'അധികാരത്തിലെത്തിയാൽ ബിഹാറിലെ മദ്യനിരോധനം ഒഴിവാക്കും': രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് പ്രശാന്ത് കിഷോർ
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും പാർട്ടി മത്സരിക്കും
പാട്‌ന: ബിഹാറിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിലേക്ക് പുതിയ പാർട്ടിയെ കൂടി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. നേരത്തെ അദ്ദേഹം സ്ഥാപിച്ച ജൻ സുരാജ് എന്ന സംഘടനയെയാണ് ജൻ സുരാജ് പാർട്ടിയായി പ്രശാന്ത് പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി പാർട്ടി സജീവമാണെന്നും പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗിക അംഗീകാരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
അടുത്ത ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും പാർട്ടി മത്സരിക്കുമെന്ന സൂചനയും അദ്ദേഹം പാർട്ടി പ്രഖ്യാപനത്തിനു പിന്നാലെ നല്‍കി. ഗാന്ധി ജയന്തി ദിനത്തിൽ പട്‌നയിലെ വെറ്ററിനറി കോളജ് ഗ്രൗണ്ടിൽ നടന്ന വൻ റാലിയിലായിരുന്നു പ്രഖ്യാപനം.
ഒരു വർഷത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ നിർണായക നീക്കങ്ങൾക്കായിരിക്കും പ്രശാന്ത് നേതൃത്വം നൽകുന്ന പാർട്ടി വഴിവെക്കുക. മുൻ ഇന്ത്യൻ വിദേശകാര്യ സർവീസ് ഉദ്യോഗസ്ഥൻ മനോജ് ഭാരതിയാണ് പാർട്ടിയെ നയിക്കുക. ബിഹാറിലെ മധുബനി ജില്ലയിൽ നിന്നുള്ള ദലിത് നേതാവും ഐഐടി കാൺപൂർ, ഐഐടി ഡൽഹി എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ ആളുമാണ് മനോജ് ഭാരതി. യുക്രൈൻ, ബെലാറുസ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ ഇന്ത്യൻ അമ്പാസിഡറായിരുന്നു.
അതേസമയം ബിഹാർ തെരഞ്ഞടുപ്പിൽ ജയിക്കുന്ന പക്ഷം സംസ്ഥാനത്തെ മദ്യനിരോധനം അവസാനിപ്പിക്കുമെന്നും ഇതുവഴിയുള്ള വരുമാനം വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്താൻ ഉപയോഗിക്കുമെന്നും കിഷോർ പറഞ്ഞു.
കഴിഞ്ഞ 25- 30 വർഷമായി ജനം ആർജെഡിക്കോ അല്ലെങ്കിൽ ബിജെപിക്കോ എന്ന നിലയിലാണ് വോട്ട് ചെയ്തിരുന്നത്. ആ പതിവ് അവസാനിക്കണം. ബദലായി വരുന്ന പാർട്ടി ഒരിക്കലും ഒരു കുടുംബ പാർട്ടിയാവരുത്. ജനങ്ങളുടെ പാർട്ടിയാകണമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളും സന്ദർശിച്ച് ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ബോധവത്കരിക്കുക, നേതാക്കളുടെ സമ്മർദത്തിന് വഴങ്ങി വോട്ട് ചെയ്യാതിരിക്കാൻ ജനത്തെ പ്രോത്സാഹിപ്പിക്കുക, വിദ്യാഭ്യാസം, കൃഷി, തൊഴിൽ ഉൾപ്പെടെയുള്ള സുപ്രധാന മേഖലകളിൽ സംസ്ഥാനത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുക എന്നിവയെല്ലാമാണ് താൻ ലക്ഷ്യമിടുന്നതെന്ന് പ്രശാന്ത് കിഷോർ വ്യക്തമാക്കി. ബിഹാറിലെ വിദ്യാഭ്യാസ മേഖലയിൽ നിർണായക മാറ്റങ്ങൾ വരുത്തുമെന്ന് പ്രഖ്യാപിച്ച പ്രശാന്ത്, ഈ മേഖലയിൽ കാര്യമായ നവീകരണം ആവശ്യമാണെന്നും പറഞ്ഞു.
രാഷ്ട്രീയപാർട്ടി രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുമെന്ന് ഈ വർഷം ആദ്യം പ്രശാന്ത് കിഷോർ അറിയിച്ചിരുന്നു. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിലെത്തിക്കുന്നതിനും 2015ൽ ബിഹാറിൽ ജെഡിയു നേതാവ് നിതീഷ് കുമാറിനെ അധികാരത്തിലെത്തിക്കുന്നതിനും പ്രശാന്തിന്‍റെ രാഷ്ട്രീയ തന്ത്രങ്ങള്‍ നിർണായക പങ്ക് വഹിച്ചിരുന്നു. പിന്നാലെ ജെഡിയുവില്‍ ചേര്‍ന്ന പ്രശാന്ത്, നിതീഷ് കുമാറുമായുണ്ടായ അഭിപ്രായ ഭിന്നതയോടെ പാര്‍ട്ടി വിട്ടു. തുടര്‍ന്നാണ് ജൻ സുരാജ് എന്ന സംഘടന രൂപീകരിച്ചത്. പിന്നാലെ നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനങ്ങൾ അദ്ദേഹം ഉന്നച്ചിരുന്നു. കോൺഗ്രസുമായി പ്രശാന്ത് ചേരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും കോൺഗ്രസിലെ സംഘടനാ പ്രതിസന്ധികളെ വിമർശിച്ച അദ്ദേഹം അതിൽ നിന്നും പിന്മാറി.
2025 ഒക്ടോബർ- നവംബർ മാസങ്ങളിലാണ് ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. തങ്ങൾക്കു വേണ്ടി തന്ത്രങ്ങൾ മെനഞ്ഞ പ്രശാന്ത് കിഷോർ സ്വന്തമായൊരു രാഷ്ട്രീയ പാർട്ടിയിലൂടെ തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങുമ്പോൾ നിതീഷ് കുമാറിന് അത് വൻ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തുന്നത്.
Adjust Story Font
16