Quantcast

അഴിമതി; പൂജയുടെ അച്ഛനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത് രണ്ടുവട്ടം: കുടുംബവും 'പ്രശ്നക്കാര്‍'

നാട്ടുകാരെ തോക്കെടുത്ത് ഭീഷണിപ്പെടുത്തിയെന്ന കേസിൽ പൂജയുടെ അമ്മ മനോരമ ഖേദ്കറിനൊപ്പം ഒളിവിലാണ് ദിലീപും

MediaOne Logo

Web Desk

  • Updated:

    2024-07-18 06:01:57.0

Published:

18 July 2024 5:37 AM GMT

Puja Khedkar Father
X

ദിലീപ് ഖേദ്കര്‍- പൂജ ഖേദ്കര്‍

മുംബൈ: വിവാദ ഐ.എ.എസ് ട്രെയ്‌നി, പൂജ ഖേദ്കറിന്റെ അച്ഛൻ ദിലീപ് ഖേദ്കറിനെ അഴിമതിക്കേസിൽ സസ്‌പെൻഡ് ചെയ്തത് രണ്ടുവട്ടം. നാട്ടുകാരെ തോക്കെടുത്ത് ഭീഷണിപ്പെടുത്തിയെന്ന കേസിൽ പൂജയുടെ അമ്മ മനോരമ ഖേദ്കറിനൊപ്പം ഒളിവിലാണ് ദിലീപും. 2023ൽ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ ഡയറക്ടർ സ്ഥാനത്ത് നിന്നും ദിലീപിന്റെ രാജി ചോദിച്ചുവാങ്ങുകായിരുന്നു.

വരുമാനത്തിനും അപ്പുറം സ്വത്തുണ്ടെന്ന പരാതിയെ തുടർന്ന് പൂനെ അഴിമതി വിരുദ്ധ ബ്യൂറോയും ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2018ലും 2020ലും ആണ് ദിലീപ് ഖേദ്കർ സസ്‌പെൻഷന്‍ നേരിട്ടത്. 2015ൽ 300 ചെറുകിട വ്യവസായികളെങ്കിലും ദിലീപ് ഖേദ്കറിനെതിരെ പരാതി ഉന്നയിച്ചതായാണ് എന്‍.ഡി.ഡി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്.

അനാവശ്യ കാര്യങ്ങള്‍ പറഞ്ഞ് ദിലീപ് പണം ഈടാക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് വ്യാപാരികൾ പരാതി നൽകിയിരുന്നത്. 2018ൽ ദിലീപ് ഖേദ്കർ കോലാപ്പൂരിൽ റീജിയണൽ ഓഫീസറായി ജോലി ചെയ്യവെ, വൈദ്യുതിയും ജലവിതരണവും പുനഃസ്ഥാപിക്കാൻ 25,000 രൂപ മുതൽ 50,000 രൂപ വരെ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാരോപിച്ച് തടി മിൽ വ്യാപാരികളുടെ സംഘടന അദ്ദേഹത്തിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഒരിക്കല്‍ ആറ് മുതൽ ഏഴ് മാസം വരെ അനുമതിയില്ലാതെ ദിലീപ് ലീവെടുത്തിട്ടുണ്ട്. 2019ല്‍ ഒരു കമ്പനിയിൽ നിന്ന് 20 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതിയുണ്ട്. നിരന്തരം ആക്ഷേപങ്ങള്‍ വരുന്നതിനാലാണ് നടപടി എടുത്തതെന്ന് ദിലീപിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

പൂജ ഖേദ്‌കറിനെതിരായ പരാതി പ്രളയത്തിനിടെയാണ് ദിലീപ് ഖേദ്‌കറുടെ സ്വത്തുക്കൾ അന്വേഷണ പരിധിയില്‍ വന്നത് എന്നതാണ് ശ്രദ്ധയം. ദിലീപ് ഖേദ്കറുടെ ഉടമസ്ഥതയിലുള്ള ഭൂമി, കാറുകൾ, കമ്പനികൾ എന്നിവയൊക്കെ ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്. ഒളിവിൽ പോകുന്നതിന് മുമ്പ് ഇവരെ മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു. പിന്നീടാണ് മനോരമ നാട്ടുകാർക്ക് നേരെ തോക്കെടുക്കുന്നത്. ഈ കേസിലാണ് ഇവർ സ്ഥലം വിട്ടത്.

അതേസമയം പൂനെ ജില്ലാ കലക്ടർക്കെതിരെ മാനസിക പീഡനത്തിന് പൂജ പരാതി നല്‍കിയിട്ടുണ്ട്. പരിശീലനം മതിയാക്കി മസൂറിയിലെ ഐ.എ.എസ് അക്കാദമിയിൽ തിരികെയെത്താൻ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പൂനെ ജില്ലാ കലക്ടർക്കെതിരെ മാനസിക പീഡനത്തിന് പൂജ പരാതി നൽകിയത്. കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൂജയെ പൂനെയിൽ നിന്നു വിദർഭയിലേക്കു സ്ഥലംമാറ്റിയത്.

പ്രത്യേക ക്യാബിനും ജീവനക്കാരും വേണമെന്ന് ആവശ്യപ്പെടുകയും സ്വകാര്യ ആഡംബരക്കാറിൽ ബീക്കൺ ലൈറ്റ് ഘടിപ്പിക്കുകയും ചെയ്തെന്ന് കലക്ടറുടെ റിപ്പോർട്ടിലുണ്ടായിരുന്നു. കോടികളുടെ സ്വത്ത് ഉണ്ടായിട്ടും ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് നൽകിയ പൂജ, കാഴ്ചവൈകല്യത്തിന് കൃത്രിമ രേഖയുണ്ടാക്കിയെന്നും ആരോപണം ഉയർന്നിരുന്നു. പൂജയ്ക്കെതിരെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അന്വേഷണം പുരോഗമിക്കുകയാണ്.

Summary- Puja Khedkar Father Was Suspended Twice On Corruption Complaints

TAGS :

Next Story