Quantcast

അമരീന്ദർ സിങിനായി ബിജെപി പരിപാടിയിലെത്തി കോൺഗ്രസ് എംപിയായ ഭാര്യ

പാർട്ടിക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുകയോ അല്ലെങ്കിൽ രാജി വെക്കുകയോ ചെയ്യണമെന്ന് കുറച്ചു നാളുകൾക്ക് മുമ്പ് കൗറിനോട് പട്യാല അർബനിലെ കോൺഗ്രസ് സ്ഥാനാർഥി വിഷ്ണു ശർമ ആവശ്യപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-02-13 07:37:13.0

Published:

13 Feb 2022 7:34 AM GMT

അമരീന്ദർ സിങിനായി ബിജെപി പരിപാടിയിലെത്തി കോൺഗ്രസ് എംപിയായ ഭാര്യ
X

ക്യാപ്റ്റൻ അമരീന്ദർ സിങിനായി സഖ്യകക്ഷിയായ ബിജെപി നടത്തിയ പ്രചാരണ പരിപാടിയിലെത്തി കോൺഗ്രസ് എംപിയായ ഭാര്യ പ്രിനീത് കൗർ. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടർന്ന് കോൺഗ്രസ് വിട്ട അമരീന്ദർ പഞ്ചാബ് ലോക് കോൺഗ്രസെന്ന പാർട്ടി രൂപവത്കരിച്ചിരുന്നു. തുടർന്ന് ബിജെപിയെ സഖ്യകക്ഷിയാക്കി, കോൺഗ്രസിലായിരിക്കെ മത്സരിക്കുന്ന പട്യാല അർബൻ സീറ്റിൽ തന്നെ വീണ്ടും പോരിനിറങ്ങിയിരിക്കുകയാണ്. ഇവിടെയാണ് പ്രിനീത് കൗർ പ്രചാരണത്തിനിറങ്ങിയിരിക്കുന്നത്. കോൺഗ്രസിനായി പ്രചാരണത്തിനിറങ്ങാത്ത ഇവർ ബിജെപി പരിപാടിയിൽ എത്തിയത് പുതിയ രാഷ്ട്രീയ ചുവടുവെപ്പായാണ് പലരും നിരീക്ഷിക്കുന്നത്. പാർട്ടിക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുകയോ അല്ലെങ്കിൽ രാജി വെക്കുകയോ ചെയ്യണമെന്ന് കുറച്ചു നാളുകൾക്ക് മുമ്പ് കൗറിനോട് പട്യാല അർബനിലെ കോൺഗ്രസ് സ്ഥാനാർഥി വിഷ്ണു ശർമ ആവശ്യപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പ് കാലത്തെ മൗനത്തെ കുറിച്ച് ചോദിച്ചപ്പോൾ കുടുംബമാണ് എല്ലാമെന്നും താൻ അവരോടൊപ്പമാണെന്നും കൗർ പറഞ്ഞിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ കഴിഞ്ഞ വർഷം നവംബറിൽ കോൺഗ്രസ് ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. പത്രത്തിലും സാമൂഹിക മാധ്യമങ്ങളിലും നോട്ടീസിനെ കുറിച്ച് വായിച്ചതല്ലാതെ തനിക്കൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു ഇതിനെ കുറിച്ച് എംപിയുടെ പ്രതികരണം. പാർട്ടി ജനറൽ സെക്രട്ടറിയിൽ നിന്ന് നോട്ടീസ് വരേണ്ടതായിരുന്നുവെന്നും അവർ പറഞ്ഞു.

പഞ്ചാബ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് നവജ്യോത് സിങ് സിദ്ദുവുമായുള്ള തർക്കത്തെ തുടർന്നാണ് അമരീന്ദറിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത്. പകരക്കാരനായി സിദ്ദുവിന്റെ അടുപ്പക്കാരനായിരുന്ന ചരൺജിത്ത് സിങ് ചന്നിയെത്തുകയായിരുന്നു. ഇരുവരും പിന്നീട് തെറ്റിയിരുന്നെങ്കിലും ഇപ്പോൾ ഒന്നിച്ച് തെരഞ്ഞെടുപ്പിനിറങ്ങിയിരിക്കുകയാണ്. ചന്നിയെ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

Praneeth Kaur, Congress MP, joins BJP-led campaign for Husband Capt.Amarinder Singh

TAGS :

Next Story