സഹോദരിയെ കമന്‍റടിച്ച യുവാവിനെ നടുറോഡിലിട്ട് മര്‍ദിച്ച് പൊലീസുകാരന്‍; സസ്പെന്‍ഷന്‍
ആഗസ്ത് 14ന് യുപിയിലെ ഗാസിയാബാദിലെ കവിനഗർ പൊലീസ് പരിധിയിലാണ് സംഭവം
പ്രതീകാത്മക ചിത്രം
ഗാസിയാബാദ്: സഹോദരിയെ കമന്‍റടിച്ചതിന് യുവാവ് നടുറോഡിലിട്ട് ക്രൂരമായി മര്‍ദിച്ച് പൊലീസുകാരന്‍. യുവാവിനെ നിലത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്യുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്ന് റിങ്കു രജോറ എന്ന പൊലീസ് കോണ്‍സ്റ്റബിളിനെ സസ്പെന്‍ഡ് ചെയ്തു. ആഗസ്ത് 14ന് യുപിയിലെ ഗാസിയാബാദിലെ കവിനഗർ പൊലീസ് പരിധിയിലാണ് സംഭവം.
യൂണിഫോമിലാണ് റിങ്കുവിന്‍റെ പരാക്രമം. യുവാവ് പൊലീസുകാരന്‍റെ സഹോദരിയെ കമന്‍റടിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പിന്നാലെ റിങ്കു യുവാവിനെ ആക്രമിക്കുകയായിരുന്നു. പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു മര്‍ദനം. യുവാവിനെ കുനിച്ചുനിര്‍ത്തിയ ശേഷം അയാളുടെ മുതുകത്ത് തുടര്‍ച്ചയായി അടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും വീഡിയോയിലുണ്ട്. വയറിലും മുഖത്തും അടിക്കുന്നുണ്ട്. വീഡിയോ വലിയ വിമര്‍ശനത്തിനാണ് ഇടയാക്കിയത്. നിയമപരമായി കൈകാര്യം ചെയ്യുന്നതിനു പകരം ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ ആക്രമിച്ചത് ശരിയായില്ലെന്നാണ് അഭിപ്രായം. മധുബൻ ബാപുധാം പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളാണ് റിങ്കു. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Adjust Story Font
16