന് വിനിയോഗിച്ചു.
അതേസമയം, പി.എം കെയർ വഴി വാങ്ങിയ വെന്റിലേറ്ററുകൾ പലതിനും കേടുപാടുകൾ കാരണം പ്രവർത്തിക്കാതാകുകയും പരിശീലനം ലഭിച്ച മെഡിക്കൽ ജീവനക്കാരുടെ അഭാവം കാരണം പലതും ഉപയോഗശൂന്യമായതായും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ നവംബറിൽ ജമ്മു കശ്മീരിൽ മാത്രം 100 വെന്റിലേറ്ററുകളാണ് പ്രവർത്തനരഹിതമായത്. ഇതോടൊപ്പം മധ്യപ്രദേശിലും ചത്തീസ്ഗഢിലുമുള്ള ആശുപത്രികളിലെ വെന്റിലേറ്ററുകൾ പ്രവർത്തിപ്പിക്കാൻ ആളില്ലാതെ വെറുതെ കിടക്കുന്ന വിവരം നേരത്തെ റിപ്പോർട്ട് ചെയ്ത കാര്യം ദേശീയമാധ്യമം സൂചിപ്പിച്ചു.
Summary: 64 per cent of the ₹ 10,990 crore collected by the PM CARES Fund between March 27, 2020, and March 31, 2021, remained unused as of the latter date, according to data accessed by national media
Adjust Story Font
16