Quantcast

കേരളം പിടിക്കാനുള്ള ദൗത്യം പ്രകാശ് ജാവദേക്കറിന്; മിഷൻ 2024ന് പ്രഭാരിമാരെ പ്രഖ്യാപിച്ച് ബി.ജെ.പി

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേരിയ വ്യത്യാസത്തിൽ തോൽവി നേരിട്ട 140 മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് ബി.ജെ.പി യോഗത്തിൽ തീരുമാനം

MediaOne Logo

Web Desk

  • Updated:

    2022-09-10 05:58:50.0

Published:

10 Sep 2022 2:59 AM GMT

കേരളം പിടിക്കാനുള്ള ദൗത്യം പ്രകാശ് ജാവദേക്കറിന്; മിഷൻ 2024ന് പ്രഭാരിമാരെ പ്രഖ്യാപിച്ച് ബി.ജെ.പി
X

ന്യൂഡൽഹി: കേരളത്തിൽ പാർട്ടി പ്രവർത്തനം കാര്യക്ഷമമല്ലെന്ന കേന്ദ്ര മന്ത്രിമാരുടെ റിപ്പോർട്ടിനു പിന്നാലെ സംസ്ഥാനത്തിന്റെ ചുമതല മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനെ ഏൽപിച്ച് ബി.ജെ.പി. കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പിടിമുറുക്കാനുള്ള ആസൂത്രണങ്ങളാണ് ബി.ജെ.പി നടത്തുന്നത്. കേരളത്തിനു പുറമെ 15ഓളം സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളിലെ പാർട്ടി പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കാനുള്ള നേതാക്കളുടെ പട്ടികയും ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പുറത്തുവിട്ടിട്ടുണ്ട്.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പാർട്ടി പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്ന പ്രഭാരിയായി പ്രകാശ് ജാവദേക്കർ കേരളത്തിലെത്തുന്നത്. രാജ്യസഭാ അംഗം ഡോ. രാധാമോഹൻ അഗർവാളാണ് സഹപ്രഭാരി. ലക്ഷദ്വീപിന്റെ ചുമതല കൂടി രാധാമോഹൻ വഹിക്കും. എ.പി അബ്ദുല്ലക്കുട്ടിക്ക് പകരക്കാരനായാണ് രാധാമോഹനെ ലക്ഷദ്വീപിന്റെ പ്രഭാരിയായിരിക്കുന്നത്.

ദക്ഷിണേന്ത്യയിലെ 'പ്ലാൻ എ'

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടിക്കു വേണ്ടത്ര സ്വാധീനമുറപ്പിക്കാൻ ഇനിയുമാകാത്ത ദക്ഷിണേന്ത്യയിൽ പിടിമുറുക്കാനുള്ള തീരുമാനം അടുത്തിടെ ഹൈദരാബാദിൽ നടന്ന ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗത്തിലുണ്ടായിരുന്നു. ദക്ഷിണേന്ത്യയിൽ കർണാടകയിൽ മാത്രമാണ് ബി.ജെ.പിക്ക് ഭരണം പിടിക്കാനായത്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേരിയ വ്യത്യാസത്തിൽ തോൽവി നേരിട്ട 140 മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് ബി.ജെ.പി യോഗത്തിൽ തീരുമാനം. പ്രത്യേക മണ്ഡലങ്ങളുടെ ചുമതല കേന്ദ്രമന്ത്രിമാരെ ഏൽപിച്ചതായും നേരത്തെ വാർത്തയുണ്ടായിരുന്നു. ആഴ്ചകൾക്കുമുൻപാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ തിരുവനന്തപുരത്ത് പര്യടനം നടത്തിയത്. തിരുവനന്തപുരത്തെ പ്രധാന കേന്ദ്ര പദ്ധതികൾ സന്ദർശിക്കുകയും താഴേതട്ടിലുള്ള ജനങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്താണ് മന്ത്രി മടങ്ങിയത്.

കേരളത്തിൽ ക്രിസ്ത്യൻവോട്ട് പിടിച്ചാൽ നേട്ടമുണ്ടാക്കാനാകുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഇത്രയും നാളായിട്ട് ഒരു പുരോഗതിയുമുണ്ടാക്കാനായിട്ടില്ലെന്നാണ് അടുത്തിടെ കേന്ദ്രമന്ത്രിമാരുടെ റിപ്പോർട്ടുണ്ടായിരുന്നു. ഇതോടൊപ്പം ഹിന്ദു വോട്ട് ഏകീകരിക്കുന്ന കാര്യത്തിലും വീഴ്ചയുണ്ടായതായി ആക്ഷേപമുണ്ട്. കേന്ദ്രമന്ത്രി അമിത് ഷാ കഴിഞ്ഞയാഴ്ച കേരളത്തിലെത്തിയപ്പോഴും സംസ്ഥാനത്ത് പാർട്ടി അടിത്തറ ശക്തിപ്പെടുത്താനുള്ള ആലോചനയുണ്ടായതായാണ് വിവരം. ഒരു വിഭാഗം മാധ്യമപ്രതിനിധികളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു.

ബിപ്ലബ് കുമാറും വിജയ് രൂപാണിയും

കേരളത്തിനും ലക്ഷദ്വീപിനും പുറമെ ബിഹാർ, ഛത്തീസ്ഗഢ്, ദാദ്ര നഗർ ഹവേലി, ഹരിയാന, ജാർഖണ്ഡ്, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ത്രിപുര, പശ്ചിമ ബംഗാൾ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെയും പ്രഭാരിമാരെയും സഹപ്രഭാരിമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബാണ് ഹരിയാനയുടെ പ്രഭാരി. മുരളീധർ റാവുവിനാണ് മധ്യപ്രദേശിന്റെ ചുമതല.

പഞ്ചാബിന്റെ ചുമതല വിജയ് രൂപാണിക്കും പശ്ചിമ ബംഗാളിന്റെ ചുമതല മംഗൾ പാണ്ഡെക്കും നൽകി. അമിത് മാളവ്യയും ആശ ലാക്രയുമാണ് ബംഗാളിന്റെ സഹപ്രഭാരിമാർ. ഡോ. സംബിത് പത്രയ്ക്ക് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്.

നിതീഷ് കുമാറിന്റെ അപ്രതീക്ഷിത നീക്കത്തിൽ ഭരണം നഷ്ടപ്പെട്ട ബിഹാറിൽ ദേശീയ ജനറൽ സെക്രട്ടറി വിനോദ് ടാവ്‌ഡെയെയാണ് നിയമിച്ചിരിക്കുന്നത്. മഹേഷ് ശർമ(ത്രിപുര), ലക്ഷ്മികാന്ത് വാജ്‌പെയ്(ജാർഖണ്ഡ്) എന്നിങ്ങനെയും പേരുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Summary: Prakash Javadekar in charge of Kerala as BJP announces state in charges

TAGS :

Next Story