''75 വര്‍ഷം കൊണ്ട് ഇന്ത്യയുണ്ടാക്കിയതെല്ലാം പ്രധാനമന്ത്രി വില്‍ക്കുന്നു''; രാഹുല്‍ഗാന്ധി
''യുക്തിസഹമായ സ്വകാര്യവത്കരണമാണ് കോൺഗ്രസ് നടത്തിയത്, സ്വകാര്യ മേഖലയോട് കിടപിടിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളെ കോണ്‍ഗ്രസ് തൊട്ടിട്ടില്ല''
മോദിസർക്കാർ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിക്കെതിരെ വിമർശനവുമായി കോൺഗ്രസ്. 70 വർഷമായി രാജ്യത്ത് ഒരു വികസനവുമില്ലെന്ന് പറയുന്നവർ തന്നെ രാജ്യത്തിന്‍റെ 70 വർഷത്തെ ആസ്തികൾ വിൽക്കുകയാണെന്ന് രാഹുൽഗാന്ധി പറഞ്ഞു.
യുക്തിസഹമായ സ്വകാര്യവത്കരണമാണ് കോൺഗ്രസ് നടത്തിയത്. റെയിൽവേ, വാതക പൈപ്പ്ലൈൻ, വൈദ്യുതി ലൈനുകൾ, ദേശീയപാതകൾ തുടങ്ങി നിർണായക മേഖലകൾ പതിച്ചു കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നത്. നഷ്ടത്തിലോടുന്ന, വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്താത്ത സ്ഥാപനങ്ങളാണ് കോൺഗ്രസ് സ്വകാര്യവത്കരിച്ചത്. സ്വകാര്യ മേഖലയോട് കിടപിടിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളെ തൊട്ടില്ലെന്നും രാഹുൽഗാന്ധി വ്യക്തമാക്കി.
ചങ്ങാതികളായ മൂന്നോ നാലോ വ്യവസായികളെ കൊഴുപ്പിക്കാനാണ് മോദി ശ്രമിക്കുന്നത്. ഇതിനകം ചില വിമാനത്താവളവും തുറമുഖവുമൊക്ക ആരുടെ കൈയിലേക്കാണ് പോയതെന്ന് എല്ലാവർക്കുമറിയാം. അവർക്കു തന്നെ വീണ്ടും തീറെഴുതുകയാണ്. ദേശീയ ധനസമാഹരണ പരിപാടി വ്യവസായികൾക്കുള്ള സൗജന്യ സമ്മാനമാണ്. വിൽപനക്ക് വെക്കുന്ന മേഖലകളിലെ തൊഴിലവസരങ്ങൾ യുവാക്കൾക്ക് നഷ്ടപ്പെടും. യുവജനങ്ങൾക്ക് പണി നൽകുന്നത് കോർപറേറ്റുകളുടെ ഉത്തരവാദിത്തമല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Adjust Story Font
16