പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി വീണ്ടും കോണ്‍ഗ്രസിലേക്ക്
2021ലാണ് അഭിജിത് കോണ്‍ഗ്രസ് വിട്ട് ടിഎംസിയില്‍ ചേര്‍ന്നത്
കൊല്‍ക്കത്ത: കോണ്‍ഗ്രസിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ അഭിജിത് മുഖര്‍ജി. 2021ല്‍ കോണ്‍ഗ്രസ് വിട്ട് ടിഎംസിയില്‍ ചേര്‍ന്ന അഭിജിത് പാര്‍ട്ടി പ്രവര്‍ത്തനത്തിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് പഴയ പാര്‍ട്ടിയിലേക്ക് തിരിച്ചെത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
“അവരുടെ (ടിഎംസി) തൊഴിൽ സംസ്‌കാരം കോൺഗ്രസിൻ്റെ പ്രവർത്തനവുമായി ഒട്ടും പൊരുത്തപ്പെടുന്നില്ല.തല്‍ക്കാലം മതിയാക്കാമെന്ന് ഞാന്‍ കരുതി” അഭിജിത് മുഖർജി എഎൻഐയോട് പറഞ്ഞു.2019ലെ തെരഞ്ഞെടുപ്പിലെ തന്‍റെ തോല്‍വിയെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. കാരണം വെളിപ്പെടുത്താനാവില്ലെന്നും ഹൈക്കമാന്‍ഡിന് അറിയാമെന്നുമായിരുന്നു മുഖര്‍ജി പറഞ്ഞത്. ടിഎംസിയിലേക്ക് പോകുന്നതിനു മുന്‍പ് കോൺഗ്രസിനുള്ളിൽ പാർശ്വവത്കരിക്കപ്പെട്ടതിലുള്ള നിരാശയും അദ്ദേഹം പങ്കുവച്ചിരുന്നു. “രണ്ടര വർഷമായി കോൺഗ്രസ് എനിക്ക് നൽകിയ എല്ലാ ചുമതലയും ഞാൻ നിർവ്വഹിച്ചു. പക്ഷേ അവർ എനിക്ക് വേണ്ടത്ര ചുമതലകൾ നൽകിയില്ല, കാരണം എന്തായിരിക്കാം.ഒരു വ്യക്തി ഒരു പ്രത്യേക സംഘം എന്നെ ക്രമേണ പാർശ്വവൽക്കരിച്ചു. അതിനിടയിൽ, മമതയെ ഞാന്‍ കണ്ടു, അവരെന്നെ ടിഎംസിയിലേക്ക് ക്ഷണിച്ചു'' എന്നാണ് അഭിജിത് മുഖര്‍ജി പറഞ്ഞത്.
എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് തന്‍റെ പ്രതീക്ഷകള്‍ തകര്‍ത്തുവെന്നാണ് മുഖര്‍ജിയുടെ ആരോപണം. "പാർട്ടിയിൽ ചേർന്നതിന് ശേഷം എനിക്ക് ചുമതലകളൊന്നും ലഭിച്ചില്ല. അവരുടെ തൊഴിൽ സംസ്കാരം കോൺഗ്രസുമായി ഒട്ടും പൊരുത്തപ്പെടുന്നില്ല. മതിയെന്ന് ഞാൻ കരുതി.അങ്ങനെ, ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം കോൺഗ്രസിൽ നിന്നുള്ള മുതിർന്ന നേതാക്കൾ എന്നോട് പരോക്ഷമായി ചോദിച്ചു, ഞാൻ എന്തിനാണ് താഴ്ന്നു കിടക്കുന്നതെന്ന്. ഒന്നു ചിന്തിച്ചു നോക്കൂ... അപ്പോൾ യുവ സുഹൃത്തും കോൺഗ്രസിൻ്റെ ഭാവിയുമായ രാഹുൽ എന്നോട് സജീവമാകാൻ പറഞ്ഞു'' അദ്ദേഹം വ്യക്തമാക്കി.
താന്‍ ഹൈക്കമാന്‍ഡിനെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ടെന്നും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ കാണുമെന്നും പാര്‍ട്ടിയില്‍ ചേരാന്‍ ആവശ്യപ്പെട്ടാല്‍ ഉടന്‍ ചേരുമെന്നും അഭിജിത് മുഖര്‍ജി പറഞ്ഞു. തികച്ചും സ്വതന്ത്രനാണെന്നും കോണ്‍ഗ്രസ് തന്നെ അംഗീകരിക്കുകയാണെങ്കില്‍ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജംഗിപൂർ ലോക്‌സഭാ സീറ്റിൽ നിന്ന് രണ്ടു തവണ എം.പിയായിട്ടുള്ള ആളാണ് മുഖര്‍ജി.
Adjust Story Font
16