ശരത് പവാറിനെ പിന്തിരിപ്പിക്കാൻ സമ്മർദ ശ്രമം; രാജി പിൻവലിക്കാൻ സാധ്യത
ദേശീയ ജനറൽ സെക്രട്ടറി അടക്കമുള്ള നേതാക്കൾ രാജിവെച്ചു
ന്യൂഡൽഹി: എൻ.സി.പി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശരദ് പവാറിനെ പിന്തിരിപ്പിക്കാൻ നേതാക്കളുടെ സമ്മർദനീക്കം. ശരദ് പവാർ അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ എൻ.സി.പിയിൽ നേതാക്കൾ കൂട്ടമായി രാജിവച്ചു. ശരത് പവാറിനെ തീരുമാനത്തിൽനിന്ന് പിൻമാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായിയാണ് രാജിയെന്നാണ് സൂചന.
മുതിർന്ന നേതാവ് ജിതേന്ദ്ര അവ്ഹദ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു. മറ്റൊരു നേതാവായ അനിൽ പാട്ടീൽ എം.എൽ.എ സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് അപ്രതീക്ഷിത തീരുമാനത്തിലൂടെ ശരത് പവാർ അധ്യക്ഷസ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്.
മുംബൈയിൽ നടന്ന ആത്മകഥാ പ്രകാശന ചടങ്ങിൽവെച്ചാണ് പവാർ പാർട്ടിചുമതല ഒഴിയുന്ന കാര്യം പ്രഖ്യാപിച്ചത്.പുതിയ അധ്യക്ഷനെ മുതിർന്ന നേതാക്കളുടെ സമിതി തീരുമാനിക്കുമെന്ന് പവാർ പറഞ്ഞു.മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സർക്കാർ രൂപീകരിക്കാൻ ശിവസേനയും കോൺഗ്രസും എൻസിപിയും തമ്മിൽ സഖ്യമുണ്ടാക്കുന്നതിൽ രാജ്യത്തെ മുൻനിര പ്രതിപക്ഷ നേതാക്കളിലൊരാളായ പവാറിന് വലിയ പങ്കുണ്ട്.
1999 ലാണ് എൻ.സി.പി രൂപീകരിക്കുന്നത്. അന്നുമുതൽ ശരത് പവാറായിരുന്നു എൻ.സി.പിയുടെ അധ്യക്ഷ സ്ഥാനം വഹിച്ചിരുന്നത്.
Adjust Story Font
16