നോട്ടുകൂമ്പാരത്തിൽ കിടക്കുന്ന നേതാവ്; വിവാദത്തിൽ കുടുങ്ങി ബി.ജെ.പി സഖ്യകക്ഷി
വ്യക്തിപരമായ പ്രവർത്തിയിൽ ഉത്തരവാദിത്തമേറ്റെടുക്കാനാവില്ലെന്ന് പാർട്ടി
അസമിലെ രാഷ്ട്രീയ നേതാവായ ബെഞ്ചമിൻ ബസുമാത്രിയുടെ പണക്കൂമ്പാരത്തിൽ കിടക്കുന്ന ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അസമിലെ ബി.ജെ.പിയുടെ സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലിലെ നേതാവായിരുന്നു ബസുമാത്രി.
500 രൂപാ നോട്ടുകൾ ചിതറിക്കിടക്കുന്ന കിടക്കയിൽ അർധനഗ്നനായി ശരീരം മുഴുവൻ നോട്ടുകൾ പുതച്ചുകിടക്കുന്ന ബസുമാത്രിയുടെ ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഫോട്ടോ വിവാദമായതോടെ യു.പി.പി.എൽ ബസുമാത്രി തങ്ങൾ സസ്‌പെൻഡ് ചെയ്ത നേതാവാണെന്ന വിശദീകരണവുമായി രംഗത്തെത്തി. 2024 ജനുവരി പത്തിന് ബസുമാത്രിയെ സസ്‌പെൻഡ് ചെയ്തതാണ്, പാർട്ടിയുമായി അദേഹത്തിന് ബന്ധമില്ല എന്ന് യു.പി.പി.എൽ പ്രസിഡന്റ് പ്രമോദ് ബോറൊ പറഞ്ഞു.
2024 ഫെബ്രുവരിയിൽ ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിൽ ബസുമാത്രിയെ വി.സി.ഡി.സി സ്ഥാനത്ത് നിന്നും സസ്‌പെൻഡ് ചെയ്തതായും അദേഹം കൂട്ടിച്ചേർത്തു.
വിവാദമായ ഫോട്ടോ അഞ്ച് വർഷം മുമ്പ് ബസുമാത്രി സുഹൃത്തുക്കളുമായി നടത്തിയ പാർട്ടിയിൽ നിന്നാണെന്ന് യു.പി.പി.എൽ വൃത്തങ്ങൾ വ്യക്തമാക്കി. ബസുമാത്രിയെ ഭീഷണിപ്പെടുത്താനായി പലരും ഈ ഫോട്ടോ മുമ്പ് ഉപയോഗിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ഫോട്ടോയിലെ പണത്തിന്റെ ഉടമ ബസുമാത്രിയുടെ സഹോദരിയാണ്.
ബസുമാത്രിയുടെ പ്രവർത്തിയിൽ പാർട്ടിക്ക് ഉത്തരവാദിത്തമില്ലെന്നും അത് ബസുമാത്രിയുടെ തന്നെ ഉത്തരവാദിത്തമാണെന്നും പാർട്ടി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ ഭവന പദ്ധതി, ഗ്രാമീണ തൊഴിൽ പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് വൻ അഴിമതിക്കേസുകളിൽ പ്രതിയാണ് ബസുമാത്രി.
പദ്ധതികളുടെ നടത്തിപ്പിനായി ദരിദ്രരായ ഗുണഭോക്താക്കളിൽ നിന്നും ബസുമാത്രി കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും ആരോപണങ്ങളുണ്ട്.
Adjust Story Font
16