Quantcast

അജ്മീർ ദർഗക്ക് പ്രധാനമന്ത്രിയുടെ ചാദർ; സാഹോദര്യ സന്ദേശവുമായാണ് എത്തുന്നതെന്ന് കേന്ദ്ര മന്ത്രി റിജിജു

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ആണ് പ്രധാനമന്ത്രിയുടെ പ്രതിനിധിയായി ഖാജാ മുഈനുദ്ദീൻ ചിശ്ചിയുടെ ഉറൂസിൽ പങ്കെടുത്തത്.

MediaOne Logo

Web Desk

  • Published:

    4 Jan 2025 10:12 AM GMT

PM Modi sent Chadar for Ajmer Dargah
X

ജയ്പൂർ :അജ്മീർ ദർഗക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചാദർ സമർപ്പിച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ആണ് പ്രധാനമന്ത്രിയുടെ പ്രതിനിധിയായി ഖാജാ മുഈനുദ്ദീൻ ചിശ്ചിയുടെ ഉറൂസിൽ പങ്കെടുക്കുന്നത്. സാഹോദര്യവും രാജ്യത്തിന്റെ ഐക്യവുമാണ് പ്രധാനമന്ത്രിയുടെ സന്ദേശം. ഈ സന്ദേശവുമായാണ് താൻ ദർഗയിലേക്ക് പോകുന്നതെന്ന് റിജിജു പറഞ്ഞു. ബിജെപി ന്യൂനപക്ഷ മോർച്ച നേതാക്കൾ മന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു.

ദർഗയിലെത്തി ചാദർ സമർപ്പിച്ച ശേഷം പ്രധാനമന്ത്രിയുടെ സന്ദേശം റിജിജു വായിച്ചു. ഉറൂസിന്റെ ഈ പുണ്യവേളയിൽ രാജ്യത്ത് നല്ല അന്തരീക്ഷം സൃഷ്ടിക്കപ്പെടണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കുന്ന ഒരു പ്രവൃത്തിയും ആരും ചെയ്യരുത്. ഏത് മതസ്ഥാരായാലും ദർഗ സന്ദർശിക്കാമെന്നും ലക്ഷക്കണക്കിനാളുകൾ ഇവിടെ എത്താറുണ്ടെന്നും മന്ത്രി പറഞ്ഞു.

ദർഗ ശിവക്ഷേത്രമായിരുന്നുവെന്ന ഹിന്ദുസേനയുടെ ഹരജിയെ കുറിച്ച് ചോദിച്ചപ്പോൾ, താനിവിടെ പ്രധാനമന്ത്രിയുടെ ചാദർ സമർപ്പിക്കാനാണ് വന്നതെന്നും രാജ്യത്തിന്റെ ഐക്യമാണ് പ്രധാനമെന്നുമായിരുന്നു് മന്ത്രിയുടെ പ്രതികരണം. ശിവക്ഷേത്രം പൊളിച്ചാണ് ദർഗ നിർമിച്ചതെന്നാരോപിച്ച് കഴിഞ്ഞ വർഷം നവംബറിലാണ് ഹിന്ദുസേന കോടതിയിൽ ഹരജി നൽകിയത്.

ദർഗക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ചാദർ നൽകുന്നത് തടയണമെന്ന് ആവശ്യപ്പെട്ടും ഹിന്ദുസേന കോടതിയെ സമീപിച്ചിരുന്നു. ദർഗ ഹിന്ദുക്ഷേത്രമായിരുന്നു എന്നാരോപിച്ച് സിവിൽ കോടതിയിൽ ഹരജി നൽകിയിരുന്ന ഹിന്ദുസേനാ നേതാവ് വിഷ്ണു ഗുപ്തയാണ് പുതിയ ഹരജിയും നൽകിയിരിക്കുന്നത്. ദർഗ്ക്കെതിരേ കേസ് നിലനിൽക്കുമ്പോൾ കേന്ദ്രസർക്കാർ ചാദർ കൊടുത്തയക്കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഹരജിക്കാരന്റെ വാദം.

TAGS :

Next Story