വിഷവും കയറും ആവശ്യപ്പെട്ടുള്ള രോഹിത് വെമുലയുടെ കത്ത് അവഗണിച്ചു; പൊലീസ് സമയം ചെലവഴിച്ചത് ജാതി തെളിയിക്കാൻ മാത്രം
മരണത്തിന് ഉത്തരവാദികളായവരുടെ പങ്ക് അന്വേഷിക്കാൻ പൊലീസ് കാര്യമായ ശ്രമങ്ങൾ നടത്തിയില്ല
ഹൈദരാബദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പി.എച്ച്.ഡി വിദ്യാർഥി രോഹിത് വെമുലയുടെ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട് പൊലീസ് പ്രധാനമായും അന്വേഷിച്ചത് അദ്ദേഹത്തിന്റെ ജാതി മാത്രം. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ പൊലീസ് അവഗണിച്ചെന്ന് കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള പൊലീസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. മരണത്തിന് ഉത്തരവാദികളായവരുടെ പങ്ക് അന്വേഷിക്കാനും പൊലീസ് കാര്യമായ ശ്രമങ്ങൾ നടത്തിയില്ല. ഹൈദരാബാദ് സർവ്വകലാശാല വൈസ് ചാൻസലർ പി. അപ്പ റാവു, സെക്കന്തരാബാദിലെ ബി.ജെ.പി എം.പി ബന്ദാരു ദത്താത്രേയ, എം.എൽ.സി എൻ. രാംചേന്ദർ റാവു, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവർക്കെതിരെയായിരുന്നു പ്രധാന ആരോപണം. മരണത്തിന് ഒരു മാസം മുമ്പ് വിഷവും കയറും ആവശ്യപ്പെട്ട് രോഹിത് വി.സിക്ക് എഴുതിയ കത്തും പൊലീസ് അവഗണിച്ചു. ഫെലോഷിപ്പ് തുക തടഞ്ഞുവെച്ചതിനെ തുടർന്നായിരുന്നു രോഹിതിന്റെ കത്ത്.
രോഹിത് വെമുല ദലിതനല്ലെന്നും തന്റെ യഥാർത്ഥ ജാതി പുറത്തറിയുമോ എന്ന ഭയത്താലാണ് ആത്മഹത്യ ചെയ്തതെന്നുമാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ടിനെതിരെ വലിയ പ്രതിഷേധം ഉയർന്നതോടെ പുനരന്വേഷണത്തിന് തെലങ്കാന സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. 2018 ൽ തയ്യാറാക്കിയ റിപ്പോർട്ട് 2024 മാർച്ച് 21നാണ് കോടതിയിൽ ഔദ്യോഗികമായി സമർപ്പിച്ചത്.
2016 ജനുവരി 17നാണ് ഹോസ്റ്റൽ മുറിയിൽ രോഹിത് ജീവനൊടുക്കുന്നത്. ആദ്യം അന്വേഷണം നടത്തിയത് ഹൈദരാബാദ് പൊലീസിലെ മദാപൂർ ഡിവിഷനിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ എ. രമണ കുമറായിരുന്നു. പിന്നീട് എ.സി.പി എൻ. ശ്യാം പ്രസാദ് റാവുവും ഒടുവിൽ എ.സി.പസി സി. ശ്രീകാന്തും അന്വേഷണത്തിന് നേതൃത്വം നൽകി.
രമണ കുമാർ അന്വേഷണം തുടങ്ങിയപ്പോൾ സർവകലാശാലയിൽ വിദ്യാർത്ഥി പ്രതിഷേധം നടക്കുകയായിരുന്നുവെന്നും അന്തരീക്ഷം അനുകൂലമല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സമയം ലാഭിക്കാനായി ആദ്യം സർവ്വകലാശാലക്ക് പുറത്ത് ലഭ്യമായ തെളിവുകൾ ശേഖരിക്കാനും തുടർന്ന് സാധാരണ നില പുനഃസ്ഥാപിക്കുമ്പോൾ സർവ്വകലാശാലയിൽ പരിശോധന നടത്താനും എ.സി.പി തീരുമാനിച്ചു.
രോഹിത് സ്‌കൂൾ വിദ്യാഭ്യാസം നടത്തിയ ഗുണ്ടൂരിലെ കണ്ണ സ്‌കൂൾ പ്രിൻസിപ്പലിനും ഇന്റർമീഡിയേറ്റ് പഠിച്ച ഹിന്ദുപുരിലെ എ.ആർ.ആർ.ജെ കോളജിലും ബിരുദം നേടിയ ഗുണ്ടൂരിലെ ഹിന്ദു കോളജിലും എ.സി.പി കത്ത് നൽകി. അപേക്ഷാ ഫോമുകൾ, ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ രേഖകളും വിവരങ്ങളുമാണ് ഇവിടെ നിന്ന് തേടിയത്.
