'ഞാൻ മരിച്ചാൽ അതൊരു കഥയാവട്ടെ'; ആ കവിതയുടെ 36ാം ദിനം പ്രമുഖ ഫലസ്തീൻ കവി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു
ഗസ്സയിൽ ഡിസംബർ ഏഴിന് ഇസ്രായേൽ സേന നടത്തിയ വ്യോമാക്രമണത്തിലാണ് ഫലസ്തീൻ കവിയും എഴുത്തുകാരനും പ്രൊഫസറും ആക്ടിവിസ്റ്റുമായ റിഫാത്ത് കൊല്ലപ്പെട്ടത്.
ഗസ്സ: 'ഞാൻ മരിച്ചാൽ നിങ്ങൾ ജീവിച്ചിരിക്കണം. എന്റെ കഥ പറയാൻ, എന്റെ സാധനങ്ങൾ വിൽക്കാൻ, എനിക്കായി ഒരു കഷ്ണം തുണിയും കുറച്ച് നൂലും വാങ്ങാൻ (അതുകൊണ്ട് നീളമുള്ള ഒരു പട്ടമുണ്ടാക്കണം). സ്വർഗത്തിലേക്ക് നോക്കിയിരിക്കുന്ന ഗസ്സയിലെ ആ കുഞ്ഞ് ആ പട്ടം കാണട്ടെ. എല്ലാ പ്രതീക്ഷകളും നഷ്ടമായി പിതാവിനെയും കാത്തിരിക്കുമ്പോൾ ആ പട്ടം കണ്ട് അവൻ കരുതട്ടെ, ആകാശത്തൊരു മാലാഖയുണ്ടെന്നും ആ മാലാഖ സ്‌നേഹം വർഷിക്കുമെന്നും. ഞാൻ മരിച്ചാൽ അത് പ്രതീക്ഷയേകുന്നതാകട്ടെ, അതൊരു കഥയാവട്ടെ...'- പ്രശസ്ത ഫലസ്തീനി കവിയും പണ്ഡിതനുമായ ഡോ. റിഫാത്ത് അലാറീർ ഒരുമാസം മുമ്പ്, കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ നവംബർ ആറിന് കുറിച്ച് എക്‌സിൽ പങ്കുവച്ച കവിതയാണ്.
'ഞാൻ മരിച്ചാൽ അതൊരു കഥയാവട്ടെ'- എന്നാണ് കവിതയ്ക്ക് അദ്ദേഹം കൊടുത്ത തലക്കെട്ട്. കവിതയിലെ വരികൾ പോലെ തന്നെ അദ്ദേഹവും ആ ജീവിതവും ഈ വരികളുമെല്ലാം ഇനിയൊരു കഥയായി ലോകം പറയും. ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് പ്രചോദനമേകും. ഇന്ന് റിഫാത്ത് ഈ ലോകത്തില്ല. ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു.
ഗസ്സയിൽ ഡിസംബർ ഏഴിന് ഇസ്രായേൽ സേന നടത്തിയ വ്യോമാക്രമണത്തിലാണ് ഫലസ്തീൻ കവിയും എഴുത്തുകാരനും പ്രൊഫസറും ആക്ടിവിസ്റ്റുമായ റിഫാത്ത് കൊല്ലപ്പെട്ടത്. അദ്ദേഹത്തോടൊപ്പം സഹോദരനും സഹോദരിയും അവളുടെ നാല് മക്കളും കൊല്ലപ്പെട്ടു. റഫാത്തിന്റെ ഭാര്യ നുസൈബയും മക്കളും തലനാരിഴയ്ക്ക് രക്ഷപെട്ടു.
2007 മുതൽ ഗസ്സയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ ലിറ്ററേറ്റർ, ക്രിയേറ്റീവ് റൈറ്റിങ് വിഭാഗത്തിലെ പ്രൊഫസറായിരുന്നു ഡോ. റിഫാത്ത്. ഗസ്സ അൺസൈലൻസ്ഡിന്റെ കോ-എഡിറ്ററും (2015) ഗസ്സ റൈറ്റ്സ് ബാക്ക്: ഷോർട്ട് സ്റ്റോറീസ് ഫ്രം യങ് റൈറ്റേഴ്‌സ് ഇൻ ഗസ്സ, ഫലസ്തീനിന്റെ എഡിറ്ററും (2014) ആയിരുന്നു.
2014ലെ ഇസ്രായേൽ ആക്രമണത്തിന് ശേഷം ഗസ്സയിൽ ആരംഭിച്ച എൻ.ജി.ഒ ആയ വീ ആർ നോട്ട് നമ്പേഴ്‌സിന്റെ സ്ഥാപകരിൽ ഒരാളാണ് ഡോ. റിഫാത്ത്. ഫലസ്തീൻ വിഷയത്തിൽ അഗാധമായ മാറ്റം കൊണ്ടുവരാൻ കഴിയുന്ന പുതു തലമുറ പലസ്തീനിയൻ എഴുത്തുകാരെയും ചിന്തകരെയും സൃഷ്ടിക്കാൻ പ്രവർത്തിക്കുന്ന സംഘടനയാണ് വീ ആർ നോട്ട് നമ്പേഴ്‌സ്.
"റിഫാത്ത് ഇൻ ഗസ്സ" എന്ന തന്റെ ജനപ്രിയ ട്വിറ്റർ അക്കൗണ്ടിലൂടെ അദ്ദേഹം ഫലസ്തീനി ജനതയ്ക്കെതിരെ ഇസ്രായേൽ സേനയും യു.എസ് ഭരണകൂടങ്ങളും നടത്തുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. ഇതിനൊപ്പമായിരുന്നു 'ഞാൻ മരിച്ചാൽ അതൊരു കഥയാവട്ടെ' എന്ന കവിതയും കുറിച്ചത്. 'ഫ്രീ ഫലസ്തീൻ, ഗസ്സ' എന്ന ഹാഷ്ടാഗുകളും ഇതോടൊപ്പം ചേർത്തിരുന്നു. ഫലസ്തീൻ വിഷയത്തിൽ ടി.വി ചാനൽ ചർച്ചകളിലും അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നു.
റിഫാത്തിന്റെ മരണം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ, സഹപ്രവർത്തകർ, മുൻ വിദ്യാർഥികൾ തുടങ്ങിയവരിൽ വലിയ ഞെട്ടലുണ്ടാക്കി. മരണത്തിൽ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തിയും വിശ്വസിക്കാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയും അദ്ദേഹത്തിന്റെ നിരവധി പ്രിയപ്പെട്ടവർ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Adjust Story Font
16