ഒളിവിലുള്ളത് 3 പേർ; മൂസേവാല കൊലപാതകത്തിലെ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്
കൊലപാതകം ആസൂത്രണം ചെയ്തവരിൽ ഒരാളായ ദീപക് മുണ്ടെ ഉൾപ്പടെ മൂന്ന് പേർ ഇപ്പോഴും ഒളിവിലാണ്
ഡൽഹി: പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിൽ കൂടുതൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. ഒടുവിൽ അറസ്റ്റിലായ അങ്കിത് സിർസയെ ചോദ്യം ചെയ്താൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. കൊലപാതകം ആസൂത്രണം ചെയ്തവരിൽ ഒരാളായ ദീപക് മുണ്ടെ ഉൾപ്പടെ മൂന്ന് പേർ ഇപ്പോഴും ഒളിവിലാണ്.
കൊലപാതകവുമായി ബന്ധപ്പെട്ട് ഇത് വരെ പിടിയിലായ പ്രതികളിൽ ഏറ്റവും പ്രായം കുറഞ്ഞ ആളാണ് അങ്കിത് സിർസ. രണ്ട് കൈകൾ ഉപയോഗിച്ച് ഒരുപോലെ വെടി വെക്കാൻ കഴിയുന്ന അങ്കിത് ആറ് റൗണ്ട് ആണ് സിദ്ധു മൂസെവാലയ്ക്ക് നേരെ വെടിയുതിർത്തത്. ഡൽഹിയിൽ നിന്നും പിടിയിലായ അങ്കിതിനും സച്ചിൻ ഭിവാനിക്കും കൊലപാതകത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. നേരത്തെ പിടിയിലായ 14 പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഒളിവിൽ കഴിയുന്ന അങ്കിത്തിനെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്.
അറസ്റ്റിലാകുമ്പോൾ ഇവരുടെ കൈവശം ഉണ്ടായിരുന്ന പഞ്ചാബ് പൊലീസ് യൂണിഫോം കൃത്യം നടത്തുമ്പോൾ ധരിക്കാൻ ആയിരുന്നു പദ്ധതിയിട്ടിരുന്നത് എന്ന് പ്രാഥമിക ഘട്ട ചോദ്യം ചെയ്യലിൽ പ്രതികൾ പൊലീസിനോട് സമ്മതിച്ചു. അതിനു സാധിക്കാതെ വന്ന സാഹചര്യത്തിൽ മറ്റ് കേസുകളിൽ പ്രതിയായ ഇരുവരും ഒളിവിൽ കഴിയുന്നതിനിടെ പൊലീസിന്റെ കണ്ണ് വെട്ടിക്കാൻ വേണ്ടിയാണ് യൂണിഫോം സൂക്ഷിച്ചിരുന്നത്. കൊലപാതകത്തിനായി പ്രതികൾക്ക് എല്ലാ സഹായവും ചെയ്ത് നൽകിയത് ആസൂത്രകരിൽ ഒരാളായ ദീപക് മുണ്ടെ ആണ്. മൂസേവാലയ്ക്ക് നേരെ വെടിയുതിർത്ത കപിൽ പണ്ഡിറ്റും ഒളിവിലാണ്.
Adjust Story Font
16