Quantcast

പ്രസവവേദനകൊണ്ട് പുളഞ്ഞ് ആശുപത്രിയിലെത്തിയ യുവതിയെ രണ്ടുതവണ തിരിച്ചയച്ചു; മധ്യപ്രദേശിൽ ഉന്തുവണ്ടിയിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു

വാഹനം ലഭിക്കാത്തതിനെ തുടർന്ന് ഉന്തുവണ്ടിയിലാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

MediaOne Logo

Web Desk

  • Published:

    29 March 2025 12:34 PM

Pregnant Woman Loses Child As MP Hospital Refuses Admission
X

രത്‌ലം: ആശുപത്രി അധികൃതർ അഡ്മിറ്റ് ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് ഉന്തുവണ്ടിയിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. മധ്യപ്രദേശിലെ രത്‌ലം ജില്ലയിലാണ് സംഭവം. വാഹനം ലഭിക്കാത്തതിനാൽ ഭർത്താവ് തന്റെ ഉന്തുവണ്ടിയിലാണ് ഭാര്യയെ കൊണ്ടുപോയത്. രണ്ടുതവണ നഴ്‌സുമാർ മടക്കിയതിനെ തുടർന്ന് മൂന്നാംതവണ ഉന്തുവണ്ടിയിൽ കൊണ്ടുപോകുമ്പോഴാണ് യുവതി പ്രസവിച്ചത്.

മാർച്ച് 23ന് രാവിലെ ഒമ്പത് മണിക്കാണ് സൈലാനയിലെ കാളിക മാതാ മന്ദിർ റോഡിൽ താമസിക്കുന്ന കൃഷ്ണ ഗ്വാല തന്റെ ഭാര്യ നീതുവിനെ പ്രസവവേദനയെ തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ നീതുവിനെ അഡ്മിറ്റ് ചെയ്യാൻ വിസമ്മതിച്ച നേഴ്‌സ് ചേതന ചാരെൽ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു മാത്രമേ പ്രസവിക്കൂ എന്ന് പറഞ്ഞ് അവരെ തിരിച്ചയച്ചു. രാത്രി ഒരുമണിയോടെ നീതുവിനെ വീണ്ടും വേദനയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു.

അപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് ഗായത്രി പട്ടിദാർ ഉടൻ പ്രസവമുണ്ടാകില്ലെന്നും 15 മണിക്കൂറെങ്കിലും കഴിയുമെന്നും പറഞ്ഞ് വീണ്ടും മടക്കിയയച്ചു. 24ന് പുലർച്ചെ മൂന്നു മണിയോടെ നീതുവിന് വീണ്ടും പ്രസവവേദന ഉണ്ടായതിനെ തുടർന്ന് കൃഷ്ണ ഗ്വാലയുടെ ഉന്തുവണ്ടിയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് നീതു പ്രസവിച്ചത്. ആവശ്യമായ പരിചരണം ലഭിക്കാത്തതിനെ തുടർന്ന് ജനിച്ച ഉടൻ തന്നെ കുഞ്ഞ് മരിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നും അവർക്കെതിരെ കർശന നടപടി വേണമെന്നും കൃഷ്ണ ഗ്വാല ആവശ്യപ്പെട്ടു.

സംഭവത്തിൽ ജില്ലാ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നീതുവിനെ മടക്കിയയച്ച നഴ്‌സിങ് ഓഫീസർ ചേതന ചാരലിനെ സസ്‌പെൻഡ് ചെയ്തു. കരാർ ജീവനക്കാരിയായ നഴ്‌സ് ഗായത്രി പട്ടിദാറിനെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്‌തെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് മനീഷ് ജയ്ൻ പറഞ്ഞു.

TAGS :

Next Story