നിങ്ങൾക്ക് പ്രധാനമന്ത്രിയെ നേരിൽ കാണാം; ഈ മത്സരത്തിൽ പങ്കെടുക്കൂ...
കാമ്പെയ്‌നിന്റെ ഭാഗമായി 75 ലക്ഷം പോസ്റ്റ്കാർഡുകളാണ് വിദ്യാർത്ഥികളിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
രാജ്യവ്യാപകമായി വിദ്യാർത്ഥികൾക്ക് പോസ്റ്റ് കാർഡ് എഴുത്ത് മത്സരം. 75 മികച്ച പോസ്റ്റ്കാർഡ് എൻട്രികളിലെ വിജയികൾക്ക് അടുത്ത വർഷം ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ചക്ക് അവസരം ലഭിക്കും.'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷങ്ങളുടെ ഭാഗമായി, തപാൽ വകുപ്പും കമ്മ്യൂണിക്കേഷൻ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പും ചേർന്നുള്ള പോസ്റ്റ്കാർഡ് കാമ്പെയ്‌നിന്റെ ഭാഗമായാണ് മത്സരം.
സ്‌കൂളുകൾക്ക് സമീപമുള്ള പ്രാദേശിക പോസ്റ്റ് ഓഫീസുകൾ 50 പൈസയ്ക്ക് പ്രത്യേകം സ്റ്റാമ്പ് ചെയ്ത പോസ്റ്റ്കാർഡുകൾ നൽകും. നാലു മുതൽ പന്ത്രണ്ടാം ക്ലാസിൽ വരെയുള്ള വിദ്യാർത്ഥികൾക്ക് ഹിന്ദിയിലോ ഇംഗ്ലീഷിലോ പ്രാദേശിക ഭാഷയിലോ പോസ്റ്റ്കാർഡുകൾ എഴുതാം. 'ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാളികൾ', '2047ലെ ഇന്ത്യയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് , ' എന്നിവയാണ് പോസ്റ്റ്കാർഡ് എഴുത്തിന്റെ വിഷയങ്ങൾ.
കാമ്പെയ്‌നിന്റെ ഭാഗമായി 75 ലക്ഷം പോസ്റ്റ്കാർഡുകളാണ് വിദ്യാർത്ഥികളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഡിസംബർ 1 മുതൽ 20 വരെ ഈ മത്സരം നടത്താനും പോസ്റ്റ് കാർഡുകൾ ഷോർട്ട്ലിസ്റ്റ് ചെയ്യാനും മികച്ച 10 പോസ്റ്റ്കാർഡ് എൻട്രികൾ അതത് ബോർഡുകളിലേക്ക് ഓൺലൈനായി അയയ്ക്കാനും സ്‌കൂളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Adjust Story Font
16