2004-2006 കാലത്ത് രോഹിത് തങ്ങളുടെ സ്ഥാപനത്തിൽ പഠിച്ചിരുന്നുവെന്നും മാല വിഭാഗം പട്ടികജാതിക്കാരനാണെന്ന് കാണിച്ച് മുൻ പ്രിൻസിപ്പൽ നൽകിയ സർട്ടിഫിക്കറ്റിൻ്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അദ്ദേഹം സമർപ്പിച്ചിട്ടുണ്ടെന്നും അന്നത്തെ എ.ആർ.ആർ.ജെ കോളജിലെ പ്രിൻസിപ്പലായിരുന്ന ബി. കൊണ്ടയ്യ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചു. ഗുണ്ടൂരിലെ ഹിന്ദു കോളജിലെ പ്രിൻസിപ്പൽ രോഹിത് 2006-2009 കാലഘട്ടത്തിൽ ബി.എസ്‌സി പഠിച്ചതിൻ്റെയും അദ്ദേഹത്തിൻ്റെ ജാതി പട്ടികജാതിയായി രേഖപ്പെടുത്തിയതിൻ്റെയും വിവരങ്ങളും നൽകി.
തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥൻ രോഹിതിന്റെ പിതാവിന്റെയും മുത്തച്ഛന്റെയും അവർ താമസിക്കുന്ന ഗുരസാല ടൗൺ സർപഞ്ചിന്റെയും മൊഴി രേഖപ്പെടുത്തി. രോഹിതിൻ്റെ പിതാവ് വെമുല നാഗ മണി കുമാറും മുത്തച്ഛൻ വെങ്കിടേശ്വര്ലുവും വഡ്ഡേര സമുദായത്തിൽപ്പെട്ടവരാണ്. മണി കുമാറും വഡ്ഡേര വിഭാഗക്കാരിയായ രോഹിതിൻ്റെ അമ്മ രാധിക ബനാലയും തമ്മിൽ വിവാഹം കഴിച്ചു. വഡ്ഡേരയായി ജനിച്ച വെമുല രാധിക എന്തിനാണ് തൻ്റെ ജാതി പട്ടിക ജാതിയായി അവകാശപ്പെടുന്നത് എന്ന് തങ്ങൾക്ക് അറിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, രോഹിതിന്റെ മാതാവ് രാധികയെ തങ്ങൾ മാല വിഭാഗക്കാരായ ദമ്പതികളിൽ നിന്ന് ദത്തെടുക്കുകയായിരുന്നുവെന്ന് ഇവരുടെ വളർത്തമ്മ ബനാല അഞ്ജനി ദേവി മാധ്യമങ്ങളെ അറിയിച്ചിരുന്നു. വഡ്ഡേര സമുദായത്തിൽപ്പെട്ടയാളാണ് ദേവി. മണി കുമാറുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയതിന് ശേഷം തൻ്റെ യഥാർത്ഥ മാല ജാതിയിലേക്ക് മടങ്ങാൻ രാധിക തീരുമാനിക്കുകയായിരുന്നുവെന്നും ദേവി കൂട്ടിച്ചേർത്തു. റിട്ട. അധ്യാപികയായ ദേവി 2016 ഫെബ്രുവരി 23ന് അന്തരിച്ചു. ഇതിനാൽ തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇവരുടെ മൊഴി രേഖപ്പെടുത്താൻ സാധിച്ചില്ല.
രോഹിതിൻ്റെ പിതൃ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം, പിതാവിൻ്റെ ജാതി വിവരങ്ങൾ നൽകാൻ ഗുരസാല തഹസിൽദാറോട് അന്വേഷണ ഉദ്യോഗസ്ഥൻ അഭ്യർത്ഥിച്ചു. കുടുംബവുമായി തനിക്ക് അകന്ന ബന്ധമുണ്ടെന്നും അവർ വഡ്ഡേര ജാതിയിൽപ്പെട്ടവരാണെന്നും ഗുരസാല സർപഞ്ച് മഹങ്കാളി സീതമ്മയുടെ മൊഴിയും ഉദ്യോഗസ്ഥൻ രേഖപ്പെടുത്തി.
പിന്നീട് രോഹിതിന്റെ മാതാവ് രാധിക 6 മുതൽ 10 വരെ ക്ലാസ് പഠിച്ചിരുന്നതും വളർത്തമ്മ അഞ്ജനി ദേവി അധ്യാപികയായിരുന്നതുമായ ജലഗം രാമറാവു മെമ്മോറിയൽ മുനിസിപ്പൽ ഹൈസ്‌കൂളിൽ നിന്ന് പ്രവേശന രേഖകൾ ആവശ്യപ്പെട്ടു. രാധികയുടെ ജാതി വഡ്ഡേര എന്നാണ് അഞ്ജനി ദേവി പരാമർശിച്ചതെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്.
