'കച്ചത്തീവ്' ഉയർത്തിയത് മോദിയുടെ ഉത്തരവാദിത്തമില്ലായ്മ: കോൺഗ്രസ്
"തമിഴ്‌നാട്ടിൽ ബിജെപിക്ക് പിന്തുണ ലഭിക്കാൻ അവർ കച്ചത്തീവ് ഉപയോഗിച്ചു, ചരിത്രം വളച്ചൊടിക്കൽ തന്നെയാണത്"
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി കച്ചത്തീവ് വിഷയം ഉപയോഗിച്ചത് തികച്ചും നിരുത്തരവാദിത്തപരമെന്ന് കോൺഗ്രസ്. കച്ചത്തീവ് രാഷ്ട്രീയവത്കരിച്ചത് ഇന്ത്യ-ശ്രീലങ്ക ബന്ധത്തിന് ഭീഷണിയുണ്ടാക്കിയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ചൂണ്ടിക്കാട്ടി.
കച്ചത്തീവ് വിഷയം മോദിയുടെ ഉത്തരവാദിത്തമില്ലായ്മയുടെ മികച്ച ഉദാഹരണമെന്നാണ് ജയറാം രമേശ് വിമർശിച്ചത്. ബിജെപി ചരിത്രം വളച്ചൊടിക്കുകയാണന്നും അദ്ദേഹം എക്‌സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. കുറിപ്പിൽ മൂന്നിലൊന്ന് പ്രധാനമന്ത്രിയെന്ന വിവാദപരമായ പരാമർശം ആവർത്തിക്കാനും ജയറാം രമേശ് മറന്നില്ല.
"മൂന്നിലൊന്ന് പ്രധാനമന്ത്രി ഉയർത്തിക്കൊണ്ടുവന്ന്, അണികൾ ഏറ്റുപിടിച്ച കച്ചത്തീവ് വിഷയം ഓർക്കുന്നില്ലേ. തമിഴ്‌നാട്ടിൽ ബിജെപിക്ക് പിന്തുണ ലഭിക്കാൻ അവർ കച്ചത്തീവ് ഉപയോഗിച്ചത് തികച്ചും നിരുത്തരവാദിത്തപരമായിരുന്നു. ചരിത്രം വളച്ചൊടിക്കൽ തന്നെയാണത്. അത് ശ്രീലങ്കയുമായുള്ള നമ്മുടെ ബന്ധത്തിൽ പ്രതിസന്ധി സൃഷ്ടിച്ചു. പക്ഷേ തമിഴ്‌നാട് ചെയ്തതെന്താണ്? അവരതിന് ചുട്ട മറുപടി നൽകി.
തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ എന്നന്നേക്കുമായി പരിഹരിക്കേണ്ടത് അനിവാര്യതയായിക്കഴിഞ്ഞിരിക്കുകയാണ്. പക്ഷേ അയൽരാജ്യങ്ങളെ ഇങ്ങനെ അകറ്റി നിർത്തുന്ന പ്രസ്താവനകൾ ഭരണാധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് എങ്ങനെ ശരിയാകും? പ്രത്യേകിച്ച് അയൽരാജ്യങ്ങൾക്ക് മുൻഗണന നൽകുന്നുവെന്ന് വീമ്പ് പറയുന്ന ഒരു പ്രധാനമന്ത്രിയിൽ നിന്ന്? അദ്ദേഹമതിന് മറുപടി പറയുമോ എന്നാണ് കണ്ടറിയേണ്ടത്". ജയറാം രമേശ് പറഞ്ഞു
കച്ചത്തീവ് ദ്വീപ് 1947ൽ ശ്രീലങ്കയ്ക്ക് കൈമാറാനുള്ള ഇന്ദിരാഗാന്ധി സർക്കാരിന്റെ തീരുമാനത്തെക്കുറിച്ചുള്ള വിവരാവകാശ റിപ്പോർട്ടിനെ തുടർന്ന് പ്രധാനമന്ത്രി കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയുണ്ടായതാണ് കച്ചത്തീവ് വിവാദം. പാക് കടലിടുക്കിൽ രാമേശ്വരത്ത് നിന്ന് 14 നോട്ടിക്കൽ മൈൽ അകലെ 285 ഏക്കറിലുള്ള ആൾത്താമസമില്ലാത്ത ചെറുദ്വീപാണ് കച്ചത്തീവ്.
രാമനാഥപുരം രാജകുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്നു ഈ ദ്വീപ്. 1921 മുതൽ തന്നെ അന്ന് ബ്രിട്ടീഷ് കോളനികളായിരുന്ന ഇന്ത്യയും ശ്രീലങ്കയും ദ്വീപിന് ചുറ്റും മത്സ്യബന്ധനത്തിന് അവകാശവാദമുന്നയിച്ചിരുന്നു. എന്നാൽ 1974ൽ ഇന്ത്യ, ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിലെ അതിർത്തി നിർണയിക്കുന്ന കരാറിൽ ഒപ്പുവയ്ക്കുകയും കച്ചത്തീവ് ലങ്കൻ അതിർത്തിയുടെ ഭാഗത്താവുകയും ചെയ്തു.
ഇന്ത്യയിൽ നിന്നുള്ള തമിഴ് മത്സ്യത്തൊഴിലാളികളെ സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ലങ്കൻ നാവികസേന നിരന്തരം ആക്രമിക്കുന്ന സാഹചര്യമുണ്ടായതോടെ തമിഴ്‌നാട്ടിലെ പ്രധാന ചർച്ചാവിഷയമായി കച്ചത്തീവ്.
ഇന്ദിരാഗാന്ധി ഒപ്പു വച്ച കച്ചത്തീവ് കരാറുയർത്തിയാണ് ബിജെപി വിവാദങ്ങൾക്ക് തിരികൊളുത്തിയത്. കോൺഗ്രസ് കച്ചത്തീവ് നിർദാക്ഷിണ്യം ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തുവെന്നായിരുന്നു മോദിയുടെ പരാമർശം. 1961ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു കച്ചത്തീവ് വിട്ടുകൊടുക്കുന്നതിൽ പ്രശ്‌നമില്ലെന്ന് പറയുന്ന മിനുട്‌സ് കിട്ടിയെന്ന തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈയുടെ വാദം അടിസ്ഥാനമാക്കിയായിരുന്നു ബിജെപിയുടെ നീക്കം.
എന്നാൽ ദക്ഷിണേന്ത്യയിൽ വോട്ട് പിടിക്കാൻ മോദി സർക്കാർ പയറ്റുന്ന അടവാണിതെന്നായിരുന്നു വിവാദങ്ങളോട് കോൺഗ്രസിന്റെ മറുപടി. 1974ലും 1976ലും ഒപ്പുവച്ച കരാറുകളിൽ കച്ചത്തീവ് വിട്ടുകൊടുക്കുന്നതായോ ദ്വീപിൽ അവകാശവാദമുന്നയിക്കുന്നതായോ തെളിഞ്ഞിട്ടില്ലെന്ന 2015ലെ ഒരു വിവരാവകാശ രേഖയും കോൺഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.
Adjust Story Font
16