Quantcast

രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ; ബംഗാളിൽ എം.എൽ.എമാരെ ഹോട്ടലിലേക്ക് മാറ്റി ബി.ജെ.പി

മഹാരാഷ്ട്രയിലും ബി.ജെ.പി, ഏക്‌നാഥ് സിൻഡെ ശിവസേനാ വിഭാഗം എം.എൽ.എമാരെ മുംബൈയിലെ സ്വകാര്യ ഹോട്ടലിലെത്തിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    17 July 2022 4:13 PM GMT

രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ; ബംഗാളിൽ എം.എൽ.എമാരെ ഹോട്ടലിലേക്ക് മാറ്റി ബി.ജെ.പി
X

കൊൽക്കത്ത: നാളെ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി എം.എൽ.എമാരെ ഹോട്ടലിലേക്ക് മാറ്റി ബി.ജെ.പി. ആകെയുള്ള 69 എം.എൽ.എമാരെയെും കൊൽക്കത്തയിലെ ന്യൂ ടൗണിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണ് മാറ്റിയിരിക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിന് സാധ്യതയുള്ളത് മുൻകൂട്ടിക്കണ്ടാണ് നടപടി.

നാളെ രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ തൊട്ടുമുൻപ് എം.എൽ.എമാരെ നിയമസഭയിലെത്തിക്കാനാണ് ബി.ജെ.പി നേതൃത്വം ആലോചിക്കുന്നത്. അതിനുമുൻപ് എം.എൽ.എമാരെ തൃണമൂൽ കോൺഗ്രസ് നേതൃത്വം അടക്കം വലയിട്ടു പിടിക്കാൻ സാധ്യതയുണ്ടെന്നാണ് ബി.ജെ.പി ഭയക്കുന്നത്. ബംഗാളിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു രാഷ്ട്രീയനീക്കം നടക്കുന്നത്.

അതേസമയം, രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എങ്ങനെ വോട്ട് ചെയ്യണമെന്നതടക്കമുള്ള കാര്യങ്ങളിൽ നിയമസഭാ സാമാജികർക്ക് പരിശീലനം നൽകാനാണ് ഹോട്ടലിലെത്തിച്ചിരിക്കുന്നതെന്ന് ബി.ജെ.പി നേതാക്കൾ പ്രതികരിച്ചു. നാളെ എല്ലാവരെയും നിയമസഭയിലെത്തിക്കുമെന്നും നേതാക്കൾ അറിയിച്ചു. എന്നാൽ, ഒരു വിഭാഗം ബി.ജെ.പി നേതാക്കൾ തന്നെ നടപടിയിൽ ആശ്ചര്യം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് പരിശീലനത്തിന്റെ ആവശ്യമൊന്നുമില്ലെന്നും എം.എൽ.എ ഹോസ്റ്റലിൽ തന്നെ അവരെ നിൽക്കാൻ അനുവദിക്കാമായിരുന്നുവെന്നും ഒരു മുതിർന്ന നേതാവ് പ്രതികരിച്ചു.

മഹാരാഷ്ട്രയിലും ബി.ജെ.പി, ഏക്‌നാഥ് സിൻഡെ ശിവസേനാ വിഭാഗം എം.എൽ.എമാരെ മുംബൈയിലെ സ്വകാര്യ ഹോട്ടലിലെത്തിച്ചിട്ടുണ്ട്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പരിശീലനം നൽകാനാണ് എം.എൽ.എമാരെ വിളിപ്പിച്ചിരിക്കുന്നതെന്നാണ് വിശദീകരണം. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഹോട്ടലിലുണ്ട്.

ഗോവയിലും സമാനമായി ബി.ജെ.പി, കോൺഗ്രസ് എം.എൽ.എമാരെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. കോൺഗ്രസ് തങ്ങളുടെ 11 എം.എൽ.എമാരിൽ അഞ്ചുപേരെ ചെന്നൈയിലെ ഹോട്ടലിലാണ് എത്തിച്ചിരിക്കുന്നത്.

Summary: BJP in Bengal has shifted all its 69 MLAs in the state Assembly to a hotel ahead of presidential elections tomorrow

TAGS :

Next Story