രാധികയുടെ വിവാഹത്തിന് മുമ്പുള്ള രേഖകൾ ഗുണ്ടൂർ തഹസിൽദാരോട് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. രോഹിതിൻ്റെ സഹോദരൻ രാജ ചൈതന്യ കുമാർ വെമുലക്ക് 2014 ജൂലൈ രണ്ടിന് വൈകി നൽകിയ ജനന സർട്ടിഫിക്കറ്റിൻ്റെ രേഖകൾ ഗുരസാല തഹസിൽദാർ സമർപ്പിച്ചു. അതിൽ രാധികയും ഭർത്താവ് മണി കുമാറും ജാതി വഡ്ഡേരയായാണ് കാണിച്ചിട്ടുള്ളത്. അതേസമയം രാജ, സഹോദരി നീലിമ, രോഹിത് എന്നിവർക്ക് യഥാക്രമം 2007, 2003, 2005 വർഷങ്ങളിൽ പട്ടികജാതി ജാതി സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.
രോഹിതിൻ്റെ മരണത്തെ തുടർന്ന് ഗുണ്ടൂർ ജില്ല കലക്ടർ രൂപീകരിച്ച ജില്ലാതല പരിശോധനാ സമിതി 2000 മുതൽ 2015 വരെ രാധിക, രോഹിത്, രാജ, നീലിമ എന്നിവർക്ക് ഒമ്പത് പട്ടികജാതി സർട്ടിഫിക്കറ്റുകൾ നൽകിയതായി കണ്ടെത്തി. ഇത് നിയമവിരുദ്ധമായി നേടിയതാണെന്ന് കാണിച്ച് ഇവ റദ്ദാക്കാൻ ശുപാർശ ചെയ്തുവെന്നും പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
രോഹിതിൻ്റെ മരണവുമായി ബന്ധപ്പെട്ട വസ്തുതകളും സാഹചര്യങ്ങളും പരിശോധിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച ജസ്റ്റിസ് അശോക് കുമാർ രൂപൻവാൾ കമ്മീഷൻ റിപ്പോർട്ടിലെ വിവരങ്ങളും പൊലീസിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. എ.ബി.വി.പിയിലെ ചില അംഗങ്ങളുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടുവെന്നാരോപിച്ച് രോഹിതിനെ ഹോസ്റ്റൽ മുറിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനെതിരെ രോഹിത് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നതിനാൽ ഇത് ആത്മഹത്യ ചെയ്യാനുള്ള കാരണമില്ലെന്ന രൂപൻവാൾ കമ്മീഷൻ്റെ നിരീക്ഷണം പൊലീസിന്റെ റിപ്പോർട്ടിൽ ഊന്നിപ്പറയുന്നു. ആത്മഹത്യക്ക് യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷൻ്റെയോ രാഷ്ട്രീയ നേതാക്കളുടെയോ വി.സിയുടെയോ നയങ്ങളോടും പ്രവർത്തനങ്ങളോടും ബന്ധമില്ലെന്ന രൂപൻവാളിൻ്റെ അഭിപ്രായവും പൊലീസ് റിപ്പോർട്ടിലുണ്ട്.
