Quantcast

കശ്മീരിലെ ബദാം, ആപ്പിൾ തോട്ടങ്ങളിൽ മുള്ളൻപന്നി ആക്രമണം; ആയിരക്കണക്കിന് മരങ്ങൾ നശിച്ചു

മരങ്ങളെ ആക്രമിക്കാതിരിക്കാന്‍ കമ്പിവലയും ചണച്ചാക്കുകളും കൊണ്ടുമൂടുകയാണ് കര്‍ഷകര്

MediaOne Logo

Web Desk

  • Published:

    18 Feb 2022 2:23 AM GMT

കശ്മീരിലെ ബദാം, ആപ്പിൾ തോട്ടങ്ങളിൽ മുള്ളൻപന്നി ആക്രമണം; ആയിരക്കണക്കിന് മരങ്ങൾ നശിച്ചു
X

കശ്മീര്‍ താഴ്വരയിലെ ആയിരക്കണക്കിന് കര്‍ഷകരുടെ ഉപജീവനത്തിനു മേല്‍ ഒരു ശത്രു കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ബദാം, ആപ്പിള്‍ മരങ്ങളെ ആക്രമിക്കുന്ന വലിയ മുള്ളന്‍പന്നികള്‍ മൂലം പൊറുതിമുട്ടിയിരിക്കുകയാണ് ഇവിടുത്തെ കര്‍ഷകര്‍.

മരങ്ങളെ ആക്രമിക്കാതിരിക്കാന്‍ കമ്പിവലയും ചണച്ചാക്കുകളും കൊണ്ടുമൂടുകയാണ് കര്‍ഷകര്‍. '' ശൈത്യകാലത്ത് മുള്ളന്‍പന്നികള്‍ ഫലവൃക്ഷങ്ങളെയാണ് കൂടുതല്‍ ആക്രമിക്കുന്നത്. ഇവ മരങ്ങളുടെ തൊലി കളയുന്നു. ഒടുവില്‍ ഒരു വര്‍ഷത്തിനുള്ളില്‍ മരങ്ങള്‍ നശിക്കുകയും ചെയ്യുന്നു. ഇത് വന്‍ നാശനഷ്ടമാണുണ്ടാക്കുന്നത്. ബദാം മരങ്ങള്‍ കഴിഞ്ഞപ്പോള്‍ ആപ്പിള്‍ മരങ്ങളെയാണ് മുള്ളന്‍പന്നികള്‍ ആക്രമിക്കുന്നത്'' പുൽവാമയിലെ കര്‍ഷകനായ ഗുലാം നബി ദാർ പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട തങ്ങളുടെ അധ്വാനമെല്ലാം പൊടുന്നനെ നശിച്ചുപോകുകയാണെന്ന് കർഷകർ പറയുന്നു.


''ഞങ്ങളുടെ ജീവിതകാലം മുഴുവന്‍ ഞങ്ങള്‍ തോട്ടങ്ങള്‍ ഉണ്ടാക്കുന്നു. ഒരു മരം വളരാൻ 10 മുതൽ 15 വർഷം വരെ എടുക്കും. എന്നാല്‍ ഞങ്ങൾ ഇവിടെ വരുമ്പോള്‍, മരങ്ങൾ തൊലികളഞ്ഞ് ഞങ്ങളുടെ തോട്ടം പെട്ടെന്ന് നശിക്കുന്നതും ഞങ്ങൾ കാണുന്നു'' മറ്റൊരു കര്‍ഷകന്‍ പറയുന്നു. പൂർണ്ണവളർച്ചയെത്തിയ ഒരു മരം ഏകദേശം 40 കിലോഗ്രാം ബദാം നൽകുന്നു - ഓരോ മരവും നഷ്ടപ്പെടുന്നത് കർഷകർക്ക് വൻ നഷ്ടമാണുണ്ടാക്കുന്നത്. തോട്ടങ്ങൾക്കുണ്ടായ നഷ്ടം സംബന്ധിച്ച് കൃത്യമായ കണക്കില്ല, എന്നാൽ ആയിരക്കണക്കിന് ഫലവൃക്ഷങ്ങൾ മുള്ളൻപന്നികളുടെ ആക്രമണത്തില്‍ നശിച്ചിട്ടുണ്ട്. ഷോപ്പിയാൻ, പുൽവാമ, ബുദ്ഗാം ജില്ലകളിലെ പീഠഭൂമികളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്.


കശ്മീരിലെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് ഹോർട്ടികൾച്ചർ മേഖല. കഴിഞ്ഞ ഏതാനും വർഷങ്ങളായി മുള്ളൻപന്നികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഫലവൃക്ഷങ്ങളെ സംരക്ഷിക്കാനുള്ള മാർഗം കണ്ടെത്താൻ വിദഗ്ധരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. തോട്ടങ്ങളിൽ ഐറിസ് പൂക്കൾ വളർത്തുന്നത് മുള്ളൻപന്നികളെ അകറ്റുമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. പക്ഷേ, മരങ്ങളുടെ വിസ്തൃതിയും എണ്ണവും കണക്കിലെടുക്കുമ്പോൾ അതത്ര എളുപ്പമുള്ള കാര്യമല്ല. താഴ്‌വരയിൽ 1.62 ലക്ഷം ഹെക്ടർ തോട്ടഭൂമിയിൽ ഏഴ് കോടിയിലധികം ആപ്പിൾ മരങ്ങളുണ്ട്. ചണച്ചാക്കുകൾ കൊണ്ട് മരത്തിന്‍റെ പുറംതൊലി മൂടാനുള്ള അടിസ്ഥാന നടപടികൾ ഉടനടി സംരക്ഷണം നൽകുന്നുണ്ടെങ്കിലും തോട്ടങ്ങൾ നേരിടുന്ന ഗുരുതരമായ ഭീഷണിക്ക് ഇത് ശാശ്വതമായ പരിഹാരമല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

TAGS :

Next Story