'അപ്രായോഗികമായ പദ്ധതികൾ ലങ്കക്ക് സമാനമായ പ്രതിസന്ധിയുണ്ടാക്കും'; പ്രധാനമന്ത്രിക്ക് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്
വലിയ പദ്ധതികൾ നടപ്പാക്കുന്നതിന് ദാരിദ്ര്യം തടസ്സമായി പറയുന്നത് അവസാനിപ്പിക്കണമെന്നും വിശാലമായ കാഴ്ചപ്പാടിലേക്ക് മാറണമെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥൻമാരോട് പറഞ്ഞു.
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങൾ പ്രഖ്യാപിക്കുന്ന അപ്രായോഗികമായ ജനപ്രിയ പദ്ധതികൾ ശ്രീലങ്കക്ക് സമാനമായ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ. പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് ഇത്തരം പദ്ധതികൾ കൂടുതൽ പ്രഖ്യാപിക്കുന്നത് സാമ്പത്തിക അസ്ഥിരതയിലേക്ക് നയിക്കുമെന്ന് ഒരുവിഭാഗം ഉദ്യോഗസ്ഥൻമാർ മുന്നറിയിപ്പ് നൽകിയത്.
പ്രധാനമന്ത്രി നേരിട്ടാണ് മുഴുവൻ വിഭാഗത്തിലെയും ഉദ്യോഗസ്ഥൻമാരുടെ യോഗം അദ്ദേഹത്തിന്റെ ക്യാമ്പ് ഓഫീസിൽ വിളിച്ചുചേർത്തത്. നാല് മണിക്കൂറോളം നീണ്ട യോഗത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ മിശ്ര, ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ എന്നിവരും പങ്കെടുത്തു.
യോഗത്തിൽ സംസാരിച്ച രണ്ട് സെക്രട്ടറിമാരാണ് ജനപ്രിയ പദ്ധതികൾ കൂടുതലായി പ്രഖ്യാപിക്കുന്നത് സൃഷ്ടിക്കുന്ന അപകടത്തെക്കുറിച്ച് സംസാരിച്ചത്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് ഒരു സംസ്ഥാനം പ്രഖ്യാപിച്ച പദ്ധതി ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. പല സംസ്ഥാനങ്ങളും ഇത്തരം പദ്ധതികൾ പ്രഖ്യാപിക്കാറുണ്ടെന്നും എന്നാൽ അത് സംസ്ഥാനങ്ങൾക്ക് താങ്ങാനാവാതെ വരുമെന്നും പിന്നീട് ശ്രീലങ്കക്ക് സമാനമായ അവസ്ഥയുണ്ടാവുമെന്നുമാണ് മുന്നറിയിപ്പ്.
വലിയ പദ്ധതികൾ നടപ്പാക്കുന്നതിന് ദാരിദ്ര്യം തടസ്സമായി പറയുന്നത് അവസാനിപ്പിക്കണമെന്നും വിശാലമായ കാഴ്ചപ്പാടിലേക്ക് മാറണമെന്നും അദ്ദേഹം ഉദ്യോഗസ്ഥൻമാരോട് പറഞ്ഞു. കോവിഡ് കാലത്തെ ഉദ്യോഗസ്ഥൻമാരുടെ ടീം വർക്കിനെക്കുറിച്ച് പ്രതിപാദിച്ച പ്രധാനമന്ത്രി ഓരോ ഉദ്യോഗസ്ഥനും സ്വന്തം ഡിപ്പാർട്‌മെന്റിന്റെ പ്രധിനിധിയായിട്ടല്ല ഇന്ത്യാ ഗവൺമെന്റിന്റെ സെക്രട്ടറിയായി പ്രവർത്തിക്കണമെന്നും നിർദേശിച്ചു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വൻ ജനകീയ പ്രക്ഷോഭമാണ് ശ്രീലങ്കയിൽ നടക്കുന്നത്. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ഒരു കിലോ അരിക്ക് 240 രൂപയും പാൽപൊടിക്ക് 1900 രൂപയുമാണ് കഴിഞ്ഞ ദിവസത്തെ വില. കോഴിമുട്ടക്ക് 30 രൂപയാണ്. പച്ചക്കറിയുടെ വില കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഇരട്ടിയായി വർധിച്ചിട്ടുണ്ട്.
പ്രക്ഷോഭത്തെ നേരിടാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും എല്ലാ നിയന്ത്രണങ്ങളും അവഗണിച്ച് കഴിഞ്ഞ ദിവസവും ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. അതിനിടെ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചെന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിരീകരിച്ചിട്ടില്ല.
Adjust Story Font
16