പൂഞ്ചിൽ സൈന്യം കസ്റ്റഡിയിലെടുത്ത യുവാക്കൾ മരിച്ചതിൽ ഉന്നതതല അന്വേഷണം
യുവാക്കളുടെ കുടുംബവും പ്രദേശവാസികളും സൈന്യത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്
ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈന്യം കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടതിൽ ഉന്നതതല അന്വേഷണവുമായി കരസേന. നിലവിലെ ആഭ്യന്തര അന്വേഷണത്തിന് പുറമേ ബ്രിഗേഡ് കമാൻഡർ തല അന്വേഷണവും പ്രഖ്യാപിച്ചു. പുഞ്ചിൽനിന്ന് കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. തുടർന്ന് കരസേന നടത്തിയ തെരച്ചിലിൽ കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാക്കളുടെ കുടുംബവും പ്രദേശവാസികളും സൈന്യത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. നിരന്തരം ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു.
നിലവിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബ്രിഗേഡ് കമാൻഡ് തല അന്വേഷണവും കരസേന നടത്തും. സംഭവത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
കശ്മീരിലെ പൂഞ്ചിൽ ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. താനാമണ്ഡിക്ക് സമീപമുള്ള നിബിഡ വനത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെനാണ് സൂചന. കൂടുതൽ സേനയെ പ്രദേശത്ത് വിന്യസിച്ചാണ് തെരച്ചിൽ തുടരുന്നത്.
Adjust Story Font
16