വിവാദങ്ങള്‍ക്കിടെ ഔറംഗസേബിന്റെ ഖബറിടത്തിൽ പ്രകാശ് അംബേദ്കർ; പുഷ്പാർച്ചന നടത്തി ആദരം
'അൻപതു വർഷത്തോളം മുഗൾ സാമ്രാജ്യം ഭരിച്ചയാളാണ് ഔറംഗസേബ്. ആ ചരിത്രം മായ്ച്ചുകളയാനാകുമോ? ഔറംഗസേബ് എങ്ങനെയാണ് അധികാരത്തിലേറിയതെന്ന് ഡോ. ബി.ആർ അംബേദ്കർ വിശദീകരിച്ചിട്ടുണ്ട്.'
മുംബൈ: മുഗൾ രാജാവ് ഔറംഗസേബിനെച്ചൊല്ലി മഹാരാഷ്ട്രയിൽ തുടരുന്ന രാഷ്ട്രീയവിവാദങ്ങൾക്കിടെ അപ്രതീക്ഷിത നീക്കവുമായി പ്രമുഖ ദലിത് നേതാവും ബി.ആർ അംബേദ്ക്കറുടെ കൊച്ചുമകനുമായ പ്രകാശ് അംബേദ്ക്കർ. ഔറംഗസേബിന്റെ ഖബറിടത്തിലെത്തി പുഷ്പാർച്ചന നടത്തിയിരിക്കുകയാണ് വഞ്ചിത് ബഹുജൻ അഘാഡി(വി.ബി.എ) അധ്യക്ഷൻ കൂടിയായ പ്രകാശ്.
കഴിഞ്ഞ ദിവസമാണ് ഔറംഗാബാദിലുള്ള ഖബറിടത്തിൽ പാർട്ടി നേതാക്കൾക്കൊപ്പം പ്രകാശ് അംബേദ്കർ എത്തിയത്. ഏറെനേരം സ്ഥലത്ത് തങ്ങുകയും ശവകുടീരത്തിലെ നടത്തിപ്പുകാരുമായി ചർച്ച നടത്തുകയും ചെയ്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്.
അൻപതു വർഷത്തോളം മുഗൾ സാമ്രാജ്യം ഭരിച്ചയാളാണ് ഔറംഗസേബ്. ആ ചരിത്ര കാലഘട്ടം മായ്ച്ചുകളയാനാകുമോ? ഔറംഗസേബ് എങ്ങനെയാണ് അധികാരത്തിലേറിയതെന്ന് ഡോ. ബി.ആർ അംബേദ്കർ വിശദീകരിച്ചിട്ടുണ്ട്. ജയ്ചന്ദ് കാരണമാണ് മുഗൾ സ്വാധീനം ഇന്ത്യയിൽ ശക്തമായത്. അതുകൊണ്ട് ഔറംഗസേബിനു പകരം ജയ്ചന്ദിനെ ആക്ഷേപിക്കൂ-ഔറംഗസേബ് ഖബറിടം സന്ദർശിച്ച ശേഷം പ്രകാശ് അംബേദ്കർ പ്രതികരിച്ചു.
പ്രകാശ് അംബേദ്കറുടെ സന്ദർശനത്തെ മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫ്ഡനാവിസ് രൂക്ഷമായി വിമർശിച്ചു. രാജ്യത്തേ ദേശീയവാദികളായ മുസ്‌ലിംകൾ ഔറംഗസേബിനെ അംഗീകരിക്കുന്നില്ലെന്നും അവർ ഛത്രപതി ശിവാജിയെയാണ് നേതാവായി കാണുന്നതെന്നും ഫഡ്‌നാവിസ് പറഞ്ഞു. രാജ്യത്തെ ഒരു മുസ്‌ലിമും ഔറംഗസേബിന്റെ പിൻഗാമിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Summary: Amid controversies Prakash Ambedkar visits Aurangzeb's tomb and offers floral tributes
Adjust Story Font
16