ഗർഭിണികളെ അയോഗ്യരാക്കിയിട്ടില്ലെന്ന് ഇന്ത്യൻ ബാങ്ക്; നിലവിലുള്ള മാർഗനിർദേശങ്ങളിൽ മാറ്റമില്ല
ഗർഭിണിയായതിനാൽ ഏതെങ്കിലും ഉദ്യോഗാർഥി ജോലിക്ക് ചേരാൻ കൂടുതൽ സമയം ആവശ്യപ്പെട്ടാൽ അതും അനുവദിക്കാൻ തയ്യാറാണെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കുന്നു.
ന്യൂഡൽഹി: ഗർഭിണികളെ ജോലിയിൽനിന്ന് താൽക്കാലികമായി വിലക്കിയെന്ന വാർത്തകൾ തെറ്റെന്ന് ഇന്ത്യൻ ബാങ്ക്. നിലവിലുള്ള മാർഗനിർദേശങ്ങളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും ഒരു സ്ത്രീക്കും ജോലി നിഷേധിച്ചിട്ടില്ലെന്നും തിങ്കളാഴ്ച ബാങ്ക് അധികൃതർ വ്യക്തമാക്കി.
''സ്ത്രീകളോട് വിവേചനം കാണിക്കുന്ന തരത്തിൽ ബാങ്ക് ചില മാർഗനിർദേശങ്ങൾക്ക് രൂപം നൽകിയതായി ഒരു വിഭാഗം മാധ്യമങ്ങൾ വ്യാഖ്യാനിക്കുന്നുണ്ട്. നിലവിലുള്ള മാർഗനിർദേശങ്ങളിൽ ബാങ്ക് ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് ഈ സാഹചര്യത്തിൽ വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്''-ഇന്ത്യൻ ബാങ്ക് പ്രസ്താവനയിൽ വ്യക്തമാക്കി.
ഗർഭം 12 ആഴ്ചയിൽ താഴെയുള്ളതാണെങ്കിൽ ഉദ്യോഗാർഥികൾക്ക് ജോലിക്ക് നേരിട്ട് ജോയിൻ ചെയ്യാവുന്നതാണ്. 12 ആഴ്ചകൾക്ക് ശേഷം, ബാങ്കിൽ ജോലി ഏറ്റെടുക്കാൻ ആരോഗ്യപരമായി ശേഷിയുള്ളവരാണെന്ന് മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കും ജോലിക്ക് ചേരാവുന്നതാണ്-ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഗർഭിണിയായതിനാൽ ഏതെങ്കിലും ഉദ്യോഗാർഥി ജോലിക്ക് ചേരാൻ കൂടുതൽ സമയം ആവശ്യപ്പെട്ടാൽ അതും അനുവദിക്കാൻ തയ്യാറാണെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കുന്നു. ഗർഭിണികളായ സ്ത്രീകളെ ജോലിക്ക് ചേരുന്നതിൽനിന്ന് വിലക്കി ഇന്ത്യൻ ബാങ്ക് സർക്കുലർ പുറത്തിറക്കിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ സ്ത്രീ വിരുദ്ധ നിലപാട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിന് നോട്ടീസ് നൽകിയിരുന്നു. റിസർവ് ബാങ്കിനോടും വിഷയത്തിൽ ഇടപെടണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു.
Adjust Story Font
16