ഫെല്ലോഷിപ്പ് തുക മുടങ്ങിയതിനാൽ ആത്മഹത്യ ചെയ്യാൻ വിഷവും കയറും ആവശ്യപ്പെട്ട് 2015 ഡിസംബർ 18ന് രോഹിത് വി.സിക്ക് അയച്ച കത്തും പൊലീസ് മുഖവിലക്കെടുക്കുന്നില്ല. ആത്മഹത്യ ചെയ്തതിന്റെ ഒരു മാസം മുമ്പാണ് ഈ കത്തെഴുതിയതെന്നും അതിൽ പറഞ്ഞ കാര്യങ്ങളിലെ അമർഷം കാലക്രമേണ ഇല്ലാതായിട്ടുണ്ടാകുമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
രോഹിതിൻ്റെ മാതാപിതാക്കൾ വേർപിരിഞ്ഞിരിക്കുകയാണ്. പഠനത്തേക്കാൾ വിദ്യാർഥി രാഷ്ട്രീയത്തിലാണ് അവൻ ഇടപെടുന്നത്. താൻ പട്ടികജാതിക്കാരനല്ലെന്ന് രോഹിതിന് അറിയാം. അത് പുറത്തറിയുമോ എന്ന ഭയമുണ്ടായിരുന്നു. കുറ്റാരോപിതരുടെ പ്രവർത്തനങ്ങൾ ആത്മഹത്യയിലേക്ക് നയിച്ചുവെന്നതിന് തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഈ റിപ്പോർട്ടിനെതിരെ രോഹിത് വെമുലയുടെ കുടുംബവും വിവിധ വിദ്യാർഥി സംഘടനകളും രംഗത്തുവന്നതോടെയാണ് തെലങ്കാന സർക്കാർ പുനരന്വേഷണം പ്രഖ്യാപിച്ചത്. ഇൻസ്റ്റിറ്റ്യൂഷനൽ കൊലപാതകത്തിനിരയായ രോഹിത് വെമുലയുടെ മരണത്തിന് കാരണക്കാരായ ബി.ജെ.പി നേതാക്കളെയടക്കം രക്ഷിക്കാനാണ് പൊലീസ് വ്യാജ റിപ്പോർട്ട് തയാറക്കിയിരിക്കുന്നതെന്ന് വിദ്യാർഥി സംഘടനകൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ബി.ജെ.പിയും എ.ബി.വി.പിയും കെട്ടിച്ചമച്ച കഥകളാണ് പൊലീസ് കുറ്റപത്രത്തിലുള്ളത്. അക്കാദമിക് രേഖകളിലടക്കം ദലിത് എന്ന അടയാളപ്പെടുത്തിയ ഒരാളെയാണ് പൊലീസ് ദലിത് അല്ലെന്ന് അവകാശപ്പെടുന്നത്.
വ്യാജ റിപ്പോർട്ട് നൽകി രോഹിതിനെ വീണ്ടും അപമാനിക്കാനാണ് പൊലീസും ഭരണകൂടവും ശ്രമിക്കുന്നത്. പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് വലിയ ഞെട്ടലും നിരാശയുമാണുണ്ടാക്കുന്നത്. റിപ്പോർട്ടിൽ നിറയെ അവ്യക്തതകളും അസത്യങ്ങളുമാണുള്ളത്. രോഹിത്തിന്റെ കൊലപാതകത്തിൽ നീതി തേടി കഴിഞ്ഞ എട്ടുവർഷമായി നടക്കുന്ന പ്രക്ഷോഭങ്ങളെയും പോരാട്ടങ്ങളെയും പരിഹസിക്കുന്നതാണ് പൊലീസ് റിപ്പോർട്ടെന്നും വിദ്യാർഥി സംഘടനകൾ വ്യക്തമാക്കി.
ഗുണ്ടൂർ കലക്ടർ നൽകിയ ജാതി റിപ്പോർട്ടാണ് പൊലീസ് ആശ്രയിച്ചത്. ഇതിനെതിരെ കുടുംബം രംഗത്തുവന്നത് അന്വേഷണ ഉദ്യോഗസ്ഥർ അവഗണിച്ചു. ജില്ലാ കലക്ടറുടെ റിപ്പോർട്ടാണ് അന്തിമമെന്നും അതിനെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നുമാണ് പറയുന്നത്. എന്നാൽ, ഇതിനെതിരെ രോഹിതിന്റെ മതാവ് രാധിക നൽകിയ അപ്പീൽ പരിഗണിച്ചില്ല. കൂടാതെ യൂണിവേഴ്സിറ്റിയിൽ രോഹിത് വെമുല നേരിട്ട വിവേചനങ്ങളെയും പൊലീസ് അവഗണിച്ചുവെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.
യൂണിവേഴ്സിറ്റിയിൽ എ.ബി.വി.പി നേതാവ് സുശീൽ കുമാറിനെ മർദിച്ചുവെന്നാരോപിച്ച് രോഹിത് വെമുല അടക്കം അഞ്ചുപേരെ യൂണിവേഴ്സിറ്റി സസ്‍പെൻഡ് ചെയ്തിരുന്നു. അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ (എ.എസ്.എ) നടത്തിയ വിവിധ പരിപാടികളുടെ പേരിൽ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെയും സമ്മർദ്ദത്തിന്റെ ഫലമായിരുന്നു പുറത്താക്കൽ. തുടർന്ന് 12 ദിവസം നീണ്ടുനിന്ന രാപ്പകൽ സമരത്തിനൊടുവിലായിരുന്നു രോഹിത് വെമുല ജീവനൊടുക്കിയത്. സർവകലാശാലയിൽ നേരിട്ട ദലിത് വിവേചനത്തിൽ പ്രതിഷേധിച്ചായിരുന്നു രോഹിതിന്റെ ആത്മഹത്യ.
Adjust Story Font
16