Quantcast

പ്രധാനമന്ത്രി മൗനത്തില്‍, വര്‍ഗീയ കലാപങ്ങളെ അപലപിക്കുന്നില്ല: രാജസ്ഥാന്‍ മുഖ്യമന്ത്രി

സ്വന്തം പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ഗെഹ്‍ലോട്ട് ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    19 April 2022 6:31 AM GMT

പ്രധാനമന്ത്രി മൗനത്തില്‍, വര്‍ഗീയ കലാപങ്ങളെ അപലപിക്കുന്നില്ല: രാജസ്ഥാന്‍ മുഖ്യമന്ത്രി
X

ജയ്പൂര്‍: രാജ്യത്തെ വര്‍ഗീയ കലാപങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിശബ്ദത പാലിക്കുകയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട്. പ്രധാനമന്ത്രി വര്‍ഗീയ കലാപങ്ങളെ അപലപിക്കാന്‍ തയ്യാറാകുന്നില്ലെന്നും ഗെഹ്‍ലോട്ട് കുറ്റപ്പെടുത്തി. ജയ്പൂരിലെ ഔദ്യോഗിക വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അശോക് ഗെഹ്‍ലോട്ട്.

രാജസ്ഥാനിലെ കരൗലിയിൽ അടുത്തിടെ നടന്ന വർഗീയ കലാപത്തിൽ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ഗെഹ്‌ലോട്ട് പറഞ്ഞു. സ്വന്തം പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ഗെഹ്‍ലോട്ട് ബിജെപി നേതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം കരൗലിയിലെ സംഘർഷം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും അക്രമം തടയുന്നതില്‍ സംസ്ഥാന സർക്കാര്‍ പരാജയപ്പെട്ടെന്നും ബി.ജെ.പി കോണ്‍ഗ്രസ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി- "ശോഭായാത്ര കടന്നുപോകുന്നതിന് മുമ്പ് ടെറസുകളിൽ എങ്ങനെയാണ് ഇത്രയധികം കല്ലുകൾ ശേഖരിച്ചത്?" എന്നാണ് രാജസ്ഥാനിലെ ബി.ജെ.പി അധ്യക്ഷന്‍ ഡോ. സതീഷ് പൂനിയയുടെ ചോദ്യം. പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ചയുണ്ടായെന്നും ഇത്തരമൊരു കാര്യം സംഭവിക്കുമെന്ന് ഇന്‍റലിജൻസ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നില്ലേ എന്നുമാണ് കരൗലിയിലെ ബി.ജെ.പി എം.പി മനോജ് രജോറിയയുടെ ചോദ്യം.

വർഗീയ കലാപങ്ങൾക്കെതിരെ 13 പ്രതിപക്ഷ പാർട്ടി നേതാക്കള്‍

നേരത്തെ രാജ്യത്തെ 13 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കള്‍ വർഗീയ കലാപങ്ങൾക്കും വിദ്വേഷ പ്രസംഗങ്ങൾക്കും എതിരെ പ്രതികരിച്ചിരുന്നു. വർഗീയ സംഘർഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശബ്ദതയെ പ്രതിപക്ഷ പാർട്ടി നേതാക്കള്‍ അപലപിച്ചു. ജനങ്ങളോട് സമാധാനവും സൗഹാർദവും നിലനിർത്താൻ അഭ്യർഥിച്ച നേതാക്കള്‍, വർഗീയ അക്രമം നടത്തുന്നവരെ കർശനമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

"ഇന്ത്യയുടെ ബഹുവിധ വൈവിധ്യങ്ങളെ കുറിച്ച് പ്രധാനമന്ത്രി ധാരാളം സംസാരിക്കുന്നു. പക്ഷേ അദ്ദേഹത്തിന്റെ ഭരണകാലത്ത്, നൂറ്റാണ്ടുകളായി നമ്മുടെ സമൂഹത്തെ നിർവചിക്കുകയും സമ്പന്നമാക്കുകയും ചെയ്ത സമ്പന്നമായ വൈവിധ്യം ഭിന്നിപ്പിക്കപ്പെടുന്നു. ഭക്ഷണം, വസ്ത്രധാരണം, വിശ്വാസം, ഉത്സവങ്ങൾ, ഭാഷ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ നമ്മുടെ സമൂഹത്തെ ധ്രുവീകരിക്കാൻ ഭരണ സംവിധാനത്തിലെ വിഭാഗങ്ങൾ ബോധപൂർവം ഉപയോഗിക്കുന്നു. രാജ്യത്ത് വിദ്വേഷ പ്രസംഗങ്ങള്‍ വര്‍ധിക്കുന്നതില്‍ ഞങ്ങൾ അതീവ ഉത്കണ്ഠാകുലരാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ അടുത്തിടെ നടന്ന വർഗീയ കലാപങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. വിദ്വേഷവും മുൻവിധിയും പ്രചരിപ്പിക്കുന്നതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകള്‍ ദുരുപയോഗം ചെയ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ മൌനം ഞെട്ടിച്ചു"- പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ അധ്യക്ഷയുമായ മമത ബാനർജി, തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം കെ സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെ.എം.എം അധ്യക്ഷനുമായ ഹേമന്ത് സോറൻ, മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ആർ.ജെ.ഡി അധ്യക്ഷൻ തേജസ്വി യാദവ്, നാഷണല്‍ കോണ്‍ഫ്രന്‍സ് പ്രസിഡന്‍റ് ഫാറൂഖ് അബ്ദുല്ല, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ, ഫോർവേഡ് ബ്ലോക് ജനറല്‍ സെക്രട്ടറി ദേബബ്രത ബിശ്വാസ്, ആർ.എസ്.പിയുടെ മനോജ് ഭട്ടാചാര്യ, സി.പി.ഐ (എം.എൽ) ലിബറേഷന്‍റെ ദീപങ്കർ ഭട്ടാചാര്യ എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടത്.

Summary- Rajasthan Chief Minister Ashok Gehlot lashed out at Prime Minister Narendra Modi, accusing him of staying silent on incidents of communal violence

TAGS :

Next Story