Quantcast

'ബലിയറുത്തത് പശുവിനെയല്ല'; മുസ്‌ലിം വ്യാപാരിയുടെ വസ്ത്രാലയം അടിച്ചുതകര്‍ത്ത സംഭവത്തില്‍ പൊലീസ്

പശുവിനെ ബലിയറുത്തെന്ന് ആരോപിച്ചായിരുന്നു ഹിന്ദുത്വ സംഘം യു.പി സ്വദേശിയായ ജാവേദിന്റെ ടെക്‌സ്റ്റൈല്‍ സ്ഥാപനം കൊള്ളയടിക്കുകയും അടിച്ചുതകര്‍ക്കുകയും ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2024-06-22 16:45:51.0

Published:

22 Jun 2024 2:21 PM GMT

The UP police confirms that the textiles owner did not slaughter a cow, after the shop attack in Himachal Pradeshs Nahan
X

ജാവേദ്, കട ആക്രമിക്കുന്ന ഹിന്ദുത്വ സംഘം, യു.പിയിലെ ഷംലി എസ്.പി

ലഖ്‌നൗ/ഷിംല: ഹിമാചല്‍പ്രദേശില്‍ മുസ്‌ലിം വ്യാപാരിയുടെ ടെക്‌സ്റ്റൈല്‍ സ്ഥാപനം അടിച്ചുതകര്‍ത്ത സംഭവത്തില്‍ പുതിയ വിശദീകരണവുമായി പൊലീസ്. പശുവിനെ ബലിയറുത്ത് ചിത്രം വാട്‌സ്ആപ്പില്‍ സ്റ്റാറ്റസാക്കി എന്ന് ആരോപിച്ചായിരുന്നു ഹിന്ദുത്വ സംഘത്തിന്റെ അതിക്രമം. എന്നാല്‍, വ്യാപാരിയായ ഉത്തര്‍പ്രദേശ് സഹാറന്‍പൂര്‍ സ്വദേശി ജാവേദ് അറുത്തത് പശുവിനെയല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.

യു.പിയിലെ ഷംലി പൊലീസാണ് സംഭവം അന്വേഷിച്ചത്. ജാവേദ് ബലിയറുത്തത് പശുവിനെയല്ലെന്ന് എസ്.പി വ്യക്തമാക്കി. നിയമപരമായാണ് ബലികര്‍മം നടന്നതെന്നും പൊലീസ് പറഞ്ഞു. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം ഭീകരമായിരുന്നു. അതിനാല്‍, മതവികാരം വ്രണപ്പെടുത്തിയതിനു യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ബലിപെരുന്നാളിന്റെ പിറ്റേന്നായിരുന്നു ഹിമാചലിലെ സിര്‍മൗര്‍ ജില്ലയിലുള്ള നഹാനില്‍ ജാവേദിന്റെ വസ്ത്രാലയം ഹിന്ദുത്വ സംഘം സംഘടിച്ചെത്തി ആക്രമിച്ചത്. ബലിപെരുന്നാള്‍ ആഘോഷത്തിനായി ജാവേദ് നാട്ടിലേക്കു പോയ സമയത്തായിരുന്നു സംഭവം. സിര്‍മൗറിലെ ബനേഥി സ്വദേശി രാജ്കുമാര്‍ ഫേസ്ബുക്കിലിട്ട വിഡിയോ ആയിരുന്നു ആക്രമണത്തിനു പ്രകോപനമായത്. ജാവേദ് പശുവിനെ ബലിയറുത്തെന്നും വാട്സ്ആപ്പില്‍ ഇതിന്റെ ചിത്രം സ്റ്റാറ്റസ് ആക്കിയിട്ടുണ്ടെന്നുമായിരുന്നു ഇയാള്‍ വിഡിയോയില്‍ ആരോപിച്ചത്. ഇതിനെതിരെ പ്രതിഷേധിക്കാനായി എല്ലാവരും ജാവേദിന്റെ കടയ്ക്കു മുന്നിലെത്തണമെന്നും ആവശ്യപ്പെട്ടു.

വിഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും മണിക്കൂറുകള്‍ക്കകം വസ്ത്രാലയത്തിനു മുന്നില്‍ ആള്‍ക്കൂട്ടം തടിച്ചുകൂടുകയും ചെയ്തു. കട കുത്തിത്തുറന്ന ആള്‍ക്കൂട്ടം വസ്ത്രങ്ങളെല്ലാം കൊള്ളയടിച്ചു. കട അടിച്ചുതകര്‍ത്താണു സംഘം മടങ്ങിയതെന്നാണ് ജില്ലാ പൊലീസ് സുപ്രണ്ട് രമണ്‍കുമാര്‍ മീണ പറഞ്ഞത്. ആക്രമണത്തിനുശേഷം സംഘം ഡെപ്യൂട്ടി പൊലീസ് കമ്മിഷണറുടെ വസതിയിലേക്കു മാര്‍ച്ച് നടത്തുകയും ചെയ്തു. മതവികാരം വ്രണപ്പെടുത്തിയതിന് ജാവേദിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

സംഭവത്തിനു പിന്നാലെ നഹാനിലെ മറ്റ് മുസ്ലിം വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ വി.എച്ച്.പി, ബജ്റങ്ദള്‍ നേതാക്കള്‍ അന്ത്യശാസനം മുഴക്കിയിരുന്നു. കടകള്‍ ഒഴിഞ്ഞുപോകണമെന്നാണു ഭീഷണി. സഹാറന്‍പൂര്‍ സ്വദേശികളായ ഏഴ് മുസ്ലിം വ്യാപാരികള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഇവര്‍ കടകള്‍ അടച്ചിട്ടിരിക്കുകയാണ്.

Summary: The UP police confirms that the textiles owner did not slaughter a cow, after the shop attack in Himachal Pradesh's Nahan

TAGS :

Next Story