'തോക്ക് ചൂണ്ടി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി'; പ്രജ്വൽ രേവണ്ണക്കെതിരെ പരാതിയുമായി ജെ.ഡി.എസ് വനിതാ നേതാവ്
മൂന്നുവർഷത്തോളം പീഡനം തുടർന്നെന്നും പരാതിയിൽ പറയുന്നു
ബെംഗളൂരു: ലൈംഗികാരോപണം നേരിടുന്ന എൻ.ഡി.എ സ്ഥാനാർഥിയും നിലവിലെ സിറ്റിങ് എം.പിയുമായ പ്രജ്വൽ രേവണ്ണക്കെതിരെ കൂടുതൽ പരാതികൾ.ജെഡിഎസ് പ്രാദേശിക നേതാവായ യുവതിയാണ് പുതിയ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്ത് ദൃശ്യം പകർത്തിയെന്നാണ് വനിതാ നേതാവിന്‍റെ പരാതി. മൂന്നുവർഷത്തോളം പീഡനം തുടർന്നെന്നും പരാതിയിൽ പറയുന്നു.
2021 ൽ ഹാസൻ നഗരത്തിലെ തൻ്റെ ഔദ്യോഗിക ക്വാർട്ടേഴ്സിൽ വെച്ച് തന്നെ പ്രജ്വല്‍ ബലാത്സംഗം ചെയ്തതായാണ് 44 കാരിയുടെ പരാതി. സഹകരിച്ചില്ലെങ്കിൽ തന്നെയും ഭർത്താവിനെയും കൊന്നുകളയുമെന്ന് പ്രജ്വല്‍ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരി പറഞ്ഞു. ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയും 2021 ജനുവരി 1 നും 2024 ഏപ്രിൽ 25 നും ഇടയിൽ നിരവധി തവണ പീഡിപ്പിക്കുകയും ചെയ്തതായി പരാതിലുണ്ട്.
പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമത്തിന് ഇരയായവരിൽ ഒരാളെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ മുൻ മന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി രേവണ്ണക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. ഇരയുടെ മകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ എച്ച്.ഡി രേവണ്ണക്കെതിരെ കേസെടുത്തിട്ടുണ്ട്.വ്യാഴാഴ്ച രാത്രിയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.രേവണ്ണയുടെ വീട്ടിൽ ആറുവർഷം ജോലിക്കാരിയായി ജോലി ചെയ്തയാളെയാണ് കാണാതെന്നാണ് പരാതി.
അതേസമയം, ലൈംഗികാതിക്രമക്കേസിൽപ്പെട്ട് രാജ്യം വിട്ട ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണക്കെതിരെ കഴിഞ്ഞദിവസം പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രജ്വൽ രേവണ്ണ അഭിഭാഷകൻ മുഖേന അപേക്ഷ നൽകിയിരുന്നു. ഇത് തള്ളിയാണ് എസ് ഐ ടി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചത്. പ്രധാനമന്ത്രിയുടെ അറിവോടെയാണ് പ്രജ്വൽ രാജ്യം വിട്ടതെന്ന് കോൺഗ്രസ് ആരോപിക്കുമ്പോൾ അന്വേഷണം വൈകിപ്പിച്ച് രക്ഷപ്പെടാൻ കർണ്ണാടക സർക്കാൻ അവസരമൊരുക്കിയെന്ന് ബി.ജെ.പി പറയുന്നു.
Adjust Story Font
16