Quantcast

'പാർലമെന്റിൽ ചില ചിട്ടകളുണ്ട്, അതനുസരിച്ച് പെരുമാറണം'; രാഹുലിന്റെ പ്രസംഗത്തിന് പിന്നാലെ എൻഡിഎ എംപിമാരോട് മോദി

ഇതാദ്യമായാണ് കോൺഗ്രസിൽ നിന്നല്ലാതെ, തുടർച്ചയായി മൂന്നാം തവണ ഒരാൾ പ്രധാനമന്ത്രി ആകുന്നതെന്നും ഇതിനാലാണ് പ്രതിപക്ഷത്തിന് തന്നോട് നീരസമെന്നും മോദി

MediaOne Logo

Web Desk

  • Updated:

    2024-07-02 10:00:25.0

Published:

2 July 2024 9:49 AM GMT

PM Narendra Modi gives conduct advice to NDA MPs
X

ന്യൂഡൽഹി: പാർലമെന്റിലെ നിയമങ്ങളും പെരുമാറ്റച്ചട്ടങ്ങളും പാലിക്കണമെന്ന് എൻഡിഎ എംപിമാർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശം. ലോക്‌സഭയിൽ ഭരണപക്ഷത്തെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് എംപിമാർക്ക് മോദി നിർദേശം നൽകിയത്. രാഹുലിനെ പോലെ സ്പീക്കറോട് മുഖം തിരിച്ച് സംസാരിക്കരുതെന്നും എൻഡിഎയുടെ കീഴ്‌വഴക്കം അതല്ലെന്നും മോദി നിർദേശം നൽകിയതായി കേന്ദ്രമന്ത്രി കിരൺ റിജിജു മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് ലോക്‌സഭ വീണ്ടും ചേരാനിരിക്കെ ഇതിന് മുന്നോടിയായി എൻഡിഎ ചേർന്ന സഖ്യകക്ഷി യോഗത്തിലായിരുന്നു മോദിയുടെ ഇടപെടൽ. ഇന്നലെ സഭയിൽ രാഹുൽഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് ഇന്ന് പ്രധാനമന്ത്രി മറുപടി പറഞ്ഞേക്കുമെന്നാണ് വിവരം.

ഇതാദ്യമായാണ് കോൺഗ്രസിൽ നിന്നല്ലാതെ, തുടർച്ചയായി മൂന്നാം തവണ ഒരാൾ പ്രധാനമന്ത്രി ആകുന്നതെന്നും ഇതിനാലാണ് പ്രതിപക്ഷത്തിന് തന്നോട് നീരസമെന്നുമാണ് മോദി എംപിമാരോട് പറഞ്ഞിരിക്കുന്നത്. മൂന്നാം വട്ടവും പ്രധാനമന്ത്രി ആയതിന് ശേഷം ഇതാദ്യമായാണ് എൻഡിഎ എംപിമാരുമായി മോദിയുടെ കൂടിക്കാഴ്ച. പ്രധാനമന്ത്രി വളരെ പ്രധാനപ്പെട്ട ഉപദേശങ്ങൾ നൽകിയെന്നും പാർലമെന്റിൽ പാലിക്കേണ്ട മര്യാദകൾ ഓർമിപ്പിച്ചുവെന്നും കിരൺ റിജിജു പറഞ്ഞു.

"രാജ്യത്തെ സേവിക്കുക എന്നതാണ് എല്ലാ എംപിമാരുടെയും ജോലി. അതാവണം എംപിമാർ പ്രാധാന്യം നൽകേണ്ട കാര്യവും. സ്വന്തം മണ്ഡലങ്ങളിലെ പ്രശ്‌നങ്ങൾ ഉന്നയിക്കുമ്പോഴും പാർലമെന്റിലെ മര്യാദകൾ എംപിമാർ പാലിക്കേണ്ടതുണ്ട്. പാർലമെന്റിലെ കീഴ്‌വഴക്കങ്ങൾ അനുസരിച്ച് വേണം പെരുമാറാൻ എന്നാണ് മോദിജി ഓർമിപ്പിച്ചത്. ഇന്നലെ രാഹുൽ ഗാന്ധി സഭയിൽ പെരുമാറിയത് പോലെ പെരുമാറരുത് എന്നാണ് ഞങ്ങൾക്ക് കിട്ടിയിരിക്കുന്ന ഉപദേശം. അത് ഞങ്ങൾക്കൊരു പാഠമാണ്. അദ്ദേഹം സ്പീക്കറെ അപമാനിച്ചു. എൻഡിഎയിൽ നിന്നൊരു എംപി ഒരിക്കലും അങ്ങനെ ചെയ്യരുതെന്നാണ് മോദിജിയുടെ ഓർമപ്പെടുത്തൽ. ഞങ്ങൾ അത് അനുസരിക്കുകയും ചെയ്യും". റിജിജു കൂട്ടിച്ചേർത്തു.

സഭയിൽ ഭരണപക്ഷത്തെ നിർത്തിപ്പൊരിക്കുന്ന പ്രസംഗമാണ് ഇന്നലെ രാഹുൽ ഗാന്ധി നടത്തിയത്. മണിപ്പൂർ സംഘർഷം ആവർത്തിച്ചും ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളും കർഷക, നീറ്റ്, അഗ്നിപഥ് വിഷയങ്ങൾ ഉയർത്തിയുമായിരുന്നു രാഹുലിന്റെ പ്രസംഗം. ഇന്ത്യയെന്ന ആശയം ആക്രമിക്കപ്പെട്ടെന്നും അതിന് അയോധ്യതന്നെ ബി.ജെ.പിക്ക് മറുപടി നൽകിയെന്നും രാഹുൽ വിമർശിച്ചു.ഭരണ ഘടന ഉയർത്തിയാണ് ഒരു മണിക്കൂർ നാല്പത് മിനിറ്റ് നീണ്ട പ്രസംഗം രാഹുൽ ഗാന്ധി തുടങ്ങിയത്. പ്രതിപക്ഷ ബഹളവും ഇടപെടലുകളും വകവയ്ക്കാതെ വിഷയങ്ങൾ എണ്ണിപ്പറഞ്ഞ് പ്രസംഗം തുടർന്ന രാഹുൽ ഹിന്ദുവിന്റെ പേരിൽ ബിജെപി അക്രമം നടത്തുകയാണെന്നും കുറ്റപ്പെടുത്തി.

രാഹുലിന്റെ ഹിന്ദു പരാമർശം വലിയ വിവാദമാണ് സൃഷ്ടിച്ചത്. രാഹുൽ എല്ലാ ഹിന്ദുക്കളെയും അക്രമികളെന്ന് വിളിച്ചുവെന്നും പരാമർശത്തിന് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് മോദിയും അമിത് ഷായുമുൾപ്പടെ രംഗത്തെത്തി. വിവാദങ്ങൾക്ക് പിന്നാലെ രാഹുലിന്റെ പ്രസംഗത്തിലെ ഹിന്ദു പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കി.

TAGS :

Next Story