Quantcast

ഞങ്ങൾ ആർക്കെതിരെയും ബുൾഡോസർ ഉപയോഗിച്ചിട്ടില്ല; മോദി സമൂഹത്തെ ഭിന്നിപ്പിക്കുന്നു: ഖാർഗെ

ഇൻഡ്യാ സഖ്യം അധികാരത്തിലെത്തിയാൽ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന് മോദി ആരോപിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    18 May 2024 9:31 AM GMT

PM Modi dividing society says Kharge
X

ന്യൂഡൽഹി: ഇൻഡ്യാ സഖ്യം അധികാരത്തിൽ വന്നാൽ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഞങ്ങളൊരിക്കലും ആർക്കെതിരെയും ബുൾഡോസർ ഉപയോഗിച്ചിട്ടില്ല. ഇനി ഭാവിയിലും അത് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. മോദിക്ക് മുമ്പ് ഒരു പ്രധാനമന്ത്രിയും ഇത്തരത്തിൽ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചിട്ടില്ല. ജനാധിപത്യത്തെ കുറിച്ച് മോദി ആവർത്തിച്ച് സംസാരിക്കുന്നു, എന്നാൽ അദ്ദേഹം ഒരിക്കലും ജനാധിപത്യ തത്വങ്ങൾ പാലിക്കുന്നില്ല. ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ ശീലമായി മാറിയെന്നും ഖാർഗെ പറഞ്ഞു.

ഇൻഡ്യാ സഖ്യം അധികാരത്തിലെത്തിയാൽ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്നും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്നും ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞിരുന്നു. മോദി തങ്ങളുടെ പ്രകടന പത്രിക വായിക്കണമെന്നായിരുന്നു ഇതിന് ഖാർഗെയുടെ മറുപടി. പോകുന്നിടത്തെല്ലാം ഭിന്നിപ്പുണ്ടാക്കാനാണ് മോദി ശ്രമിക്കുന്നത്. സമൂഹത്തെ വിഭജിക്കുന്ന രീതിയിലുള്ള പ്രസംഗങ്ങളാണ് നടത്തുന്നതെന്നും ഖാർഗെ ആരോപിച്ചു.

കോൺഗ്രസ് പ്രകടന പത്രികയെ മുസ്‌ലിം ലീഗ് പ്രകടന പത്രികയെന്നാണ് മോദി നേരത്തെ വിശേഷിപ്പിച്ചിരുന്നത്. ഇപ്പോൾ അത് മാവോയിസ്റ്റ് പ്രകടന പത്രികയാണെന്നാണ് പറയുന്നത്. സംവരണം ഭരണഘടന ഉറപ്പ് നൽകുന്ന അവകാശമാണെന്നും അതിൽ തൊടാൻ ആർക്കും കഴിയില്ലെന്നും ഖാർഗെ പറഞ്ഞു.

എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ, ശിവസേന തലവൻ ഉദ്ധവ് താക്കറെ തുടങ്ങിയവരും ഖാർഗെക്കൊപ്പമുണ്ടായിരുന്നു. ജൂൺ നാലിന് ഇൻഡ്യാ സഖ്യം അധികാരത്തിലെത്തിയ ശേഷമാണ് യഥാർഥ 'അച്ഛാ ദിൻ' വരാനിരിക്കുന്നതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. വ്യാജ ശിവസേനയെന്നാണ് മോദി തങ്ങളെ വിശേഷിപ്പിക്കുന്നത്. നാളെ ആർ.എസ്.എസിനെയും അദ്ദേഹം വ്യാജൻമാരെന്ന് വിളിക്കുമെന്നും ഉദ്ധവ് പറഞ്ഞു. തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ശിവസേന റാലിയിൽ പാക് പതാക വീശിയെന്നത് പോലുള്ള ആരോപണങ്ങൾ പ്രധാനമന്ത്രി ഉന്നയിക്കുന്നതെന്നും ഉദ്ധവ് പറഞ്ഞു.

TAGS :

Next Story