ആനന്ദ ബോസിനെതിരായ പീഡന പരാതിയിൽ കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടി
പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റര്‍ ചെയ്തിട്ടില്ല
സി.വി ആനന്ദ ബോസ്
കൊല്‍ക്കത്ത: ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിനെതിരായ പീഡന പരാതിയിൽ കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടി. ഗവർണർക്ക് ഭരണഘടനാ പരിരക്ഷയുണ്ട്. ഉടൻ പൊലീസ് നടപടികളിലേക്ക് നീങ്ങണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. പരാതി ഗൂഢാലോചനയാണെന്ന് ബി.ജെ.പി പ്രതികരിച്ചു.
ഭരണഘടനയുടെ 361-ാം അനുഛേദം പ്രകാരം ക്രിമിനൽ നടപടികളിൽ നിന്ന് ഗവർണർക്ക് പരിരക്ഷ ലഭിക്കും. പീഡന പരാതി ലഭിച്ചതിനാൽ എന്തുചെയ്യാനാവുമെന്ന് പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും എഫ്.ഐ.ആർ രജിസ്റ്റര്‍ ചെയ്തിട്ടില്ല. രാജ്ഭവനിലേക്ക് പൊലീസ് കടക്കുന്നത് ഗവർണർ സർക്കുലറിലൂടെ വിലക്കിയിട്ടുമുണ്ട്. വളരെ പെട്ടെന്ന് അന്വേഷണം നടത്തി പൊലീസ് നടപടികളിലേക്ക് നീങ്ങണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ ഇത് രാഷ്ട്രീയ ഗുഢാലോചനയാണെന്നും പരാതിയിൽ കഴമ്പുണ്ടെങ്കിൽ കേന്ദ്രം നടപടി സ്വീകരിക്കുമെന്നും ബി.ജെ.പി പ്രതികരിച്ചു.
ഇന്നലെയും മാർച്ച് 24നും അനുവാദമില്ലാതെ ഗവർണർ തന്റെ ദേഹത്ത് സ്പർശിച്ചുവെന്നാണ് സ്ത്രീയുടെ പരാതി. ജോലി പോകുമെന്ന് ഭയമുള്ളതിനാലാണ് ആദ്യ സംഭവത്തിൽ പരാതി നൽകാതിരുന്നതെന്ന് അവർ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയ പ്രധാനമന്ത്രി ഇന്നലെ രാജ്ഭവനിലാണ് താമസിച്ചത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് തൊട്ടുമുമ്പ് ഉയർന്ന പരാതിക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞാണ് ബി.ജെ.പി ഗവർണറെ പ്രതിരോധിക്കുന്നത്. എന്നാൽ, സംഭവത്തിൽ കൃത്യമായ തെളിവുകളുണ്ടെന്ന് പറഞ്ഞ് തൃണമൂൽ ഗവർണറെയും ബി.ജെ.പിയെയും പ്രതിരോധത്തിലാക്കുകയും ചെയ്യുന്നു.
Summary: The police have sought legal advice on filing a case against Bengal Governor CV Ananda Bose in a molestation complaint
Adjust Story Font
16