Quantcast

'നിങ്ങൾ വീട്ടിൽ സംസാരിക്കുന്നതൊക്കെ എന്താണ്?'; പൊലീസ് ചോദിച്ചത് വിചിത്ര ചോദ്യങ്ങളെന്ന് മുഹമ്മദ് ജാവേദിന്റെ മകൾ

മുഹമ്മദ് ജാവേദിന്റെ വീട് ഇടിച്ചുനിരത്തിയതിനെതിരെ പ്രതിഷേധം വ്യാപകമാണ്

MediaOne Logo

Web Desk

  • Updated:

    2022-06-12 13:39:46.0

Published:

12 Jun 2022 1:38 PM GMT

നിങ്ങൾ വീട്ടിൽ സംസാരിക്കുന്നതൊക്കെ എന്താണ്?; പൊലീസ് ചോദിച്ചത് വിചിത്ര ചോദ്യങ്ങളെന്ന് മുഹമ്മദ് ജാവേദിന്റെ മകൾ
X

പ്രയാഗ്‌രാജ്: അനധികൃത നിർമാണമെന്നാരോപിച്ച് വെൽഫയർ പാർട്ടി അഖിലേന്ത്യാ കമ്മിറ്റി അംഗം മുഹമ്മദ് ജാവേദിന്റെ വീട് അധികൃതർ സമ്പൂർണമായി പൊളിച്ചുനീക്കി. പ്രവാചക നിന്ദയ്‌ക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു എന്നാരോപിച്ച് കഴിഞ്ഞ ദിവസം ജാവേദിനെ അറസ്റ്റു ചെയ്തതിന് പിന്നാലെയാണ് വീട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കിയത്. വൻ സുരക്ഷാ സന്നാഹമാണ് വീടിനടുത്ത് അധികൃതർ ഒരുക്കിയിരുന്നത്.

വീടിന്റെ രണ്ടു ഭാഗവും ഒരേസമയമാണ് പൊളിച്ചു നീക്കൽ ആരംഭിച്ചത്. ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് കുമാർ ഖത്രിയുടെ നേതൃത്വത്തിലായിരുന്നു നടപടി. ഇന്നലെ രാത്രി മുതൽ തന്നെ ജാവേദിന്റെ വീടിന് ചുറ്റും പൊലീസ് കാവലുണ്ടായിരുന്നു. കെട്ടിടം പൊളിച്ചത് അനധികൃതമാണ് എന്ന് ചൂണ്ടിക്കാട്ടി ജാവേദ് അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

പ്രവാചക നിന്ദയ്‌ക്കെതിരെ പ്രയാഗ്‌രാജിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഭവങ്ങൾക്കു പിന്നിൽ മുഹമ്മദ് ജാവേദ് ആണ് എന്നാണ് പൊലീസ് ആരോപിക്കുന്നത്. കുറ്റം ആരോപിച്ച് കഴിഞ്ഞ ദിവസം അർധരാത്രിയാണ് ഇദ്ദേഹത്തെയും ഭാര്യയെയും മകളെയും അടക്കം അറുപതിലേറെ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.



പിതാവിനെ നിയമവിരുദ്ധമായാണ് കസ്റ്റഡിയിലെടുത്തത് എന്ന് ചൂണ്ടിക്കാട്ടി മകളും ജെഎൻയു സർവകലാശാലയിലെ വിദ്യാർത്ഥി നേതാവുമായ അഫ്രീൻ ഫാത്തിമ രംഗത്തെത്തിയിരുന്നു. അറിയിപ്പോ വാറണ്ടോ ഇല്ലാതെയാണ് അലഹബാദ് പൊലീസ് കുടുംബത്തെ അറസ്റ്റു ചെയ്തു കൊണ്ടുപോയതെന്ന് അഫ്രീൻ ദേശീയ വനിതാ കമ്മിഷന് നൽകിയ പരാതിയിൽ പറയുന്നു.

