Quantcast

ശരത് പവാറിനെ പിന്നില്‍ നിന്നും കുത്തുന്ന അജിത് പവാര്‍; മഹാരാഷ്ട്രയില്‍ ബാഹുബലി മോഡല്‍ പോസ്റ്റര്‍

എന്‍.സി.പിയുടെ വിദ്യാര്‍ഥി വിഭാഗമായ രാഷ്ട്രവാദി വിദ്യാർഥി കോൺഗ്രസാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    6 July 2023 8:20 AM GMT

Rashtrawadi Vidyarthi Congress put up a poster
X

രാഷ്ട്രവാദി വിദ്യാർഥി കോൺഗ്രസിന്‍റെ പോസ്റ്റര്‍

മുംബൈ: പാര്‍ട്ടി പിളര്‍പ്പിന്‍റെ പശ്ചാത്തലത്തില്‍ എന്‍.സി.പിയുടെ അടിയന്തര വര്‍ക്കിംഗ് കമ്മറ്റി യോഗം ശരത് പവാറിന്‍റെ വസതിയില്‍ ചേരാനിരിക്കെ അജിത് പവാറിനെതിരെ മഹാരാഷ്ട്രയില്‍ പോസ്റ്ററുകള്‍. ബാഹുബലി മോഡലില്‍ ഇറക്കിയിരിക്കുന്ന പോസ്റ്ററില്‍ ശരത് പവാറിനെ പിന്നില്‍ നിന്നും കുത്തുന്ന അജിത് പവാറിനെയാണ് കാണിക്കുന്നത്. രാജ്യദ്രോഹി എന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.

എന്‍.സി.പിയുടെ വിദ്യാര്‍ഥി വിഭാഗമായ രാഷ്ട്രവാദി വിദ്യാർഥി കോൺഗ്രസാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. അജിത് പവാറിനെ കട്ടപ്പയായും ശരത് പവാറിനെ ബാഹുബലിയായും ചിത്രീകരിച്ചിരിക്കുന്നു. സ്വന്തം കൂട്ടത്തിൽ ഒളിഞ്ഞിരിക്കുന്ന രാജ്യദ്രോഹികളെ രാജ്യം മുഴുവൻ വീക്ഷിക്കുകയാണെന്നും ഇത്തരക്കാരോട് പൊതുസമൂഹം പൊറുക്കില്ലെന്നും പോസ്റ്ററിൽ പറയുന്നു. എന്നാല്‍ പോസ്റ്ററില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല.

പാർട്ടി അധ്യക്ഷൻ ശരദ് പവാറിൻ്റെ ഡൽഹിയിലെ വസതിയിൽ വെച്ചാണ് ഇന്ന് വൈകിട്ട് യോഗം ചേരുന്നത്. പാർട്ടിയുടെ പേരും ചിഹ്നവും ആവശ്യപ്പെട്ട് അജിത് പവാർ നടത്തുന്ന നീക്കങ്ങളെ എങ്ങനെ നേരിടാം എന്ന് ദേശീയ എക്സിക്യൂട്ടീവ് യോഗം തീരുമാനിക്കും. ഇന്നലെ ചേർന്ന വിമത യോഗത്തിൽ ശരത് പവാറിനെ ദേശീയ അധ്യക്ഷ പദവിയിൽ നിന്നും പുറത്താക്കുകയും അജിത് പവാറിനെ നിയോഗിക്കുകയും ചെയ്തു . പാർട്ടിയുടെ പേരും ചിഹ്നവും ആവശ്യപ്പെട്ട് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് അജിത് പവാർ വിഭാഗം കത്ത് നൽകിയിട്ടുണ്ട്. അജിത് പവാറിനെയും ഒപ്പം ചേർന്ന വർക്കിങ് കമ്മിറ്റി അംഗങ്ങളായ പ്രഫുൽ പട്ടേൽ ,സുനിൽ താത്ക്കാരെ എന്നിവരെ യും വർക്കിങ് കമ്മിറ്റിയിൽ നിന്നും പുറത്താക്കിയിരുന്നു. ഇവർക്ക് പകരം പുതിയ അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്നതെടക്കം കാര്യങ്ങൾ ഇന്ന് ചർച്ച ചെയ്യും.

യഥാർത്ഥ എൻ.സി.പി ശരത് പവാർ നേതൃത്വം നല്കുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്താനുള്ള മാര്‍ഗങ്ങളും ആലോചിക്കും . കേരളത്തിലെ 14 ജില്ലാ കമ്മിറ്റി അധ്യക്ഷന്മാർ ,12 ജനറൽ സെക്രട്ടറിമാർ ,മൂന്നു വൈസ് പ്രസിഡന്‍റുമാർ , ഖജാൻജി എന്നീ പദവിയുള്ളവർ ശരത് പവാർ പക്ഷത്താണ് . ഇവർ ശരത് പവാറിന് കൂറ് പ്രഖ്യാപിച്ചു നോട്ടറിയെ കൊണ്ട് സാക്ഷ്യപ്പെടുത്തിയ രേഖകളുമായിട്ടാണ് സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ എത്തുന്നത് . ഈ രീതിയിൽ ഭൂരിപക്ഷം കമ്മിറ്റികളും ശരത് പവാറിന്‍റെ നിയന്ത്രണത്തിലാണ് എന്ന് ബോധ്യപ്പെടുത്തിയാൽ യഥാർഥ പാർട്ടി ശരത് പവാറിന്‍റേതെന്നു കമ്മീഷന് സമ്മതിക്കേണ്ടിവരും. ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും ഉദ്ധവ് താക്കറെയുടെ കൈയിൽ നിന്നും നഷ്ടമായത് പോലെ സംഭവിക്കാതിരിക്കാനാണ് ഇത്രയും മുന്നൊരുക്കവുമായി വർക്കിങ് കമ്മിറ്റി ചേരുന്നത്.

TAGS :

Next Story