രാമക്ഷേത്രത്തിലെ ചോര്‍ച്ചക്ക് പിന്നാലെ രാംപഥ് റോഡില്‍ കുഴികള്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
ക്ഷേത്രം തുറന്നതിനു ശേഷമുണ്ടായ ആദ്യ മഴ ക്ഷേത്ര നഗരത്തില്‍ കനത്ത വെള്ളക്കെട്ടിന് കാരണമായി
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിലെ മേല്‍ക്കൂരച്ചോര്‍ച്ചക്ക് പിന്നാലെ യോഗി സര്‍ക്കാരിനെ വെട്ടിലാക്കി രാംപഥ് റോഡിലെ കുഴികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ ക്ഷേത്ര നഗരത്തില്‍ കനത്ത വെള്ളക്കെട്ടിന് കാരണമായി. ഇതോടെയാണ് റോഡിന്‍റെ 14 കിലോമീറ്റര്‍ ദൂരത്ത് വിവിധ ഭാഗങ്ങളില്‍ കുഴികള്‍ രൂപപ്പെട്ടത്. റോഡരികിലെ വീടുകൾ പോലും വെള്ളത്തിനടിയിലായി.
രാമക്ഷേത്രത്തിലേക്കുള്ളതാണ് പുതുതായി നിര്‍മിച്ച രാംപഥ് റോഡ്. ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ റോഡ് ഉടൻ നന്നാക്കിയതായി അധികൃതർ പറഞ്ഞു.ഗുരുതരമായ അനാസ്ഥയുടെ പേരിൽ ആറ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിലെയും (പിഡബ്ല്യുഡി) ഉത്തർപ്രദേശ് ജൽ നിഗമിലെയും ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ മഴവെള്ളം ഒഴുക്കിവിടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി അയോധ്യ മേയർ ഗിരീഷ് പതി ത്രിപാഠി പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച അർധരാത്രി പെയ്ത കനത്ത മഴയെ തുടർന്നാണ് ക്ഷേത്രത്തില്‍ ചോർച്ചയുണ്ടായതെന്ന് ചൂണ്ടിക്കാണിച്ച് മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ് രംഗത്തെത്തിയത്. ക്ഷേത്രത്തിൻ്റെ മേൽക്കൂരയിൽ നിന്ന് ഒഴുകുന്ന മഴവെള്ളം കോംപ്ലക്‌സിനുള്ളിൽ കെട്ടിക്കിടക്കുന്നുണ്ടെന്ന് രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ക്ഷേത്രപരിസരത്തെ മഴവെള്ളം ഒഴുക്കിവിടാൻ സംവിധാനമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാം ലല്ലയുടെ വിഗ്രഹത്തിന് മുന്നിൽ പുരോഹിതൻ ഇരിക്കുന്ന സ്ഥലത്തിനും വിഐപി ദർശനത്തിനായി ആളുകൾ വരുന്ന സ്ഥലത്തിനും മുകളിൽ നിന്ന് മേൽക്കൂരയിൽ നിന്ന് മഴവെള്ളം ഒഴുകുന്നുണ്ടെന്നും സത്യേന്ദ്ര ദാസ് പറയുന്നു. "രാജ്യത്തുടനീളമുള്ള എഞ്ചിനീയർമാർ രാമക്ഷേത്രം പണിയുന്നു എന്നത് വളരെ ആശ്ചര്യകരമാണ്. ജനുവരി 22 നാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. പക്ഷേ, മഴ പെയ്താൽ മേൽക്കൂര ചോർന്നുപോകുമെന്ന് ആരും അറിഞ്ഞില്ല. ലോകപ്രശസ്തമായ ഒരു ക്ഷേത്രത്തിൻ്റെ മേൽക്കൂര ചോർന്നൊലിക്കുന്നത് ആശ്ചര്യകരമാണ്, എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്?" അദ്ദേഹം ചോദിച്ചു.
എന്നാല്‍ ഇക്കാര്യങ്ങള്‍ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് നിഷേധിച്ചിരുന്നു. മേൽക്കൂരയിൽ നിന്ന് ഒരു തുള്ളി വെള്ളം പോലും ഒഴുകിയിട്ടില്ലെന്നും ശ്രീകോവിലിലോ ഗർഭഗൃഹത്തിലോ വെള്ളം കയറിയിട്ടില്ലെന്നും അദ്ദേഹം വിശദമാക്കിയിരുന്നു. മഴവെള്ളം ഒഴുകിപ്പോകാൻ ക്ഷേത്രത്തിൽ മികച്ച ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. രാമക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്രയും മുഖ്യ പുരോഹിതന്‍റെ ആരോപണങ്ങളെ നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
വൈദ്യുതി കമ്പികൾ സ്ഥാപിക്കാൻ ഉറപ്പിച്ച പൈപ്പുകളിൽ നിന്നാണ് മഴവെള്ളം ഇറങ്ങിയതെന്നും മിശ്ര പറഞ്ഞു. "ക്ഷേത്രത്തിൻ്റെ കെട്ടിടം ഞാൻ തന്നെ പരിശോധിച്ചു. രണ്ടാം നിലയുടെ നിർമ്മാണം പുരോഗമിക്കുകയാണ്." അവസാനമായി രണ്ടാം നിലയുടെ മേൽക്കൂര പണിയുമ്പോൾ മഴവെള്ളം ക്ഷേത്രത്തിനകത്ത് കയറുന്നത് നിർത്തുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എന്നാൽ അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കൾ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചു. ആരാധനാലയങ്ങൾ പോലും ബി.ജെ.പി കൊള്ളയടിക്കുകയാണെന്ന് യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ആരോപിച്ചു. കഴിഞ്ഞ ജനുവരി 22നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത്.
Adjust Story Font
16