'അലഹബാദ് പൊലീസ് ഇന്നലെ രാത്രി അന്യായമായി പിടിച്ചു കൊണ്ടുപോയ എന്റെ പിതാവ് ജാവേദ് മുഹമ്മദ്, മാതാവ് പർവീൺ ഫാത്തിമ, സഹോദരി സുമയ്യ ഫാത്തിമ എന്നിവരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയോടെയാണ് ഇതെഴുതുന്നത്, യാതൊരുവിധ അറിയിപ്പോ, വാറന്റോ കൂടാതെയാണ് പൊലീസ് എന്റെ കുടുബത്തെ പിടിച്ചു കൊണ്ടുപോയത്, അവരെവിടെയാണെന്ന് കണ്ടെത്താൻ ഇതുവരെ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല'.- അഫ്രീൻ പരാതിയിൽ വ്യക്തമാക്കി. പിന്നീട് ഞായറാഴ്ച രാവിലെ കുടുംബത്തെ വിട്ടയച്ചു.


മാധ്യമങ്ങളോട് സംസാരിക്കുന്ന ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് കുമാർ ഖത്രി


പൊലീസിന്റേത് വിചിത്ര ചോദ്യങ്ങൾ

അറസ്റ്റിന്റെ തൊട്ടടുത്ത ദിവസമാണ് പ്രയാഗ്‌രാജ് ഡെവലപ്‌മെന്റ് അതോറിറ്റി ഞായറാഴ്ച രാവിലെ പതിനൊന്നു മണിയോടെ വീടൊഴിയാൻ ആവശ്യപ്പെട്ടത്. മെയ് പത്തിന് തന്നെ ജാവേദിന് ഷോക്കേസ് നോട്ടീസ് നൽകിയിരുന്നു എന്നാണ് അതോറിറ്റിയുടെ വാദം. വിഷയത്തിൽ മെയ് 24ന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം അനുസരിച്ചില്ലെന്നും അതോറിറ്റി ആരോപിക്കുന്നു.

എന്നാൽ അധികൃതരുടെ പക്കൽനിന്ന് ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്ന് ജാവേദിന്റെ മകൾ സുമയ്യ ഫാതിമ സ്‌ക്രോൾ ഡോട്ട് ഇന്നിനോട് പറഞ്ഞു. ഭാര്യപർവീൺ ഫാത്തിമയുടെ പേരിലുള്ള വസ്തുവാണ് വീടെന്നും ഇക്കാര്യത്തിൽ ജാവേദിനെ എങ്ങനെയാണ് വിളിപ്പിക്കുന്നതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ ചോദിച്ചു.



ഞായറാഴ്ച പുലർച്ചെ 12.30നാണ് പൊലീസ് തങ്ങളെ കസ്റ്റഡിയിലെടുത്തത് എന്ന് സുമയ്യ പറഞ്ഞു. 'സിവിൽ ലൈൻ വനിതാ പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. ചിലത് ചോദിക്കാനുണ്ടെന്നും അതുകഴിഞ്ഞ പോകാമെന്നുമാണ് പൊലീസ് പറഞ്ഞത്. വീട്ടിൽ എന്താണ് സംസാരിക്കുന്നത്, ഏതു തരത്തിലുള്ള പോസ്റ്റുകളാണ് ഷെയർ ചെയ്യുന്നത് എന്നൊക്കെയാണ് പൊലീസ് ചോദിച്ചത്. ഞങ്ങളെ കുറിച്ച് വിവാദപരമായ എന്തെങ്കിലും കണ്ടെത്താൻ ശ്രമിക്കാനാണ് അവർ ശ്രമിച്ചത്. ഞങ്ങൾ സത്യം മാത്രമാണ് പറഞ്ഞത്.' - അവർ പറഞ്ഞു. ഒരു പുരുഷ ഓഫീസർ മാതാവിനെ അധിക്ഷേപിച്ചു സംസാരിച്ചതായും അവർ പറഞ്ഞു.

