Quantcast

‘പൂഞ്ചിലെ ഭീകരാക്രമണം പുൽവാമയുടെ ആവർത്തനം’; കേന്ദ്ര സർക്കാറിനെതിരെ പ്രതിപക്ഷം

‘കേന്ദ്ര സർക്കാർ ഉറങ്ങുകയാണ്’

MediaOne Logo

Web Desk

  • Published:

    22 Dec 2023 9:22 AM GMT

poonch terrorist attack
X

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് ജവാൻമാർ വീരമൃത്യു വരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാറിനെ വിമർശിച്ച് പ്രതിപക്ഷം. 2019ൽ 40 സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണത്തിന് സമാനമാണ് പൂഞ്ചിലേതെന്നും കേന്ദ്ര സർക്കാർ ഉറങ്ങുകയാണെന്നും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് എം.പി കുറ്റപ്പെടുത്തി.

‘ഇന്നലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണം പുൽവാമ ആക്രമണത്തിന്റെ ആവർത്തനമാണ്. കേന്ദ്ര സർക്കാർ ഉറങ്ങുകയാണ്. നമ്മുടെ ജവാൻമാരുടെ ജീവത്യാഗം ഉപയോഗിച്ച് ബി.ജെ.പിക്ക് ഇനിയും രാഷ്ട്രീയം കളിക്കണോ? 2024ലെ തെരഞ്ഞെടുപ്പിലും പുൽവാ​മ വിഷയം ഉയർത്തി നിങ്ങൾ വോട്ട് തോടുക​യാണോ? പൂഞ്ച് ആക്രമണത്തെക്കുറിച്ച് ചോദ്യം ചോദിച്ചാൽ ഡൽഹിയിൽനിന്നും രാജ്യ​ത്തുനിന്നും അവർ നമ്മെ പുറത്താക്കും’ -സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി.

കേന്ദ്ര സർക്കാറിനെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലയും രംഗത്തുവന്നു. ‘തീവ്രവാദം അവസാനിച്ചുവെന്നാണ് മോദി സർക്കാർ പറയുന്നത്. എന്നാൽ, കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഭീകരാക്രമണങ്ങളും ആറ് മാസത്തിനിടെ നക്സൽ ആക്രമണങ്ങളും വർധിച്ചു. ആഭ്യന്തര സുരക്ഷ ചോദ്യം ചെയ്യപ്പെടുകയാണ്. ഇതോടൊപ്പം ലഡാക്കിൽ ചൈന കടന്നുകയറി സ്ഥലങ്ങൾ പിടി​ച്ചെടുക്കുകയും അരുണാചൽ പ്രദേശിൽ ഗ്രാമങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്യുന്നു. ഉത്തരാഖണ്ഡിലും ചൈന കടന്നുകയറുന്നതായി റിപ്പോർട്ടുണ്ട്’ -രൺദീപ് സുർജേവാല ആരോപിച്ചു.

നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ചു. ‘ആർട്ടിക്കിൾ 370 ആണ് തീവ്രവാദത്തിന് കാരണമെന്നാണ് ബി.ജെ.പി പറഞ്ഞുകൊണ്ടിരുന്നത്. കേണൽമാരും ക്യാപ്റ്റൻമാരുമടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ കശ്മീരിൽ കൊല്ലപ്പെടുകയാണ്. എല്ലാ ദിവസവും എവിടെയെങ്കിലും ബോംബ് സ്ഫോടനം നടക്കുന്നു. തീവ്രവാദം അവസാനിച്ചിട്ടില്ല. എന്നാൽ, തീവ്രവാദം അവസാനിച്ചുവെന്നാണ് ബി.ജെ.പി കാഹളം മുഴക്കുന്നത് ’-ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

പൂഞ്ചിലെ ഭീകരാക്രമണത്തെ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഗുലാം നബി ആസാദ്, മെഹബൂബ മുഫ്തി എന്നിവരും അപലപിച്ചു.

വ്യാഴാഴ്ച വൈകീട്ട് 3.45നാണ് സുരാൻകോട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ധേര കി ഗലിയിൽനിന്ന് ബുഫ്‍ലിയാസിലേക്കുള്ള പാതയിൽ ധാത്യാർ മോർഹിൽ സൈനിക വാഹനങ്ങൾക്ക് നേരെ ആക്രമണമുണ്ടാകുന്നത്. ധേര കി ഗലിയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് പുറപ്പെട്ട സൈനിക ട്രക്കിനും ജീപ്പിനും നേരെ ഭീകരർ വെടിവെക്കുകയായിരുന്നു. മേഖലയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്.

TAGS :

Next Story