Quantcast

പ്രധാന വകുപ്പുകളിൽ പിടിമുറുക്കി സഖ്യകക്ഷികൾ, ഒതുക്കാൻ കഴിയാതെ എൻഡിഎ

ഞായറാഴ്‌ച വൈകിട്ട് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യും

MediaOne Logo

Web Desk

  • Published:

    6 Jun 2024 12:30 PM GMT

narendramodi
X

ഡൽഹി: മൂന്നാമൂഴത്തിനായി ഒരുങ്ങിക്കഴിഞ്ഞു നരേന്ദ്രമോദി. ഞായറാഴ്‌ച വൈകിട്ട് ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യും. ജൂൺ 8 ശനിയാഴ്‌ചയാണ് സത്യപ്രതിജ്ഞാ ചടങ്ങ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീടിത് മാറ്റുകയായിരുന്നു. ഇതോടെ ജവഹർ ലാൽ നെഹ്‌റുവിന് ശേഷം മൂന്ന് തവണ പ്രധാനമന്ത്രിയാകുന്ന നേതാവ് കൂടിയാകും മോദി.

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നിരവധി ദക്ഷിണേഷ്യൻ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെയും ചടങ്ങിൽ പങ്കെടുക്കാനെത്തും. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ 'പ്രചണ്ഡ', ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് എന്നിവർക്കും ക്ഷണമുണ്ട്.

അതേസമയം, മൂന്നാം എൻഡിഎ സർക്കാർ രൂപീകരണത്തിൽ ചർച്ചകൾ മുറുകുമ്പോഴും സഖ്യകക്ഷികൾ പ്രധാന വകുപ്പുകൾ ആവശ്യപ്പെട്ടത് ബിജെപിക്ക് ഉയർത്തിയ വെല്ലുവിളി ചെറുതല്ല. ഇത്തവണ ഒറ്റക്ക് ഭരിക്കാമെന്ന മോഹം അസ്തമിച്ചുകഴിഞ്ഞു. മന്ത്രിസ്ഥാനങ്ങൾക്കായി സഖ്യകക്ഷികൾ വിലപേശുമ്പോഴും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ബിജെപി.

പ്രതിരോധം, ധനം, ആഭ്യന്തരം, വിദേശകാര്യം എന്നിവ അടക്കമുള്ള വകുപ്പുകളാണ് സഖ്യകക്ഷികൾ ആവശ്യപ്പെടുന്നത്. എന്നാൽ, വിട്ടുവീഴ്ചക്ക് ബിജെപി തയ്യാറാകില്ലെന്നാണ് റിപ്പോർട്ടുകൾ. സ്പീക്കര്‍ പദവിക്കായുള്ള സഖ്യകക്ഷികളുടെ ആവശ്യവും അംഗീകരിക്കാൻ പാർട്ടി തയ്യാറായിട്ടില്ല.

16 എം.പിമാരുള്ള ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടിയും 12 പ്രതിനിധികളുള്ള നിതീഷ് കുമാറിന്റെ ജെ.ഡി.യുവും സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെട്ട് രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന 2014ലും 2019ലും സഖ്യകക്ഷികള്‍ക്ക് പ്രധാനവകുപ്പുകള്‍ ഒന്നും നല്‍കിയിരുന്നില്ല. എന്നാൽ, കേവലഭൂരിപക്ഷം കടക്കാൻ സഖ്യകക്ഷികളെ കൂട്ടുപിടിക്കേണ്ടി വരുന്ന ഇത്തവണ നേരെ മറിച്ചാണ് കാര്യങ്ങൾ.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ 2019-ലെ 303 എന്ന ഭൂരിപക്ഷത്തിൽ നിന്ന് 240 സീറ്റുകളിലേക്ക് ബിജെപി ചുരുങ്ങി. കഴിഞ്ഞ തവണ 352 മണ്ഡലങ്ങൾ നേടിയ എൻഡിഎയും 293 ആയി കുറഞ്ഞു.

ഘടകക്ഷികളെ ഒപ്പം നിര്‍ത്താന്‍ അവരുടെ ആവശ്യങ്ങളും പരിഗണിക്കേണ്ടിവരുന്നതിനാല്‍ മൂന്നാം മോദി സര്‍ക്കാരില്‍ ബി.ജെ.പി. മന്ത്രിമാരുടെ എണ്ണം കുറക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.

TAGS :

Next Story