അഫ്രീന്റെ ഛായാചിത്രം എടുത്തുകൊണ്ടു പോയ ആളുടെ കൈയിൽ റിപ്പബ്ലിക് ടിവിയുടെ മൈക്ക്

അതിനിടെ, വീട് ഇടിച്ചുനിരത്തുന്നതിനിടെ അഫ്രീന്റെ ഛായാചിത്രം അവിടെയുണ്ടായിരുന്ന ഒരാൾ എടുത്തു കൊണ്ടു പോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. റിപ്പബ്ലിക് ടിവിയുടെ മൈക്ക് കൈയിലേന്തിയ ഒരാളാണ് ചിത്രം എടുത്തു കൊണ്ടുപോകുന്നത്. ഉദ്യോഗസ്ഥരിൽ ഒരാളാണ് ഇയാൾ എന്നാണ് അധികൃതർ അവകാശപ്പെടുന്നത്. 2021ലെ കേരള സന്ദർശനത്തിനിടെ ഫ്രറ്റേണിറ്റി സംസ്ഥാന ഘടകം അഫ്രീന് സമ്മാനിച്ചതാണ് ഛായാ ചിത്രം.



കത്തുന്ന പ്രതിഷേധം

മുഹമ്മദ് ജാവേദിന്റെ വീട് ഇടിച്ചുനിരത്തിയതിനെതിരെ പ്രതിഷേധം വ്യാപകമാണ്. യുപിയിൽ നിയമമില്ലെന്നും അത് ഗുണ്ടാപ്രദേശായി മാറിയെന്നും സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു. 'സമ്പൂർണമായി നിയമപരമായിട്ടും യുപി സർക്കാർ അഫ്രീൻ ഫാത്തിമയുടെ വീട് പൊളിച്ചുനീക്കിയിരിക്കുകയാണ്. യുപിയിൽ നിയമം ബാക്കിയില്ല. അത് ഗുണ്ടാപ്രദേശായി മാറി' - എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.



പട്ടാപ്പകൽ രാജ്യത്തെ പൗരന്മാർ ആക്രമിക്കപ്പെടുമ്പോൾ അവർ മുസ്ലിമായതിനാൽ ആർക്കും പ്രശ്നമില്ലെന്ന് വിദ്യാർത്ഥി നേതാവ് ഗുർമെഹർ കുറ്റപ്പെടുത്തി. 'സ്വന്തം പൗരന്മാർക്കെതിരായ ഭരണകൂട ആക്രമണമാണിത്. പട്ടാപ്പകൽ ആക്രമിക്കപ്പെടുന്നത് നമ്മുടെ മനുഷ്യരാണ്. എന്നാൽ, അവർ മുസ്ലിംകളായത് കൊണ്ട് ആർക്കും പ്രശ്നമില്ല. നിശബ്ദരായിരിക്കുന്നവർ എന്തൊരു നാണക്കേടാണ്!''-ഗുർമെഹർ കൗർ ട്വീറ്റ് ചെയ്തു.

വീട് പൊളിച്ച പൊലീസ് ഉദ്യോഗസ്ഥർ യൂണിഫോമിലെ ക്രിമിനലുകളാണെന്ന് ആൾ ഇന്ത്യാ സ്റ്റുഡൻഡ്‌സ് അസോസിയേഷൻ ദേശീയ വൈസ് പ്രസിഡണ്ട് കവൽപ്രീത് കൗർ പറഞ്ഞു. മുസ്‌ലിംകളുടെ വീടുകൾ പൊളിക്കാനാണ് ബുൾഡോസർ ഉപയോഗിക്കുന്നത്. ബുൾഡോസർ രാഷ്ട്രീയം ഭരണഘടന മാനിക്കുന്നില്ല- അവർ കുറ്റപ്പെടുത്തി.

അഫ്രീന് പിന്തുണയുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിയും മുസ്‌ലിംലീഗ് നേതാവ് എംകെ മുനീറും രംഗത്തെത്തി. ബുദ്ധിമുട്ടേറിയ സമയത്ത് അഫ്രീനോടും കുടുംബത്തോടും സമ്പൂർണമായി ഐക്യപ്പെടുന്നതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

TAGS :

Next Story