'ഇന്ത്യ എന്ന പേരിനെ എന്തിന് ഭയക്കുന്നു'; പ്രധാനമന്ത്രിക്ക് ലക്ഷ്യബോധം നഷ്ടപ്പെട്ടെന്ന് ഖാർഗെ
മണിപ്പൂരിനെക്കുറിച്ച് ചോദിക്കുമ്പോൾ പ്രധാനമന്ത്രി ഈസ്റ്റ് ഇന്ത്യ കമ്പനിയെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും ഖാർഗെ പറഞ്ഞു.
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലക്ഷ്യബോധം നഷ്ടപ്പെട്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മണിപ്പൂരിനെക്കുറിച്ച് ചോദിക്കുമ്പോൾ പ്രധാനമന്ത്രി ഈസ്റ്റ് ഇന്ത്യ കമ്പനിയെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇന്ത്യ എന്ന പേരിനെ എന്തിനാണ് മോദി ഭയപ്പെടുന്നതെന്നും ഖാർഗെ ചോദിച്ചു.
'ഇന്ത്യ' എന്ന വാക്ക് പ്രയോഗിച്ചതുകൊണ്ടു മാത്രം കാര്യമുണ്ടാകില്ലെന്നും ഇന്ത്യൻ മുജാഹിദീന്റെയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയുമെല്ലാം പേരിൽ ഇന്ത്യയുണ്ടെന്നുമായിരുന്നു മോദിയുടെ വിമർശനം. ഇന്ന് ഡൽഹിയിൽ ചേർന്ന ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിലാണ് പരാമർശം. ഇത്രയും ദിശാബോധമില്ലാത്തൊരു പ്രതിപക്ഷത്തെ താൻ ഒരിക്കലും കണ്ടിട്ടില്ല. മോദിയെ എതിർക്കുക എന്ന ഒറ്റ അജണ്ടയുമായി നടക്കുന്ന നിസ്സഹായരും പരാജിതരുമായ ഒരു സംഘമാണ് പ്രതിപക്ഷമെന്നും മോദി കടന്നാക്രമിച്ചിരുന്നു.
അതേസമയം, മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടർന്നു. മല്ലികാർജുൻ ഖാർഗെയെ സംസാരിക്കാൻ ബിജെപി എംപിമാർ അനുവദിച്ചില്ല. ഖാർഗെയുടെ മൈക്ക് രാജ്യസഭ ചെയർമാൻ ഓഫ് ചെയ്തതിനു പിന്നാലെ പ്രതിപക്ഷ എം.പിമാർ രാജ്യസഭയിൽ നിന്ന് ഇറങ്ങിപോയി.
Adjust Story Font
16