Quantcast

'പ്രതികരിക്കാന്‍ ഒരാഴ്ച പോലും വൈകരുതായിരുന്നു, കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയില്ല': പ്രധാനമന്ത്രിയുടെ 'പ്രയോറിറ്റി'യെ വിമര്‍ശിച്ച് മണിപ്പൂരിലെ ബി.ജെ.പി എം.എല്‍.എ

വീഡിയോ പുറത്തുവരേണ്ടിവന്നോ പ്രധാനമന്ത്രിക്ക് പ്രതികരിക്കാന്‍ എന്ന ചോദ്യത്തിന് രാജ്യം അങ്ങനെയാണ് കരുതുന്നത് എന്നായിരുന്നു പൗലിയൻ‌ലാൽ ഹയോകിപിന്‍റെ മറുപടി

MediaOne Logo

Web Desk

  • Published:

    23 July 2023 9:01 AM GMT

PM has misplaced priorities Manipur BJP MLA Paolienlal Haokip
X

ഇംഫാല്‍: മണിപ്പൂരിലെ അതിക്രമങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ വൈകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കുകി വിഭാഗത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ പൗലിയൻ‌ലാൽ ഹയോകിപ്. ഇത്രയും ഭീകരമായ അതിക്രമം നടന്നാല്‍ പ്രതികരിക്കാന്‍ 79 ദിവസമല്ല ഒരാഴ്ച വൈകിയാല്‍പ്പോലും അത് ദൈര്‍ഘ്യമേറിയ കാലയളവാണെന്ന് ബി.ജെ.പി എം.എല്‍.എ പറഞ്ഞു. ന്യൂസ് ലോണ്‍ട്രിക്ക് നല്‍കിയ അഭിമുഖത്തിലാണ് പൗലിയൻ‌ലാൽ ഹയോകിപിന്‍റെ പ്രതികരണം.

കുകി സ്ത്രീകളെ നഗ്നരാക്കി പരേഡ് ചെയ്യുന്ന വീഡിയോ പുറത്തുവരേണ്ടിവന്നോ പ്രധാനമന്ത്രിക്ക് പ്രതികരിക്കാന്‍ എന്ന ചോദ്യത്തിന് രാജ്യം അങ്ങനെയാണ് കരുതുന്നത് എന്നായിരുന്നു പൗലിയൻ‌ലാൽ ഹയോകിപിന്‍റെ മറുപടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനു മുന്‍പ് അദ്ദേഹത്തെ കാണാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിനെ കുറിച്ച് ബി.ജെ.പി എം.എല്‍.എ പറഞ്ഞതിങ്ങനെ- 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻഗണനകൾ തികച്ചും അനുചിതമായിരുന്നുവെന്ന് മണിപ്പൂരിലെ കുകി-സോമി വിഭാഗത്തിന്‍റെ പ്രതിനിധി എന്ന നിലയിൽ ഞാന്‍ കരുതുന്നു'. ആളുകൾ കൊല്ലപ്പെടുന്ന പ്രശ്‌നം പരിഹരിക്കാൻ ശ്രദ്ധിക്കുന്നത് മനുഷ്യത്വമാണെന്നും അദ്ദേഹം പറഞ്ഞു.

"ജനപ്രതിനിധികൾ എന്ന നിലയിൽ ഞങ്ങൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചു. പ്രതികരണമൊന്നും ഉണ്ടായില്ല. സാഹചര്യത്തിന്റെ ഗൗരവം അദ്ദേഹത്തെ അറിയിക്കാനുള്ള അവസരത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണ്"- എം.എല്‍.എ പറഞ്ഞു.

ഗോത്രവർഗ വിഭാഗത്തെ സംരക്ഷിക്കുന്നതിൽ എൻ ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാര്‍ പരാജയപ്പെട്ടെന്നും പ്രത്യേക ഭരണം വേണമെന്നും ആവശ്യപ്പെട്ട 10 കുകി എം.എൽ.എമാരിൽ ഒരാളാണ് ഹയോകിപ്പ്. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും മണിപ്പൂരിലെ അതിക്രമങ്ങൾ ശ്രദ്ധിക്കുന്നതിന് ആ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവരേണ്ടതുണ്ടോ എന്നും ബി.ജെ.പി എം.എല്‍.എ ചോദിച്ചു- "ഇത്തരം മനുഷ്യത്വരഹിതമായ ക്രൂരതകൾക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കേണ്ടതല്ലേ?"

ഈ വിഷയത്തിൽ തന്റെ പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ഹയോകിപ്പിന്‍റെ മറുപടിയിങ്ങനെ- "ഒരു രാജ്യം എന്ന നിലയിൽ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഒരു വ്യക്തിയുടെ അന്തസ്സിനെ ബാധിക്കുന്ന വിഷയങ്ങളിലും പാർട്ടിക്ക് അതീതമായി നില്‍ക്കേണ്ടത് പ്രധാനമാണ്".


TAGS :

Next Story