Quantcast

എം.എല്‍.എയുടെ ചിത്രം പതിച്ച 500 പ്രഷര്‍ കുക്കറുകള്‍; തെരഞ്ഞെടുപ്പിന് സൗജന്യമായി വിതരണം ചെയ്യാനിരുന്ന ഗൃഹോപകരണങ്ങള്‍ പിടിച്ചെടുത്തു

വടക്കുപടിഞ്ഞാറൻ ബെംഗളൂരുവിലെ രാജഗോപാലനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബൃന്ദാവൻ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം

MediaOne Logo

Web Desk

  • Published:

    31 March 2023 4:12 AM GMT

pressure cooker
X

പ്രഷര്‍ കുക്കര്‍

ബെംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. വോട്ട് പിടിക്കാന്‍ പല തന്ത്രങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. സൗജന്യമായി പല സാധനങ്ങളും വിതരണം ചെയ്യുകയാണ് ഒരു രീതി. അത്തരത്തില്‍ വിതരണം ചെയ്യാനിരുന്ന പ്രഷര്‍ കുക്കറുകളും മറ്റ് ഗൃഹോപകരണങ്ങളും ബെംഗളൂരുവില്‍ പൊലീസ് പിടിച്ചെടുത്തു.

500ലധികം പ്രഷര്‍ കുക്കറുകളാണ് പിടിച്ചെടുത്തത്. വടക്കുപടിഞ്ഞാറൻ ബെംഗളൂരുവിലെ രാജഗോപാലനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബൃന്ദാവൻ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. സ്വകാര്യ കമ്പനിയായ ലോകേഷ് കാർഗോ മൂവേഴ്‌സിന്‍റെ ലോറി (കെഎ 52/ബി 5569) ഉദ്യോഗസ്ഥർ തടഞ്ഞപ്പോഴാണ് കുക്കറുകള്‍ അടക്കമുള്ള സാധനങ്ങള്‍ കണ്ടെടുത്തത്. ഗ്രീൻഷെഫാണ് കുക്കറുകൾ നിർമ്മിച്ചതെന്നും ദാസറഹള്ളി ജെഡി(എസ്) എം.എൽ.എ ആർ. മഞ്ജുനാഥിന്‍റെ ചിത്രം ഓരോന്നിലും ഒട്ടിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. ഇവയ്ക്ക് 8.5 ലക്ഷത്തിലധികം വിലവരും. രാജഗോപാലനഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഞായറാഴ്ച ബനശങ്കരി ആറാം സ്റ്റേജിൽ നൈസ് റോഡ് ജംഗ്ഷനിലെ 100 ഫീറ്റ് റോഡിൽ നിന്നും പണവും കിച്ചന്‍ സെറ്റും അടങ്ങിയ സാധനങ്ങള്‍ പിടിച്ചിരുന്നു. ഇവ കൊണ്ടുവന്ന മാരുതി സുസുക്കി ബ്രസയും പൊലീസ് പിടിച്ചെടുത്തു. 5.5 ലക്ഷം രൂപയോളം വാഹനത്തിലുണ്ടായിരുന്നു. പണത്തെ കുറിച്ച് ചോദിച്ചപ്പോൾ താൻ ഒരു സ്വകാര്യ സ്ഥാപനത്തിലെ കാഷ്യർ കളക്ടറാണെന്നും പണം തൊഴിലുടമയുടേതാണെന്നും കാർ ഡ്രൈവർ രാജു എസ് പൊലീസിനോട് പറഞ്ഞു. എന്നാൽ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ രാജുവിന് സാധിച്ചില്ല.

ശനിയാഴ്ച രാത്രി ടാക്സ് ഇൻസ്പെക്ടർ ആനന്ദ് എ ഒയും സംഘവും ശേഷാദ്രിപുരത്തെ സിരൂർ പാർക്കിലെ ആർ ഗുണ്ടുറാവു ക്രീഡംഗനയിൽ നിന്ന് 165 പെട്ടികൾ പിടിച്ചെടുത്തിരുന്നു. ഓരോ ബോക്സിലും 11 സ്മാർട്ട് ഷെഫ് ഗിഫ്റ്റ് സെറ്റുകൾ അടങ്ങിയിട്ടുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രി ഹലാസുറുഗേറ്റ്, എസ്‌ജെ പാർക്ക് പൊലീസ് ലക്ഷക്കണക്കിന് രൂപ പിടിച്ചെടുത്ത് രേഖകൾ പരിശോധിച്ചുവരികയാണ്.

TAGS :

Next Story