ചികിത്സയില്‍ കഴിയുന്ന അമ്മയെ കാണാൻ മോദി അഹമ്മദാബാദിലെത്തി
ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്നാണ് ഹിരാ ബെനിനെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ന്യൂഡല്‍ഹി: ചികിത്സയില്‍ കഴിയുന്ന അമ്മയെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെ ആശുപത്രിയിലെത്തി. അഹമ്മദാബാദിലെ യു.എന്‍ മെഹ്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി റിസര്‍ച്ച് സെന്‍ററിലാണ് മോദിയുടെ അമ്മ ഹിരാ ബെനിനെ(100) പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്നാണ് ഹിരാ ബെനിനെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതെ സമയം ഹിരാ ബെനിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി പുറത്തിറക്കിയ പത്ര കുറിപ്പിലൂടെ അറിയിച്ചു. മോദിയുടെ സഹോദരന്‍ പ്രഹ്ളാദ് മോദിക്ക് കാറപകടത്തില്‍ പരിക്കേറ്റ തൊട്ടടുത്ത ദിവസമാണ് മോദിയുടെ അമ്മയുടെ ആരോഗ്യ സ്ഥിതി മോശമായത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ട സമയത്താണ് മോദി അവസാനമായി അമ്മയെ സന്ദര്‍ശിച്ചത്. തെരഞ്ഞെടുപ്പില്‍ ഹിരാ ബെന്‍ വോട്ട് ചെയ്തിരുന്നു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഹിരാ ബെനിന് ആയുരാരോഗ്യം നേര്‍ന്ന് ആശംസകള്‍ നേര്‍ന്നു. 'അമ്മയും മകനും തമ്മിലുള്ള സ്നേഹം ശാശ്വതവും അമൂല്യവുമാണ്. മോദി ജി, ഈ ദുഷ്‌കരമായ സമയത്ത് എന്‍റെ സ്നേഹവും പിന്തുണയും നിങ്ങളോടൊപ്പമുണ്ട്. നിങ്ങളുടെ അമ്മ ഉടൻ സുഖം പ്രാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
Adjust Story Font
16